നെടുമങ്ങാട്: നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ പരിസരത്ത് മോഷ്ടാക്കൾ വിലസുന്നതായി പരാതി. സ്റ്റേഷന് സമീപത്തെ കോയിക്കൽ ശ്രീമഹാദേവ ക്ഷേത്രത്തിലും കോയിക്കൽ കൊട്ടാരത്തിലും എത്തുന്നവരാണ് കവർച്ചയ്ക്ക് ഇരകളാവുന്നതിലേറെയും. കഴിഞ്ഞ ഏപ്രിലിൽ ക്ഷേത്ര ദർശനത്തിനെത്തിയ മുക്കോലയ്ക്കൽ വിനായക ഭവനിൽ പെരുമാളിന്റെ 30,000 രൂപ മോഷ്ടിക്കപ്പെട്ടു. ടയർ കട നടത്തുന്ന പെരുമാൾ, സ്കൂട്ടറിന്റെ സീറ്റിനടിയിൽ രൂപ പൂട്ടിവച്ച ശേഷം ക്ഷേത്ര ദർശനം കഴിഞ്ഞെത്തിയപ്പോൾ പൂട്ട് തകർത്ത് പണം അപഹരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പൊലീസിൽ പരാതി നൽകിയിട്ട് മാസങ്ങൾ കഴിഞ്ഞു.നിരവധി തവണ പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് പെരുമാൾ പരാതിപ്പെടുന്നു.കഴിഞ്ഞ 30ന് സമാനമായ അനുഭവം നെട്ടിറച്ചിറ അംബികാലയത്തിൽ രതീഷിനുമുണ്ടായി.രതീഷിന്റെ സ്കൂട്ടറിൽ നിന്നും 8,000യിരം രൂപ,ഡ്രൈവിംഗ് ലൈസൻസ്,ആധാർ കാർഡ്,പാൻകാർഡ് എന്നിവ അടങ്ങിയ പേഴ്സ് മോഷ്ടിച്ചു. രതീഷും ക്ഷേത്രത്തിൽ പോയി തിരിച്ചു വന്നപ്പോഴാണ് മോഷണം നടന്നത്. ഇതുസംബന്ധിച്ചും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പരാതികളേറെ
ഇതിന് പുറമെ,കോയിക്കൽ കൊട്ടാരം സന്ദർശിച്ചു മടങ്ങുന്നവരും ചെറുതും വലുതുമായ മോഷണങ്ങളെ കുറിച്ച് പരാതി നൽകിയിട്ടുണ്ട്. പൊലീസ് സ്റ്റേഷന്റെ തൊട്ടുമുന്നിലാണ് ക്ഷേത്രവും കൊട്ടാരവും സ്ഥിതി ചെയ്യുന്നത്. ക്ഷേത്ര കോമ്പൗണ്ടിലുള്ള സി.സി.ടിവി പ്രവർത്തന രഹിതമാണെന്ന് ഭക്തർ പറയുന്നു. ദേവസ്വം അധികൃതരും പൊലീസും പുലർത്തുന്ന അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |