
കൊച്ചി: മെട്രോ റെയിൽ തൃപ്പൂണിത്തുറയിൽ നിന്ന് സീപോർട്ട് - എയർപോർട്ട് റോഡുവഴി ഇൻഫോപാർക്കുമായി ബന്ധിപ്പിച്ച് സർക്കുലർ സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തൃപ്പൂണിത്തുറയിൽ നിന്ന് ചോറ്റാനിക്കരയിലേക്കും ആലുവയിൽ നിന്ന് നെടുമ്പാശേരിയിലേക്കും പാത നീട്ടണമെന്ന ആവശ്യവും സംഘടനകൾ സർക്കാരിനെ അറിയിച്ചു.
ആലുവയിൽ ആരംഭിച്ച് ഇടപ്പള്ളി, എറണാകുളം, വൈറ്റിലവഴി തൃപ്പൂണിത്തുറ റെയിൽവേസ്റ്റേഷന് സമീപം അവസാനിക്കുന്നതാണ് നിലവിലെ റൂട്ട്. കൊച്ചി മെട്രോയുടെ രണ്ടാംഘട്ടമായ കാക്കനാട് പാത 2028ൽ കമ്മിഷൻ ചെയ്യാനാവുന്ന വിധം നിർമ്മാണം തുടരുകയാണ്.
തൃപ്പൂണിത്തുറയിൽ നിന്ന് ഇരുമ്പനംവഴി സീപോർട്ട് എയർപോർട്ട് റോഡിലൂടെ കാക്കനാട്ടേക്കും പാത നീട്ടണമെന്നാണ് ആവശ്യം. തൃപ്പൂണിത്തുറ മുതൽ സെസ് വരെ പത്തു കിലോമീറ്ററോളം പാത നിർമ്മിച്ചാൽ ഇൻഫോപാർക്ക് പാതയുമായും ബന്ധിപ്പിക്കാനാവും.
കലൂർ ജവഹർലാൽ നെഹ്റുസ്റ്റേഡിയം സ്റ്റേഷനിൽ ആരംഭിച്ച് പാലാരിവട്ടം, വാഴക്കാല, കാക്കനാട്, സീപോർട്ട് -എയർപോർട്ട് റോഡുവഴി ഇൻഫോപാർക്ക് കടന്ന് കിൻഫ്രപാർക്ക് വരെയെത്തുന്ന പുതിയ പാതയുടെ നിർമ്മാണം പുരോഗമിക്കുകയാണ്
പ്രയോജനങ്ങൾ
തൃപ്പൂണിത്തുറ -കാക്കനാട് പാത നിർമ്മിച്ചാൽ ഇരുമ്പനം, കാക്കനാട്, പാലാരിവട്ടം, എം.ജി.റോഡ്, കടവന്ത്ര, വൈറ്റില, തൃപ്പൂണിത്തുറ സർക്കുലർ സർവീസ് നടത്താനാവും
കോട്ടയം, വൈക്കം, പിറവം, ചോറ്റാനിക്കര മേഖലകളിൽ നിന്നുള്ളവർക്ക് തൃപ്പൂണിത്തുറ- കാക്കനാട് മെട്രോ ഉപയോഗിക്കാം
ഐ.ടി, വ്യവസായ യൂണിറ്റുകളും ജില്ലാ ആസ്ഥാനവും സ്ഥിതിചെയ്യുന്ന മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും
മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ തുടങ്ങിയ കിഴക്കൻ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് എറണാകുളത്തിന്റെ വിവിധഭാഗങ്ങളിൽ എളുപ്പത്തിലെത്താം
കെ.എം.ആർ.എല്ലിന് നിവേദനം
തൃപ്പൂണിത്തുറ -കാക്കനാട് പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിമെട്രോ റെയിൽലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്‌ടർ ലോക്‌നാഥ് ബെഹ്റയ്ക്ക് കേരള ദർശനവേദി നിവേദനം നൽകി. ദർശനവേദി ചെയർമാൻ എ.പി. മത്തായി, ഡയറക്ടർ ടോമി മാത്യു, ജനറൽസെക്രട്ടറി കുമ്പളം രവി, ഫാ. സ്ലീബ കാട്ടുമങ്ങാട് കോർ എപ്പിസ്‌കോപ്പ, വി.സി.ജോർജുകുട്ടി, എൻ.ടി. ജേക്കബ്, തൃക്കാക്കര മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എസ്. അനിൽകുമാർ, ഏലൂർ ഗോപിനാഥ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |