ആലപ്പുഴ : പിതൃസ്‌മരണയിൽ ജില്ലയിൽ ബലിതർപ്പണ പുണ്യം നേടിയത് പതിനായിരങ്ങൾ. ഇന്നലെ പുലർച്ചെ മുതൽ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ ബലിതർപ്പണ ചടങ്ങുകൾ നടന്നു. ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രമായ തൃക്കുന്നപ്പുഴ ധർമ്മശാസ്താ ക്ഷേത്രത്തിൽ പുലർച്ചെ മുതൽ ബലിതർപ്പണം ആരംഭിച്ചു. ക്ഷേത്രത്തിന്റെ പടിഞ്ഞാറ് അറബിക്കടലോരത്തെ 30 ബലിപ്പുരകളിലായിട്ടായിരുന്നു ബലിതർപ്പണം. ഭക്തജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ക്ഷേത്രത്തിലും കടൽതീരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
ആലപ്പുഴ തിരുവമ്പാടി ക്ഷേത്രം, കിടങ്ങാംപറമ്പ് ക്ഷേത്രം, കളപ്പുര ശ്രീഘണ്ഠാകർണ്ണ സ്വാമി ക്ഷേത്രം, കുട്ടനാട് വെളിയനാട് ശിവാനന്ദപുരം ക്ഷേത്രം, ഒന്നാംകര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കാവാലം നാരകത്തറ ക്ഷേത്രം,ചക്കുളത്തുകാവ് ക്ഷേത്രം, മണലാടി ചെറുവള്ളിക്കാവ്,കുന്നംകരി എസ്.എൻ.ഡി.പി ക്ഷേത്രം, കൈനടി കരുമാത്ര ക്ഷേത്രം,കരുവാറ്റ ശ്രീനാരായണ ധർമ്മസേവാസംഘം, കൊറ്റൻകുളങ്ങര മഹാവിഷ്ണു ക്ഷേത്രം, മാരാരിക്കുളം മഹാദേവ ക്ഷേത്രം, ചേർത്തല വേളോർവട്ടം മഹാദേവ ക്ഷേത്രം, കണ്ടമംഗലം മഹാദേവി ക്ഷേത്രം, കണിച്ചുകുളങ്ങര ക്ഷേത്രം,അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ കോമന കടപ്പുറം എന്നിവിടങ്ങളിൽ പതിനായിരങ്ങൾ ബലിതർപ്പണത്തിന് പങ്കുചേർന്നു.
ചേർത്തല മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രത്തിൽ കർക്കടക വാവിനോടനുബന്ധിച്ച് പ്രധാന വഴിപാടായ താളുകറിയും നമസ്കാരച്ചോറും വിതരണം ചെയ്തു . തൃക്കുന്നപ്പുഴ കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ ബലിതർപ്പണത്തിനെത്തുന്ന മാവേലിക്കര കണ്ടിയൂർ ആറാട്ടുകടവിലും പുലർച്ചെ ബലിതർപ്പണം ആരംഭിച്ചു. ബലിതർപ്പണത്തിനായി സ്നാനഘട്ടങ്ങളിലേക്ക് ഭക്‌തരുടെ ഒഴുക്കായിരുന്നു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും കുട്ടികളും സ്ത്രീകളും ഉൾപ്പെടെ പതിനായിരങ്ങളാണ് ചടങ്ങുകൾക്ക് എത്തിയത്. ബലിതർപ്പണ കേന്ദ്രങ്ങളോടനുബന്ധിച്ചുള്ള ക്ഷേത്രങ്ങളിൽ തിലഹോമത്തിനും പിതൃ പൂജയ്ക്കുമുള്ള സൗകര്യവും ഒരുക്കിയിരുന്നു.
കട്ടച്ചിറ ചെറുമണ്ണിൽ മഹാവിഷ്‌ണു ക്ഷേത്രത്തിൽ പിതൃതർപ്പണത്തിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. വിവിധ ഡിപ്പോകളിൽനിന്ന് തൃക്കുന്നപ്പുഴയുൾപ്പെടെ ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസുകൾ നടത്തിയിരുന്നു.
തദ്ദേശ സ്ഥാപനങ്ങൾ , ആരോഗ്യവകുപ്പ്, ദേവസ്വം ബോർഡ്, പൊലീസ്, അഗ്നിരക്ഷാസേന എന്നിവയുടെ നേതൃത്വത്തിൽ പ്രത്യേക ക്രമീകരണങ്ങളും ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കിയിരുന്നു. മെഡിക്കൽ, ആംബുലൻസ് സേവനങ്ങൾക്ക് പുറമെ ബലിതർപ്പണ കേന്ദ്രങ്ങളിൽ ഭക്‌ത ജനങ്ങൾക്ക് ലഘു ഭക്ഷണ വിതരണവും നടന്നു. ഹരിത പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ബലിതർപ്പണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |