
തിരുവനന്തപുരം: അടങ്കൽ തുക കുറയ്‌ക്കുന്നതിന് ശബരിമലയിലേക്കുള്ള ഇ-ടെൻഡിംഗ് അട്ടിമറിക്കാൻ ശ്രമം. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ചില ഉദ്യോഗസ്ഥരും ഇടനിലക്കാരുമടങ്ങുന്ന ലോബിയാണ് പിന്നിൽ. 5000 മെട്രിക് ടൺ ശർക്കരയും 1400 മെട്രിക് ടൺ ഉണക്കലരിയും വാങ്ങാനായിരുന്നു ടെൻഡർ.
അട്ടിമറിക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർ ടെൻഡർ പരസ്യത്തിൽ നിരതദ്രവ്യവും രേഖപ്പെടുത്തിയില്ല. പമ്പ വരെ മാത്രം സാധനങ്ങൾ എത്തിച്ചാൽ മതിയെന്ന വ്യവസ്ഥയും ഒഴിവാക്കി. കൂടുതൽ കരാറുകാർ പങ്കെടുക്കാനാണ് ഈ വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നത്. ആശയവിനിമയം ഓൺലൈൻ വഴിയാക്കി. ഇടനിലക്കാരെ ഒഴിവാക്കാനാണ് ഇ-ടെൻഡർ വിളിച്ചത്.
ആഗസ്റ്റ് ഏഴിന് വിളിച്ച ടെൻഡറിൽ ഒരാൾ മാത്രമാണ് പങ്കെടുത്തത്. ഇതോടെ ശർക്കര, ഉണക്കലരി, 40 മെട്രിക് ടൺ ചുക്ക്, 3 മെട്രിക് ടൺ ചുക്ക്‌പൊടി, 20 മെട്രിക് ടൺ ജീരകം എന്നിവയ്‌ക്കായി വീണ്ടും ടെൻഡർ വിളിച്ചു. പക്ഷേ പങ്കെടുത്തത് രണ്ടു പേർ മാത്രം. മൂന്നു ടെൻഡറെങ്കിലും കിട്ടിയാലോ ചർച്ച നടത്തി കരാർ ഉറപ്പിക്കാനാകൂ.
കേരളത്തിൽ കൂടുതൽ ശർക്കര ഉപയോഗിക്കുന്നത് ശബരിമലയിലാണ്. മഹാരാഷ്ട്രയിലാണ് ശർക്കര ഉത്പാദകരും വിതരണക്കാരും കൂടുതലുള്ളത്. ഇവരാരും ടെൻഡറിൽ പങ്കെടുത്തില്ല. ഇതോടെയാണ് കരാറെടുക്കുന്നത് ഉത്പാദകരോ വിതരണക്കാരോ അല്ലെന്ന് ബോർഡിന് വ്യക്തമായത്.
വിതരണക്കാരെ തെറ്റിദ്ധരിപ്പിച്ചത് ഇടനിലക്കാർ
മഹാരാഷ്ട്രയിലെ ശർക്കര വിതരണക്കാർക്ക് കൂടി പങ്കെടുക്കാൻ മറാത്തി പത്രങ്ങളിലുൾപ്പെടെ ബോർഡ് പരസ്യം നൽകിയിരുന്നു. ആരും പങ്കെടുക്കാതിരുന്നതോടെ ബോർഡ് ഇതേക്കുറിച്ച് അന്വേഷിച്ചു. ബോർഡിൽ നിന്ന് പണം കിട്ടില്ലെന്ന് ഇടനിലക്കാർ അറിയിച്ചെന്നായിരുന്നു മറുപടി. കരാറുകാർ എത്താത്തിനാൽ ടെൻഡർ നടപടി അനിശ്ചതിമായി നീളും. ചട്ടമനുസരിച്ച് റീ ടെൻഡറിംഗിന് നിശ്ചിത ദിവസം കഴിയണം. പത്രപരസ്യം, ടെൻഡർ സമർപ്പിക്കാനുള്ള സാവകാശം എന്നിവയും നൽകണം. കരാറുകാർ ടെൻഡറിൽ പങ്കെടുത്തില്ലെങ്കിൽ അടങ്കൽ തുക കുറയ്‌ക്കാനും നിബന്ധനകളിൽ ഇളവ് നൽകാനും ബോർഡ് നിർബന്ധിതമാകും.
കോടികൾ ചെലവാകുന്ന ശബരിമല
ഒരുവർഷം സാധനം വാങ്ങാനുള്ള ചെലവ്- 40 കോടി
ശർക്കരയ്ക്ക് മാത്രം ചെലവാകുന്നത്- 16 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |