SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.08 AM IST

ഓണച്ചന്തയിൽ കുടുംബശ്രീ കുതിപ്പ്

kudumbasree

കൊച്ചി: ഓണവിപണിയിൽ കോടികളുടെ വിറ്റുവരവുമായി കുടുംബശ്രീയുടെ വനിതാ കർഷകർ. 'ഓണക്കനി", 'നിറപ്പൊലിമ" കാർഷിക പദ്ധതികളുടെ ഭാഗമായി ഉത്പാദിപ്പിച്ച പച്ചക്കറികളും പൂക്കളും വിറ്റഴിച്ച് 10.07 കോടിയാണ് കർഷക‌ർ സ്വന്തമാക്കിയത്.

ആഗസ്റ്റ് 20 മുതൽ 25 വരെ സംസ്ഥാനത്തുടനീളം കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണ്ടായിരത്തിലേറെ ഓണം വിപണന മേളകളിലൂടെയാണ് നേട്ടം. വിറ്റുവരവിൽ 2.85 കോടി രൂപയുമായി തൃശൂർ ജില്ലയാണ് ഒന്നാമത്. 1.62 കോടി രൂപയുടെ വിറ്റുവരവുമായി പാലക്കാട് രണ്ടാം സ്ഥാനത്തും 85.50 ലക്ഷം രൂപയുമായി കണ്ണൂർ മൂന്നാം സ്ഥാനത്തുമെത്തി.

 1580.88 മെട്രിക് ടൺ പച്ചക്കറികൾ

കുടുംബശ്രീയുടെ ഓണക്കനി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള 33,000ത്തിലേറെ വനിതാ കർഷക സംഘങ്ങൾ ഉത്പാദിപ്പിച്ച 1580.88 മെട്രിക് ടൺ നാടൻ പച്ചക്കറികളാണ് വിപണിയിലെത്തിച്ചത്. ഇതിലൂടെ 8,91,11,654.50 രൂപയുടെ വിറ്റുവരവ് ലഭിച്ചു. ഓണസദ്യയ്ക്ക് ആവശ്യമായ വിവിധയിനം പച്ചക്കറികൾ മേളകളിലൂടെ ഉപഭോക്താക്കളിലെത്തിച്ചതിനൊപ്പം കർഷകരുടെ ഉത്പന്നങ്ങൾക്ക് മികച്ച വിപണിയും കുടുംബശ്രീ ഒരുക്കി.

 113.17 മെട്രിക് ടൺ പൂക്കൾ

പൂക്കളുടെ ആഭ്യന്തര ഉത്പാദനവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കുന്ന നിറപ്പൊലിമ പദ്ധതിയും നേട്ടം കൈവരിച്ചു. കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന 5500 വനിതാ കർഷക സംഘങ്ങൾ കൃഷി ചെയ്ത 113.17 മെട്രിക് ടൺ പൂക്കൾ ഓണവിപണിയിലെത്തിച്ചു. ഇതിലൂടെ 1,15,79,683 രൂപയുടെ വിറ്റുവരവ് ലഭിച്ചു. പച്ചക്കറികളും പൂക്കളും വിറ്റഴിച്ചുണ്ടായ വരുമാനം പൂർണമായും വനിതാ കർഷകർക്കാണ് ലഭിക്കുക. കുടുംബശ്രീയുടെ ഓണം വിപണന മേളകൾക്ക് പുറമേ പ്രാദേശിക വിപണികളിലും കർഷകർ ഉത്പന്നങ്ങൾ നേരിട്ട് വിറ്റഴിച്ച് വരുമാനം നേടി.

കർഷകർക്ക് മികച്ച വിപണി ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള നാടൻ കാർഷിക ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിനും പൊതുവിപണിയിൽ വിലക്കയറ്റം തടയാനും കുടുംബശ്രീയുടെ പ്രവ‌ർത്തനങ്ങൾ വഴിയൊരുക്കി

കുടുംബശ്രീ

അധികൃത‌ർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL