ആലപ്പുഴ: ഗ്യാസ് സിലിണ്ടർ ചോർന്ന് ടിൻ ഷീറ്റിട്ടിരുന്ന രണ്ട് മുറി വീട് പൂർണമായി കത്തി നശിച്ചു. അപകടസമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ആലപ്പുഴ പാതിരാപ്പള്ളി പാട്ടുകളം സുഹറാ മൻസിലിൽ സഫിയയുടെ വീടാണ് അഗ്നിക്കിരയായത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നതും ആടിന്റെ കരച്ചിലും കേട്ട നാട്ടുകാരാണ് ആദ്യം സംഭവം കണ്ടത്. തുടർന്ന് ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. ഫയർ ഫോഴ്സ് യൂണിറ്റ് എത്തും മുമ്പ് നാട്ടുകാർ ചേർന്ന് തീ കെടുത്തിയിരുന്നു. വളർത്തുപൂച്ച വീടിനുള്ളിൽ വെന്തുമരിച്ചു. ഒരു ആടിന് പൊള്ളലേറ്റു. ആലപ്പുഴ നിലയത്തിലെ ഒരു വാഹനം കേടായതിനാലും രണ്ടാമത്തെ വാഹനത്തിന് മറ്റൊരും അപകടസ്ഥലത്തേക്ക് പോകേണ്ടി വന്നതിനാലും ഫയർഫോഴ്സ് ചേർത്തല യൂണിറ്റാണ് സ്ഥലത്തെത്തിയത്. ലോട്ടറി വിൽപ്പന നടത്തുന്ന സഫിയയും മകൻ അനൂപുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഉടുതുണിക്ക് മറുതുണിയില്ലാത്ത വിധം കിടപ്പാടം നഷ്ടപ്പെട്ടതോടെ എങ്ങനെ മുന്നോട്ട് പോകുമെന്നറിയാത്ത നിസഹായവസ്ഥയിലാണ് കുടുംബം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |