
ഇടുക്കി: കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രഹരം നേപ്പാളിനെ ദുരന്തഭൂമിയാക്കിയതോടെ, ഓർക്കാപ്പുറത്തെ ഒരു ആഘാതവും താങ്ങാനാവാത്ത മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ചുള്ള ആശങ്കയ്ക്ക് അറുതിയില്ലാതായി. ഭൂചലന സാദ്ധ്യതാ മേഖലയിലാണ് (സീസ്‌മിക് സോൺ -3) മുല്ലപ്പെരിയാർ ഡാം. കൊടിയ പേമാരിക്കോ മേഘവിസ്‌ഫോടനത്തിനോ സാദ്ധ്യതയുള്ള വൃഷ്ടി പ്രദേശത്തുമാണ്. ഒക്ടോബറിൽ 131 വയസ് തികയുന്ന ഡാം വാർദ്ധക്യസഹജമായ കടുത്ത അവശതയിലാണ്.
ഗുരുത്വാകർഷണ ബലത്തിൽ നിലകൊള്ളുന്ന ഗ്രാവിറ്റി ഡാം ആണെന്നാണ് സങ്കല്പം. എന്നാൽ ജലസമ്മർദ്ദം നേരിടുന്ന ഭാഗം ഗ്രാവിറ്റി ഡാമിന്റെ മട്ടിലല്ല. ലംബമാന സ്വഭാവത്തിലാണ്. കുമ്മായം അടങ്ങിയ സുർക്കി മിശ്രിതത്തിലാണ് നിർമ്മാണം. ഡാമിൽനിന്ന് ഓരോ വർഷവും 30 ടൺ ദ്രവിച്ചും അടർന്നും സംഭരണയിലേക്ക് വീഴുന്നുവെന്നാണ് പഠനത്തിലെ കണ്ടെത്തൽ.
ഡാമിന് എന്തെങ്കിലും സംഭവിച്ചാലുള്ള മഹാപ്രളയം തടയാൻ ഇടുക്കി ഡാമിന് സാധിക്കില്ല. ഇതാണ് എറണാകുളം അടക്കമുള്ള അഞ്ച് ജില്ലകൾക്കുള്ള ഭീഷണി. 40 ലക്ഷം പേരുടെ ജീവനും സ്വത്തും ഈ ഭീഷണിയുടെ നിഴലിലാണ്.
അതുകൊണ്ടാണ് പുതിയ ഡാം വേണമെന്ന് കേരളം ആവശ്യപ്പെടുന്നത്. കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവുമെന്നതാണ് കേരളത്തിന്റെ നിലപാട്. എന്നാൽ പുതിയ ഡാമിനോട് മുഖംതിരിക്കുന്ന തമിഴ്നാട്, 2014ലെ സുപ്രീംകോടതി ഉത്തരവ് ഉയർത്തിക്കാട്ടി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കണമെന്നും ആവശ്യപ്പെടുന്നു. മുല്ലപ്പെരിയാറിനോട് ചേർന്നുള്ള തമിഴ്നാട് പ്രദേശങ്ങളിലെ വോട്ട് ബാങ്കിനാണ് അവിടത്തെ രാഷ്ട്രീയ കക്ഷികൾക്ക് എപ്പോഴും പ്രധനം.
ശക്തമായ ഭൂചനം താങ്ങാനാവില്ല
1. റിക്ടർ സ്‌കെയിലിൽ 5.5 രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടായാൽ മുല്ലപ്പെരിയാർ ഡാമിന് ഭീഷണിയെന്നാണ് റൂർക്കി ഐ.ഐ.ടിയുടെ പഠനം
2. മേഘവിസ്‌ഫോടനങ്ങളും അതിതീവ്ര മഴയും കാരണം ഡാം പെട്ടെന്ന് നിറയും. ഡാം കവിഞ്ഞ് ആറു മണിക്കൂറോളം ജലമൊഴുകിയാൽ ഡാമിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഡൽഹി ഐ.ഐ.ടി പഠനവും പറയുന്നു
3. അങ്ങനെയുണ്ടായാൽ പാറകളും മരങ്ങളുമടക്കം കുത്തിയൊലിച്ചെത്തി താഴെയുള്ള ഇടുക്കി ഡാമിന്റെ സുരക്ഷയേയും ബാധിച്ചേക്കാം.
സുരക്ഷാ പരിശോധന നാളെ
നാഷണൽ ഡാം സേഫ്റ്റി അതോറിട്ടിയുടെ കീഴിലുള്ള കോംപ്രിഹെൻസീവ് ഡാം സേഫ്റ്റി ഇവാല്യുവേഷനിലെ (സി.ഡി.എസ്.ഇ) അംഗങ്ങൾ നാളെ മുല്ലപ്പെരിയാറിലെത്തി സമഗ്ര സുരക്ഷാ പരിശോധന നടത്തും. കേരളാ പ്രതിനിധി അശുതോഷ് ഡാഷും ഒപ്പമുണ്ടാകും. അടുത്ത ദിവസങ്ങളിൽ കേരള- തമിഴ്നാട് പ്രതിനിധികൾ പങ്കെടുക്കുന്ന ചർച്ച നടക്കും.
'സുപ്രീംകോടതിയിൽ സീനിയർ അഭിഭാഷകൻ മോഹൻ കട്ടാർക്കിയുടെ നേതൃത്വത്തിലുള്ള പുതിയ അഭിഭാഷക സംഘത്തെ മുല്ലപ്പെരിയാർ വിഷയത്തിൽ ഫലപ്രദമായി ഇടപെടുന്നതിനായി നിയോഗിച്ചിട്ടുണ്ട്. സെപ്തംബർ അവസാനത്തോടെ ഡൽഹിയിൽ ഉന്നതതല യോഗം വിളിച്ച് തുടർനടപടികൾ സ്വീകരിക്കും".
-മന്ത്രി മോൻസ് ജോസഫ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |