SignIn
Kerala Kaumudi Online
Friday, 10 July 2026 4.20 AM IST

ആഫ്രിക്കൻ മുഷി ഇനി രുചിയൂറും വിഭവമാകും

mushi1
ആഫ്രിക്കൻ മുഷിയിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാൻ പരിശീലനം നേടുന്ന യുവതി

കൊച്ചി: ജലാശയങ്ങളിലെ ആവാസവ്യവസ്ഥയ്ക്കും പ്രാദേശിക മത്സ്യങ്ങൾക്കും ഭീഷണിയായി മാറിയ അധിനിവേശ മത്സ്യമായ ആഫ്രിക്കൻ മുഷിയെ രുചികരമായ വിഭവമാക്കി മാറ്റാനുള്ള പദ്ധതിയൊരുങ്ങുന്നു. മുഷിയെ ഉപയോഗിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിച്ച് വിപണിയിലെത്തിക്കും.

മുഷിയുടെ വ്യാപനം നിയന്ത്രിക്കാനും ആദിവാസി വനിതകൾക്ക് സുസ്ഥിരമായ വരുമാനമാർഗം ഒരുക്കുന്നതിനുമുള്ള മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണ പരിശീലനം തേക്കടിയിൽ സംഘടിപ്പിച്ചു. കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്), കേരള വനം വകുപ്പ്, കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ, ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐ.സി.എ.ആർ) പിന്തുണയോടെ പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷന്റെ (പി.ടി.സി.എഫ്) സഹകരണത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

പെരിയാർ ടൈഗർ റിസർവ് മേഖലയിലെ ആദിവാസി വനിതകൾക്കാണ് പരിശീലനം നൽകിയത്. മുഷിയിൽ നിന്ന് ഉയർന്ന മൂല്യമുള്ള ഭക്ഷ്യോത്പന്നങ്ങളും മറ്റ് മൂല്യവർദ്ധിത ഉത്പന്നങ്ങളും ശാസ്ത്രീയമായി നിർമ്മിക്കുന്നതിനുള്ള പരിശീലനമാണ് നൽകിയത്. ആദിവാസി സമൂഹങ്ങൾക്ക് സംരംഭകത്വവും സ്ഥിരവരുമാനവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കുഫോസ് അധികൃതർ പറഞ്ഞു. അധിനിവേശ ആഫ്രിക്കൻ മുഷിയെ ഫലപ്രദമായി വിനിയോഗിക്കുന്ന രാജ്യത്തെ ആദ്യ സംരംഭങ്ങളിലൊന്നാണിത്.

പെരിയാറിന് ഭീഷണി

തേക്കടിയിലെ പെരിയാർ തടാകത്തിലെ മത്സ്യങ്ങൾക്ക് ഭീഷണിയാണ് ആഫ്രിക്കൻ മുഷി. വൻതോതിലാണ് ഇവ തടാകത്തിലുള്ളത്. തടാകത്തിൽ 54 ഇനം മത്സ്യങ്ങളുണ്ട്. ഏഴിനങ്ങൾ പെരിയാർ തടാകത്തിൽ മാത്രമുള്ളതാണ്. ഇവയ്ക്ക് ആഫ്രിക്കൻ മുഷി ഭീഷണിയായ സാഹചര്യത്തിലാണ് വനം വകുപ്പിന്റെ നേതൃത്വത്തിൽ ഇവയെ പിടികൂടി മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാൻ പദ്ധതി ഒരുക്കിയത്.

വൻ ഭീഷണി

ജലാശയങ്ങളിൽ കടന്നുകയറിയ മത്സ്യമാണ് ആഫ്രിക്കൻ മുഷി

 2017ൽ സർക്കാർ മുഷി വളർത്തൽ നിരോധിച്ചു

അതിവേഗം പെറ്റുപെരുകുന്ന മുഷി പരിസ്ഥിതിക്ക് ദോഷം

ജലാശയങ്ങളിലെ പ്രാദേശിക മത്സ്യങ്ങളെ തിന്നൊടുക്കുന്നു

ജലജീവികളെയും ചെടികളെയും ഇല്ലാതാക്കുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, AFRICAN MUSHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL