
കൊച്ചി: ഓണക്കാലത്ത് റെയിൽവേ പൊലീസും ആർ.പി.എഫും ഏർപ്പെടുത്തിയ സുരക്ഷാ സന്നാഹങ്ങൾ മറികടന്ന് മംഗലാപുരം എക്സ്‌പ്രസിൽ 9.68 ലക്ഷം രൂപയുടെ കവർച്ച. മോഷണം പോയവയിൽ 6.1 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് രാത്രി 8.55ന് പുറപ്പെട്ട് രാവിലെ 11.20ന് മംഗലാപുരം സെൻട്രൽ സ്റ്റേഷനിൽ എത്തുന്ന 16347 മംഗളൂരു സെൻട്രൽ എക്സ്‌പ്രസിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
മോഷണം അങ്കമാലി റെയിൽവേ സ്റ്റേഷനിൽ
ഒറ്റ സി.സി ടിവി ക്യാമറ പോലും ഇല്ലാത്ത അങ്കമാലി റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച പുലർച്ചെ 2.45ന് ട്രെയിൻ എത്തിയപ്പോഴായിരുന്നു മോഷണം. ഒരു മിനിറ്റ് മാത്രം സ്റ്റോപ്പുള്ള സ്റ്റേഷനിൽ നിന്ന് 2.46ന് ട്രെയിൻ നീങ്ങിത്തുടങ്ങുന്നതിനിടെ രണ്ട് യാത്രക്കാരുടെ സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണുകളും അടങ്ങിയ ബാഗുകളുമായി മോഷ്ടാവ് ചാടിയിറങ്ങുമ്പോൾ പ്ലാറ്റ്ഫോം ഏതാണ്ട് വിജനം.
ഇരകൾ വനിതാ യാത്രക്കാർ
തിരുവനന്തപുരത്ത് നിന്ന് ഫറോക്കിലേക്ക് പോയ നെയ്യാറ്റിൻകര വട്ടവിള സ്വദേശി അതുല വിജയന്റെ (34) ഒരു പവന്റെ 2 സ്വർണ വളകൾ, ഒരു പവന്റെ അരഞ്ഞാണം, 4 ഗ്രാമിന്റെ രണ്ട് ചെറിയ മാലകൾ, ഒരു ഗ്രാമിന്റെ മോതിരം, അര ഗ്രാമിന്റെ ഒരു ജോഡി കമ്മൽ, മൊബൈൽ ഫോൺ, 5000 രൂപ ഉൾപ്പെടെ 4.96 ലക്ഷം രൂപയുടെ സാധനങ്ങളും പണവും കവർന്നു.
കോഴിക്കോട് സ്വദേശി ടി.കെ. മിനിയുടെ (52) രണ്ട് പവന്റെ സ്വർണമാല, ഒരു ലക്ഷം രൂപയുടെ ഫോൺ, 50000 രൂപയുടെ ആഡംബര വാച്ച്, കണ്ണട, ചെറിയ മൊബൈൽ, 12000 രൂപ ഉൾപ്പെടെ 4.72 ലക്ഷം രൂപയുടെ സാധനങ്ങളും പണവും കവർന്നു.
കള്ളൻ 20 വയസുകാരനെന്ന് മൊഴി
'ഉയരം കുറഞ്ഞ് മെലിഞ്ഞ ശരീരമുള്ള 20 വയസുകാരനായ" കള്ളൻ ഓടിയിറങ്ങുന്നത് കണ്ടതായി അതുല വിജയന്റെ മൊഴിയിലുണ്ട്. രണ്ട് യാത്രക്കാരും റിസർവേഷൻ കോച്ചായ എസ് രണ്ടിലെ സ്ലീപ്പറിലാണ് യാത്ര ചെയ്തത്. ഇരുവരുടെയും ബാഗുകളാണ് അടിച്ചു മാറ്റിയത്. എറണാകുളം റെയിൽവേ പൊലീസും ആർ.പി.എഫും സംയുക്തമായി അന്വേഷണം തുടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |