SignIn
Kerala Kaumudi Online
Friday, 14 August 2026 5.24 AM IST

കുതിച്ചുകയറി വെളിച്ചെണ്ണ, ഓണത്തിന് ഉപ്പേരി വില പൊള്ളും

coconut

കോലഞ്ചേരി: ഓണം വരുംമുമ്പേ ഉപ്പേരിക്ക് തീപിടിച്ച വില! വെളിച്ചെണ്ണയുടെ വില ലിറ്ററിന് 460 രൂപ കടന്നതോടെ ഇക്കുറി ഓണക്കാലത്ത് ഉപ്പേരിയും ശർക്കരവരട്ടിയും വാങ്ങാൻ കീശ കാലിയാകുമെന്നുറപ്പ്. ഓണവിഭവങ്ങൾക്കായുള്ള ഓർഡറുകൾ കടകളിലെത്തിത്തുടങ്ങിയതോടെയാണ് വിലക്കയറ്റത്തിന്റെ ചൂട് വ്യാപാരികൾക്ക് അനുഭവപ്പെടുന്നത്.

കഴിഞ്ഞ ഓണക്കാലത്ത് ഒരുകിലോ ഉപ്പേരിക്ക് 400 രൂപയും ശർക്കരവരട്ടിക്ക് 450 രൂപയുമായിരുന്നു. ഇക്കുറി ഇപ്പോഴേ 550 മുതൽ 600 രൂപ വരെയായി. ഇത് അവസാന വിലയല്ലെന്നാണ് വ്യാപാരികൾ പറയുന്നത്. വെളിച്ചെണ്ണ വില ഇനിയും ഉയർന്നാൽ ഉപ്പേരിയുടെ വില വീണ്ടും കയറും.

ഓണസദ്യയിലെ ‘താര’മായ നേന്ത്രക്കായയ്ക്ക് വില കൂടുന്നത് പതിവാണെങ്കിലും ഇത്തവണ വലിയ തലവേദന വെളിച്ചെണ്ണയാണ്. ഉപ്പേരി വറുക്കാൻ ശുദ്ധമായ വെളിച്ചെണ്ണ തന്നെ ഉപയോഗിക്കുന്നതിനാൽ എണ്ണവിലയിലെ ഓരോ കയറ്റവും നേരിട്ട് ഉപ്പേരിയുടെ വിലയിൽ പ്രതിഫലിക്കും.

എണ്ണവില കയറുമ്പോൾ ഉപ്പേരിക്കും ചൂടേറും

വെളിച്ചെണ്ണയ്ക്ക് പിന്നാലെ മറ്റ് സസ്യ എണ്ണകളുടെയും വില ഉയരുകയാണ്. എന്നാൽ രുചിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവർ ശുദ്ധമായ വെളിച്ചെണ്ണയിൽ വറുത്ത ഉപ്പേരിക്ക് തന്നെയാണ് മുൻഗണന നൽകുന്നത്. വിദേശത്തേക്ക് കൊണ്ടുപോകുന്ന ഉപ്പേരിയിലും ശുദ്ധമായ വെളിച്ചെണ്ണയ്ക്കാണ് ആവശ്യക്കാർ.

ഓർഡറുകൾ നേരത്തെയെത്തി

ചിപ്‌സ് തയ്യാറാക്കി നൽകുന്ന കടകളിൽ ഇപ്പോഴേ തിരക്ക് തുടങ്ങി. ഓണവിപണി ലക്ഷ്യമിട്ട് തമിഴ്‌നാട്ടിൽനിന്ന് ഉപ്പേരി എത്തിയിട്ടുണ്ടെങ്കിലും മറ്റ് സസ്യ എണ്ണകളിൽ തയ്യാറാക്കുന്നതിനാലും ഗുണമേന്മയിൽ വ്യത്യാസമുള്ളതിനാലും ആവശ്യക്കാർ കുറവാണ്. വിദേശത്തുനിന്ന് നാട്ടിലെത്തുന്ന പ്രവാസികളും മടങ്ങിപ്പോകുന്നതിന് മുമ്പ് വലിയ അളവിൽ ഉപ്പേരിക്ക് ഓർഡർ നൽകിത്തുടങ്ങി.

ഓണസദ്യയിൽ ഉപ്പേരി നിർബന്ധം, പക്ഷേ, ഇത്തവണ ഉപ്പേരിയുടെ വില കേൾക്കുമ്പോൾ ‘കൈ പൊള്ളും’ എന്നതാണ് അവസ്ഥ. വെളിച്ചെണ്ണ വില എങ്ങോട്ടെന്നതനുസരിച്ചാകും ഓണക്കാലത്തെ ഉപ്പേരിയുടെ വിലയും!

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL