SignIn
Kerala Kaumudi Online
Monday, 11 May 2026 11.48 AM IST

പലവൻപുഴ ഒളിഞ്ഞിരിക്കുന്ന മരണക്കയം

Increase Font Size Decrease Font Size Print Page
palavan

കോതമംഗലം: ഞായറാഴ്ച അവധി ആഘോഷിക്കാനായി വടാട്ടുപാറ പലവൻപുഴയിലെത്തിയ ഡെന്റൽ വിദ്യാർത്ഥികളുടെ യാത്ര ദുരന്തത്തിൽ കലാശിച്ചതിന്റെ ഞെട്ടലിലാണ് നാട്ടുകാരും സുഹൃത്തുക്കളും. ഇന്നലെ ഉച്ചയോടെ പന്ത്രണ്ടു മണിയോടെയാണ് ഒൻപതംഗ സംഘം കോളേജ് ഹോസ്റ്റലിൽനിന്ന് യാത്ര തിരിച്ചത്. ബൈക്കുകളിലായിരുന്നു യാത്ര. വടാട്ടുപാറ പലവൻപുഴയിൽ കുളിക്കാനിറങ്ങി മിനിറ്റുകൾക്കകം അപകടം സംഭവിച്ചു. മൂന്നുപേരുടെ മരണത്തിന് സാക്ഷികളാകേണ്ടി വന്ന ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികളിപ്പോഴും ആഘാതത്തിലാണ്. എം.ബി.എം.എം. അസോസിയേഷൻ സെക്രട്ടറി സലിം ചെറിയാൻ, മാർ തോമാ ചെറിയപള്ളി ട്രസ്റ്റി ബിനോയി മണ്ണഞ്ചരി എന്നിവരുടെ നേതൃത്വത്തിൽ മാനേജ്‌മെന്റ് പ്രതിനിധികൾ സംഭവസ്ഥലത്തെത്തി തുടർനടപടികൾക്ക് നേതൃത്വം നൽകി. പ്രിൻസിപ്പൽ ഡോ. ബൈജു പോൾ കുര്യനും മറ്റ് അദ്ധ്യാപകരും വിദ്യാർത്ഥികളും മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ള മാർ ബസേലിയോസ് ആശുപത്രിയിലെത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൂന്നുപേരുടെയും മൃതദേഹങ്ങൾ കോളേജിൽ പൊതുദർശനത്തിന് വയ്ക്കും.

20ൽ അധികം പേർ മുങ്ങിമരിച്ചു

വടാട്ടുപാറ പലവൻപുഴയിൽ 2010ന് ശേഷം ഇതുവരെ ഇരുപതിലധികം പേർ മുങ്ങിമരിച്ചിട്ടുണ്ടെന്നാണ് നാട്ടുകാരുടെ കണക്ക്. മിക്ക അപകടങ്ങളിലും ഒന്നിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. അവധി ദിവസങ്ങളിലാണ് അപകടങ്ങളേറെയും സംഭവിക്കുന്നത്. പുറത്തുനിന്നുള്ളവരാണ് അപകടത്തിൽപ്പെടുന്നവരിലേറെയും. പ്രകൃതിഭംഗിയാൽ ആകർഷിക്കപ്പെട്ടെത്തുന്ന സഞ്ചാരികൾ പുഴയിലെ അപകടാവസ്ഥ തിരിച്ചറിയാത്തതാണ് ദുരന്തങ്ങൾക്ക് കാരണം.

അടിത്തട്ടിലെ മണലിൽ കാൽ താഴുന്നതും അടിയൊഴുക്കിൽപ്പെടുന്നതും അപകടത്തിന് കാരണമാകുന്നു. ചുഴിയും അടിയൊഴുക്കും ഇവിടെ അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. അപകടങ്ങൾ പതിവായതോടെ ഗ്രാമപഞ്ചായത്തും വനംവകുപ്പും പുഴയിൽ ഇറങ്ങരുതെന്ന കർശന നിർദ്ദേശവുമായി മുന്നറിയിപ്പ് ബോർഡുകളും ഫെൻസിംഗും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇവ അവഗണിച്ചും ആളുകൾ പുഴയിൽ ഇറങ്ങുന്നത് പതിവാണ്. ഇടമലയാറിൽ വൈദ്യുതി ഉൽപ്പാദനത്തിന്റെ തോതനുസരിച്ച് പുഴയിലെ ഒഴുക്കിലും ജലനിരപ്പിലും പെട്ടെന്ന് മാറ്റമുണ്ടാകാറുണ്ട്. ഒഴുക്കിന്റെ ശക്തി പെട്ടെന്ന് വർദ്ധിക്കുന്നത് പുഴയിലുള്ളവരെ അപകടത്തിലാക്കും. നീന്തൽ അറിയാത്തവർക്ക് ഇവിടം അതീവ അപകടകരമാണ്. തുടർച്ചയായുണ്ടാകുന്ന ഇത്തരം ദുരന്തങ്ങൾ വടാട്ടുപാറ നിവാസികളെയും ദുഃഖത്തിലാഴ്ത്തുന്നു.

വടാട്ടുപാറയിലേക്ക് ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നത് പലവൻപുഴയും നിബിഡവനവുമാണ്. വനംവകുപ്പുമായി സഹകരിച്ച് അവധി ദിവസങ്ങളിൽ ഒരു ഗാർഡിനെ നിയോഗിക്കുന്നതിനുള്ള നിർദ്ദേശം മുന്നോട്ടുവയ്‌ക്കും

എൽദോസ് ബേബി,

വൈസ് പ്രസിഡന്റ്,

കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL