
കൊച്ചി: ശ്രീകൃഷ്‌ണജയന്തി ബാലദിനാഘോഷത്തിന്റെ ഭാഗമായി ബാലഗോകുലം ജില്ലയിൽ 500 ശോഭായാത്രകൾ സംഘടിപ്പിക്കും. അയ്യായിരം ശ്രീകൃഷ്‌ണ, രാധാ വേഷധാരികൾ അണിനിരക്കും.
വെള്ളിയാഴ്‌ച വൈകിട്ട് 4ന് വിവിധ കേന്ദ്രങ്ങളിൽ ശോഭായാത്ര ആരംഭിക്കും. കൊച്ചി മഹാനഗരത്തിൽ പള്ളുരുത്തി, വൈപ്പിൻ, എറണാകുളം, ഇടപ്പള്ളി, തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ, ചോറ്റാനിക്കര മേഖലകളിൽ 150 ശോഭായാത്രകൾ സംഘടിപ്പിക്കും. എറണാകുളത്ത് വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന ശോഭായാത്രകൾ എം.ജി റോഡിൽ ജോസ് ജംഗ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി ശിവക്ഷേത്ര മൈതാനിയിൽ സമാപിക്കും.
ചിറ്റൂർ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ നിന്ന് കൃഷ്‌ണവിഗ്രഹം വള്ളത്തിൽ ഘോഷയാത്രയായി പുറപ്പെടും. ചിറ്റൂർ കടവിൽ നിന്ന് പുറപ്പെടുന്ന യാത്ര എറണാകുളം ഹൈക്കോടതി ജെട്ടിയിലെത്തും. യമുനായാനം എന്ന പേരിലാണ് ഘോഷയാത്ര സംഘടിപ്പിക്കുന്നത്.
ബാലദിനത്തിന്റെ ഭാഗമായ കുടുംബസംഗമവും സാംസ്‌കാരിക സമ്മേളനവും നാളെ വൈകിട്ട് ആറിന് എറണാകുളം ടൗൺ ഹാളിൽ നടക്കും. ജൂന അഘാഡ ദക്ഷിണഭാരത മേധാവി മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യും. കേരള ക്ഷേത്ര സംരക്ഷണ സമിതി വർക്കിംഗ് പ്രസിഡന്റ് എം. മോഹനൻ ജന്മാഷ്‌ടമി സന്ദേശം നൽകും.
'മായ വിട്ടണരൂ, മാനവനായി വളരൂ" എന്ന സന്ദേശം നൽകിയാണ് ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നതെന്ന് ബാലഗോകുലം കൊച്ചി മഹാനഗരം അദ്ധ്യക്ഷൻ ജി. ഗോപിനാഥൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭാരവാഹികളായ ജി. സതീഷ്‌കുമാർ, പി.വി. അതികായൻ, സി.ജി. രാജഗോപാൽ, ടി.ആർ. പ്രത്യാശ്, പി. സോമനാഥൻ എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |