SignIn
Kerala Kaumudi Online
Friday, 07 August 2026 5.24 AM IST

പെരുമഴയിൽ വില മധുരിച്ച് പൈനാപ്പിൾ

pineapple

കൊച്ചി: നാടാകെ പെരുമഴയിലായപ്പോൾ പൈനാപ്പിൾ കർഷകർക്ക് വിലക്കയറ്റത്തിന്റെ മധുരക്കാലം. ഉത്പാദനം കുറയുകയും ആവശ്യകത വർദ്ധിക്കുകയും ചെയ്‌തതോടെ ഉയർന്ന വില കർഷകർക്ക് ലഭിക്കുന്നുണ്ട്.

വാഴക്കുളം വിപണിയിൽ സ്‌പെഷ്യലിന് 50 ഉം പച്ചയ്‌ക്ക് 48 ഉം പഴത്തിന് 53 രൂപയും വീതമാണ് ഇന്നലെ ലഭിച്ചത്. ബുധനാഴ്‌ച വില 52 ഉം 50ഉം 53ഉം രൂപ വീതമായിരുന്നു. ഇന്നലെ നേരിയ വിലയിടിവുണ്ടായി. മുൻവർഷങ്ങളെ അപേക്ഷിച്ച് മികച്ച വിലയാണിത്. കഴിഞ്ഞ 10 വർഷത്തിനിടെ 2024ലാണ് ഏറ്റവും ഉയർന്ന വില ലഭിച്ചത്.

ഉത്പാദനം കുറഞ്ഞതും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആവശ്യകത വർദ്ധിച്ചതുമാണ് മികച്ച വില ലഭിക്കാൻ കാരണം. പ്രതിദിനം 400 മുതൽ 500 ടൺ പൈനാപ്പിളാണ് വാഴക്കുളം മേഖലയിൽ നിന്ന് പോകുന്നത്. മുമ്പ് 2,000 ടണ്ണായിരുന്നു. ഉദ്പാദനം നാലിലൊന്നായാണ് കുറഞ്ഞത്.

വൻനഗരങ്ങളിലേക്ക്

മുംബയ്, ചെന്നൈ, ബെംഗളൂരു, ഡൽഹി, പൂനെ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലേക്കാണ് പ്രധാനമായും പൈനാപ്പിൾ കയറ്റുമതി. അവിടെയെത്തിയശേഷം പഴുക്കുവാൻ പാകമായ പൈനാപ്പിളാണ് വിളവെടുക്കുന്നത്. അതിനാലാണ് പച്ച ഇനങ്ങൾക്ക് വില ഉയർന്നത്. പ്രാദേശികവിപണിയിലാണ് പഴം കൂടുതൽ വിൽക്കുന്നത്.

മഴയിൽ പണിമുടങ്ങി

പെരുമഴ പെയ്‌തെങ്കിലും പൈനാപ്പിൾ കൃഷിയെ ദോഷകരമായി ബാധിച്ചിട്ടില്ല. പൈനാപ്പിളിന് വലിയ മഴ ആവശ്യമില്ല. 15 ദിവസത്തിൽ ഒരിക്കൽ മഴ ലഭിച്ചാലും മതി. മഴക്കാലത്ത് കുമിൾരോഗത്തിനും ഇലയും ചെടിയും അഴുകാനും സാദ്ധ്യതയുണ്ട്. പ്രതിരോധന‌ടപടികൾ കർഷകർ സ്വീകരിച്ചിട്ടുണ്ട്.

മഴമൂലം തോട്ടങ്ങളിലെ പണികൾ മുടങ്ങി. തോട്ടത്തിലെ കാടും പടലങ്ങളും പറിച്ചുനീക്കുന്നത് മാത്രമാണ് നടക്കുന്നത്. മഴയിൽ ഒഴുകിപ്പോകും എന്നതിനാൽ നിലമൊരുക്കലും വളമിടലും കീടനാശിനി പ്രയോഗവും നിറുത്തിവച്ചു. തൊഴിലാളിക്ഷാമം നിലവിലില്ലെന്ന് കർഷകർ പറഞ്ഞു.

ഭേദപ്പെട്ട വില ലഭിക്കുന്നതിൽ കർഷകർ സന്തുഷ്‌ടരാണ്. പച്ച പൈനാപ്പിൾ വാങ്ങാനാണ് സംസ്ഥാന വ്യാപാരികൾ താത്പര്യം കാണിക്കുന്നത്. ആഭ്യന്തര ഉപഭോഗം കുറഞ്ഞിട്ടുണ്ട്.

ബേബി ജോൺ,

പ്രസിഡന്റ്,

പൈനാപ്പിൾ ഗ്രോവേഴ്സ്

അസോസിയേഷൻ

വില ആഗസ്റ്റ് അഞ്ചിന്

വർഷം, സ്‌പെഷ്യൽ, പച്ച, പഴം

2025 30 28 32

2024 53 52 58

2023 32 30 30

2022 24 23 28

2021 25 24 30

2020 17 16 18

2019 34 33 36

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, PINEAPPLE PRICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL