
കൊച്ചി: അരനൂറ്റാണ്ട് കൊച്ചിയുടെ രുചിമുകുളങ്ങളെ ത്രസിപ്പിച്ച ഭക്ഷണശാല ചാരിയറ്റ് റെസ്റ്റോറന്റിന് നാളെ പൂട്ടു വീഴും. കോൺവെന്റ് ജംഗ്ഷനിൽ 1976ൽ ഫോർട്ട് കൊച്ചി സ്വദേശി ചാർളി ആരംഭിച്ചതാണ് ചാരിയറ്റ്. നാരകത്തറ റോഡിലെ ചാരിയറ്റിന്റെ വരാന്ത ഭക്ഷണപ്രേമികളുടെ സ്ഥിരം താവളമായിരുന്നു. കൊച്ചിയിലെ ആദ്യ ചൈനീസ് റെസ്റ്റോറന്റിൽ ജോലിക്കാരനായി നിന്ന് പാചകം പഠിച്ച ശേഷമാണ് ചാർളി സ്വന്തം സംരംഭം തുടങ്ങിയത്. ചാരിയറ്റിലെ ചില്ലി ചിക്കൻ, പൊട്ടറ്റോ മസാല, വെജ് കട്ട്ലറ്റ്, കേസരി, ചില്ലി ബജി, സ്പെഷ്യൽ റോൾ, ബോംബെ ടോസ്റ്റ് തുടങ്ങിയവയ്ക്ക് പ്രശസ്തരുൾപ്പടെ നിരവധി ആരാധകരുമുണ്ടായിരുന്നു.
കെട്ടിടവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് സ്ഥാപനം ഒഴിയേണ്ടി വന്നത്. കെട്ടിടത്തിന്റെ കാലപ്പഴക്കവും ശോചനീയാവസ്ഥയും പരിഗണിച്ച് നഗരസഭയുടെ ഇടപെടലും ഉണ്ടായി. പ്രവർത്തനം അവസാനിക്കുന്നതോടെ ഒരു ഭക്ഷണശാല മാത്രമല്ല, കൊച്ചിയുടെ പഴയകാല നഗരജീവിതത്തിന്റെ ഭാഗമായിരുന്ന ഒരു രുചിയോർമയ്ക്കുകൂടിയാണ് തിരശീല വീഴുന്നത്. ചാർളിക്കും കുടുംബത്തിനും ജീവനക്കാർക്കും യാത്രഅയപ്പ് നേർന്ന് പഴയ ഉപഭോക്താക്കളും രംഗത്തുണ്ട്. വാതിലുകൾ അടഞ്ഞാലും ചാരിയറ്റിന്റെ രുചിയും ഓർമ്മകളും കൊച്ചിക്കാരുടെ മനസിൽ നിലനിൽക്കും.
പുതിയ ഇടത്ത് സ്ഥാപനം തുടങ്ങുന്നതുസംബന്ധിച്ച് തീരുമാനിച്ചിട്ടില്ല. അരനൂറ്റാണ്ട് കൊച്ചി നഗരത്തിന്റെ രുചിചരിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്
സി.ജെ. ചാർളി
ചാരിയറ്റ് റെസ്റ്റോറന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |