SignIn
Kerala Kaumudi Online
Sunday, 31 May 2026 3.22 AM IST

 വർണ്ണക്കുടകളും തോരണങ്ങളുമായി പ്രവേശനോത്സവ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

g

കൊച്ചി: പുത്തൻകുട ചൂടി പുത്തനുടുപ്പിട്ട് അക്ഷരമുറ്റത്തേക്കെത്തുന്ന കുരുന്നുകളെ വരവേൽക്കാൻ ജില്ലയിലെ വിദ്യാലയങ്ങൾ സജ്ജം. വേനലവധിയുടെ ആലസ്യം വെടിഞ്ഞ് വിദ്യാലയമുറ്റങ്ങൾ വീണ്ടും സജീവമാകുമ്പോൾ, പ്രവേശനോത്സവം അവിസ്മരണീയമാക്കാനുള്ള അവസാനഘട്ട മിനുക്കുപണികളിലാണ് അദ്ധ്യാപകരും പി.ടി.എയും. ജില്ലയിൽ 18,000 വിദ്യാ‌‌ർത്ഥികളാണ് ഇക്കുറി ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്നത്. പേഴയ്ക്കാപ്പിള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് ജില്ലാതലസ്കൂൾ പ്രവേശനോത്സവം. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ജില്ലാതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. മാത്യു കുഴൽനാടൻ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷനാകും.

ജില്ലാതല ആഘോഷങ്ങൾക്ക് പുറമെ ഉപജില്ലാ-സ്കൂൾ തലങ്ങളിലും വിപുലമായ പരിപാടികളാണുള്ളത്.

സുരക്ഷയ്ക്ക് മുൻഗണന

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യം മുൻനിറുത്തി വിപുലമായ ശുചീകരണ പ്രവർത്തനങ്ങളാണ് ജില്ലയിലെ സ്കൂളുകളിൽ നടക്കുന്നത്. ക്ലാസ് മുറികളും സ്കൂൾ പരിസരവും ബ്ലീച്ചിംഗ് പൗഡറും അണുനാശിനികളും ഉപയോഗിച്ച് വൃത്തിയാക്കി.

സ്കൂളുകളിലെ കിണറുകളും വാട്ടർ ടാങ്കുകളും ക്ലോറിനേഷൻ നടത്തി ശുദ്ധീകരിച്ചു. പ്ലാസ്റ്റിക് ഒഴിവാക്കി പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് ഇത്തവണയും പ്രവേശനോത്സവം.

കുട്ടികളെ കാത്തിരിക്കുന്നത് വർണലോകം

ആദ്യമായി സ്കൂളിലെത്തുന്ന ഒന്നാം ക്ലാസുകാരുടെ പേടി മാറ്റാൻ ആകർഷകമായ മാറ്റങ്ങളാണ് പ്രൈമറി ക്ലാസ് മുറികളിൽ വരുത്തിയിട്ടുള്ളത്. മിക്ക സ്കൂളുകളിലും ചുവരുകളിൽ കാർട്ടൂൺ കഥാപാത്രങ്ങളും പ്രകൃതിദൃശ്യങ്ങളും വരച്ചുചേർത്തു. നവാഗതർക്ക് നൽകാനായി മധുരപലഹാരങ്ങളും പുസ്തകങ്ങളും പെൻസിലുകളും ഉൾപ്പെടുന്ന 'പ്രവേശന കിറ്റുകളും' ഒരുക്കിയിട്ടുണ്ട്. ബാലസഭകളുടെയും മറ്റ് ക്ലബുകളുടെയും നേതൃത്വത്തിൽ കുട്ടിക്കൂട്ടത്തെ വരവേൽക്കാൻ പാട്ടുകളും ലഘുനാടകങ്ങളും സ്കൂളുകളിൽ പരിശീലിക്കുന്നു.

ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് നേട്ടോട്ടം

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കാൻ കർശന നിർദ്ദേശമാണ് നൽകിയിരുന്നത്. എന്നാൽ ഇന്നലെയും പ്രധാനദ്ധ്യാപക‌‌‌‌ർ ഫിറ്റ്നസ് സ‌ർട്ടിഫിക്കറ്റിനായി തദ്ദേശ സ്ഥാപനങ്ങൾ കയറിയിറങ്ങി. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ ഒരു കാരണവശാലും ക്ലാസുകൾ നടത്തില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. സ്കൂൾ വാഹനങ്ങളുടെ മെക്കാനിക്കൽ ഫിറ്റ്നസും ഡ്രൈവർമാരുടെ പശ്ചാത്തലവും മോട്ടോർ വാഹനവകുപ്പ് കർശനമായി പരിശോധിച്ചു.

ലഹരിക്കെതിരെ ജാഗ്രതാ മതിലുകൾ

പുതിയ അദ്ധ്യയനവർഷം ആരംഭിക്കുമ്പോൾ സ്കൂൾ പരിസരങ്ങളിൽ ലഹരിവസ്തുക്കളുടെ വില്പനയും ഉപയോഗവും തടയുന്നതിനായി എക്സൈസ്-പൊലീസ് വകുപ്പുകളുടെ നേതൃത്വത്തിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ ജാഗ്രതാ സമിതികൾ ആദ്യ ആഴ്ചകളിൽ തന്നെ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL