SignIn
Kerala Kaumudi Online
Saturday, 04 July 2026 4.25 AM IST

ഇന്ന് റബിയുൾ, നാളെ .....?

padam

ലഹരിക്കടിമയായ അന്യസംസ്ഥാന തൊഴിലാളി മരിച്ച സംഭവം

കൊച്ചി: ഒരു നിമിഷത്തെ ഉന്മാദത്തിനായി മയക്കുമരുന്ന് ഉപയോഗിക്കുന്നവർ റബിയുൾ മലിതിന് സംഭവിച്ചത് അറിയണം. ഒരുവട്ടം ഉപയോഗിച്ച്, പിന്നീട് ലഹരിക്കടിമയായ റബിയുളിന്റെ ജീവിതം വ്യാഴാഴ്ച പുലർച്ചെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവസാനിച്ചു. വെറും 27 വയസ്. ഭാര്യ അനാഥയായി!

പാതാളം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു പശ്ചിമബംഗാൾ മുർഷിദാബാദ് ജോട്ചിഡാം സ്വദേശി റബിയുൾ മലിത. റോഡരികിൽ അബോധാവസ്ഥയിൽ കണ്ടതോടെ പരിചയക്കാർ ആശുപത്രിയിലെത്തിച്ചു. നാല് ദിവസമായി കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രാസലഹരികളുടെ വിപത്ത് എത്രത്തോളം ഭയപ്പെടുത്തുന്നതാണെന്ന് വ്യക്തമാക്കുന്നതാണ് ഈ മരണം.

ആക്രിത്തൊഴിലാളിയായിരുന്നു. രണ്ടുവർഷം മുമ്പാണ് കേരളത്തിലെത്തിയത്. പതിവായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. 29ന് രാവിലെയാണ് റോഡരികിൽ കണ്ടത്. പരിചയക്കാരനായ സൗത്ത് ഡൽഹി സ്വദേശി ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില മോശമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മയക്കുമരുന്നിന്റെ അമിത ഉപയോഗം മൂലമുള്ള അസുഖത്തെത്തുടർന്നാണ് മരണമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചതിന് പിന്നാലെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യയിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിവരംതേടി. സംസ്ഥാനത്ത് ലഹരി മാഫിയയെയും വിതരണക്കാരെയും വേരോടെ പിഴുതെറിയാൻ പൊലീസ് പ്രഖ്യാപിച്ച 'ഓപ്പറേഷൻ തൂഫാൻ' ശക്തമായി മുന്നോട്ട് പോകുന്നതിനിടെയാണ് ദാരുണസംഭവം.

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം മുർഷിദാബാദിലേക്ക് കൊണ്ടുപോകും. ആന്തരികാവയവ സാമ്പിളുകളും രക്തവും പരിശോധനയ്ക്കായി അയക്കും. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ഹെറോയിൻ ഉപയോഗം വ്യാപകമാണ്. റബിയുള്ളും ഹെറോയിനായിരിക്കാം ഉപയോഗിച്ചിരുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.

റബിയുളിന് മയക്കുമരുന്ന് കൈമാറിയവരെക്കുറിച്ചും ലഹരിമരുന്നിന്റെ ഉറവിടങ്ങൾ കണ്ടെത്താനുമുള്ള അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ കേന്ദ്രീകരിച്ചും പരിശോധന നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, RABIYUL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL