
കൊച്ചി: ലഹരിയിടപാട് തർക്കത്തിൽ കുണ്ടന്നൂരിൽ നിന്ന് ലഹരിമാഫിയ തട്ടിക്കൊണ്ടു പോയ റിജോയ് ബെക്സൺ ഫ്രാൻസിസിനെ ആലുവയിൽ രാത്രി മുഴുവൻ പാർപ്പിച്ചതും ഭീഷണിപ്പെടുത്തിയതും പിറ്റ്ബുൾ നായ്‌ക്കളുടെ കാവലിൽ. പശ്ചിമകൊച്ചി കേന്ദ്രീകരിച്ച് രാസലഹരി ഇടപാട് നടത്തുന്ന പള്ളുരുത്തി സ്വദേശി അജീഷിന്റെ (35) ആലുവ യു.സി കോളേജിന് സമീപത്തെ വാടകവീട്ടിലാണ് യുവാവിനെ ബന്ദിയാക്കിയത്.
ലഹരി സംഘം വിട്ടയച്ച റിജോയ് പാലാരിവട്ടത്ത് ഡാൻസാഫിന്റെ പിടിയിലായ ശേഷം വ്യാഴാഴ്ച അർദ്ധരാത്രി വീട്ടിൽ റെയ്ഡിനെത്തിയ കൊച്ചി സിറ്റി പൊലീസ് സംഘം നായ്‌ക്കളെ കണ്ട് പിന്തിരിഞ്ഞു. ആലുവ ഡിവൈ.എസ്.പിയുടെ സ്ക്വാഡ് പറവൂരിൽ നിന്നെത്തിയ പട്ടിപിടിത്തക്കാരുടെ സഹായത്തോടെ ശനിയാഴ്ച പകൽ വീട്ടുവളപ്പിൽ കടന്ന് പരിശോധന നടത്തിയെങ്കിലും അജീഷിനെ കുറിച്ച് വിവരം കിട്ടിയില്ല. തട്ടിക്കൊണ്ട് പോകലിന് നേതൃത്വം നൽകിയ ഫ്രാൻസിസ് സേവ്യറുൾപ്പെടെ പ്രതികൾ അറസ്റ്റിലായതോടെ അജീഷ് ഒളിവിൽ പോയതായി കൊച്ചി സിറ്റി പൊലീസ് സ്ഥിരീകരിച്ചു.
ബുധനാഴ്ച രാത്രി ഫ്രാൻസിസിന്റെ നേതൃത്വത്തിൽ കാറിൽ റിജോയ് ബെക്സണിനെ ആലുവയിലേക്ക് വീട്ടിലേക്കാണ് കൊണ്ടുപോയത്. കാപ്പ ചുമത്തി കൊച്ചി സിറ്റി പൊലീസ് നാടുകടത്തിയ ഫ്രാൻസിസ് പ്രതിശ്രുത വധു ആര്യ പൊടിപെണ്ണിനൊപ്പം ഇവിടെയാണ് തങ്ങിയിരുന്നത്. ലഹരിയിടപാടുമായി ബന്ധപ്പെട്ട് റിജോയ് നൽകാനുള്ള 46,000 രൂപ ആവശ്യപ്പെട്ട് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പണം ഉടൻ നൽകാമെന്ന ഉറപ്പിൽ സ്കൂട്ടർ ഈടായി നൽകിയാണ് റിജോയ് മോചിതനായത്.
ആലുവ ഡിവൈ.എസ്.പിയുടെ സ്ക്വാഡ് അജീഷിന്റെ വീടിനകത്ത് പരിശോധന നടത്തിയെങ്കിലും ലഹരി സാധനങ്ങളൊന്നും കിട്ടിയില്ല. ഫ്രാൻസിസിനെ അറസ്റ്റ് ചെയ്ത ആലപ്പുഴയിലെ മണ്ണഞ്ചേരി പൊലീസ് കൈമാറിയ രഹസ്യവിവരത്തെ തുടർന്ന് ആലുവ പൊലീസ് മയക്കുമരുന്ന് ഒളിപ്പിച്ചതായി കരുതുന്ന ഒരു വാഹനം പരിശോധിച്ചതായി സൂചനയുണ്ട്.
ലഹരി വന്ന വഴി തേടി പൊലീസ്
വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി പാലാരിവട്ടം, മുളവുകാട്, കണ്ണമാലി, ആലപ്പുഴ മണ്ണഞ്ചേരി എന്നിവിടങ്ങളിൽ നിന്ന് പിടിയിലായ 10 പ്രതികളിൽ നിന്ന് പിടിച്ചെടുത്ത 20.83 ഗ്രാം എം.ഡി.എം.എയുടെ ഉറവിടം അന്വേഷിക്കുമെന്ന് എറണാകുളം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ കെ.ജി. സുരേഷ് പറഞ്ഞു. ലഹരിക്കടത്തിന്റെ മുഖ്യ ഇടപാടുകാരൻ ഫ്രാൻസിസ് സേവ്യർ, ആര്യ പൊടിപെണ്ണ്, ഷഹനാസ്, അനൂപ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ ഇതിൽ വ്യക്തത കൈവരും. ഡാൻസാഫ് അറസ്റ്റ് ചെയ്ത റിജോയ് ബെക്സണിനെയും കസ്റ്റഡിയിൽ വാങ്ങും. പ്രതികൾ കൊച്ചിയിലെ പ്രധാന ലഹരിവിതരണ സംഘത്തിലെ കണ്ണികളാണെന്നും ഇവർക്ക് സംസ്ഥാനാനന്തര ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |