SignIn
Kerala Kaumudi Online
Sunday, 31 May 2026 3.22 AM IST

പര്യത്ത്കാവ് ഭൂമിവിവാദം: സർക്കാർ നീക്കങ്ങൾക്ക് വെല്ലുവിളിയായി ഉന്നതി നിവാസികളുടെ നിലപാട്

കിഴക്കമ്പലം: മലയിടംതുരുത്ത് പര്യത്ത്കാവ് ഭൂവിവാദത്തിൽ സർക്കാർ നടത്തുന്ന പ്രശ്നപരിഹാര ശ്രമങ്ങൾ കൂടുതൽ സങ്കീർണമാകുന്നു. നിലവിൽ സ്ഥലത്ത് താമസിക്കുന്ന കുടുംബങ്ങളുമായി ചർച്ച നടത്തി പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാണ് സർക്കാർശ്രമം. എന്നാൽ, പര്യത്ത്കാവിൽ നിന്ന് ഒഴിഞ്ഞുപോകാനോ പുനരധിവാസം സ്വീകരിക്കാനോ തങ്ങൾ തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് ഉന്നതി നിവാസികൾ.

കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ വിഷയത്തിന് പരിഹാരം കാണാൻ സർക്കാർ ശ്രമിക്കുന്നതിനിടെയാണ് താമസക്കാർ കടുത്ത നിലപാട് ആവർത്തിച്ചത്. കോടതി നിലപാട് കൂടുതൽ കർശനമാകുന്ന സാഹചര്യം ഉണ്ടായാൽ പുനരധിവാസം മാത്രമായിരിക്കും സർക്കാരിന് മുന്നിലുള്ള പ്രധാന മാർഗമെന്ന വിലയിരുത്തലുണ്ട്. എന്നാൽ, പുനരധിവാസം ചർച്ച ചെയ്യേണ്ട വിഷയമല്ലെന്നും നിലവിൽ താമസിക്കുന്ന ഭൂമിയിൽ നിന്ന് മരണം വരെ പിന്മാറില്ലെന്നുമാണ് ഉന്നതി നിവാസികളുടെ പ്രതികരണം.

മന്ത്രി കെ. എ. തുളസി, എം.എൽ.എമാരായ വി. പി. സജീന്ദ്രൻ, മുഹമ്മദ് ഷിയാസ് എന്നിവർ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ് താമസക്കാർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. തർക്കഭൂമിയോട് ചേർന്നുള്ള 19 ഏക്കർ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയാൽ സർക്കാർ പുറമ്പോക്ക് ഭൂമി കണ്ടെത്താനാകുമെന്ന വാദവും അവർ മുന്നോട്ടുവച്ചു.

അതേസമയം, കുടിയൊഴിപ്പിക്കാനുള്ള കോടതി ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിൽ വീണ്ടും സമീപഭൂമി അളന്ന് തിട്ടപ്പെടുത്താനുള്ള നീക്കത്തെ കോടതി എത്രത്തോളം അനുകൂലമായി കാണുമെന്നത് വ്യക്തമല്ല. രണ്ട് സ്വകാര്യ വ്യക്തികൾ തമ്മിലുള്ള ഭൂതർക്കവുമായി ബന്ധപ്പെട്ട കേസായതിനാൽ സർക്കാരിന്റെ ഇടപെടൽ സാധ്യതകൾക്കും പരിമിതികളുണ്ടെന്നാണ് നിയമവൃത്തങ്ങൾ വിലയിരുത്തുന്നത്. കോടതി വിധി അനുകൂലമല്ലാത്ത പക്ഷം സമരം സംസ്ഥാനവ്യാപകമാക്കി സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് സമരസമിതിയുടെ ആലോചന.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL