SignIn
Kerala Kaumudi Online
Sunday, 31 May 2026 11.11 AM IST

ഇന്ന് ലോക ഗുസ്തി ദിനം: കണ്ണൂർ കേസരിക്ക് 75

venu-gurukkal

കണ്ണൂർ:പതിനഞ്ചാം വയസിൽ ഗോദയിൽ. മൂന്നുതവണ സംസ്ഥാന ചാമ്പ്യൻ,​ മൂന്നുതവണ റണ്ണർ അപ്പ്. 1975 ലും 1977 ലും നാഷണൽ ഗെയിംസിൽ. കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ രാജേന്ദ്രസിംഗിനോട് തോൽവി.ഇന്ന് എഴുപത്തിയഞ്ചിൽ എത്തിനിൽക്കുന്ന കണ്ണൂർ കേസരി പട്ടം നേടിയ ഇടച്ചൊവ്വ സ്വദേശി വേണു ഗുരുക്കൾക്ക് ഗുസ്തി കഴിഞ്ഞിട്ടേയുള്ളു ഇന്നും എന്തും.

ഇന്നത്തേത് പോലല്ല,​ അടിതടകൾ വശമാക്കിയ മല്ലന്മാരായ ഗുസ്തിക്കാരുടെ നാടായി നിന്ന ഒരു കാലമുണ്ടായിരുന്നു കണ്ണൂരിന്. അതിന്റെ ബാക്കിയിരിപ്പാണ് വേണു ഗുരുക്കൾ. ഗ്രാമങ്ങളിലും നഗരങ്ങളിലുമായി ഒട്ടേറെ ഗോദകളും ഗുസ്തി ആവേശത്തിൽ മതിമറക്കുന്ന ആരാധകരുമൊക്കെയായി ആവേശക്കാഴ്ചയായിരുന്നു അക്കാലത്ത്. കണ്ണൂർ നഗരത്തിൽ തന്നെ അഞ്ചിലധികം ഗോദകളുണ്ടായിരുന്നുവെന്ന് വേണു ഗുരുക്കൾ പറയുന്നു.അക്കാലത്ത് പ്രായഭേദന്യേ ആളുകൾ ഗുസ്തി അഭ്യസിക്കുകയും ആസ്വദിക്കുകയും ചെയ്തുപോന്നിരുന്നു.പഞ്ചാബിലേയും ഗുജറാത്തിലേയും പേരെടുത്ത മല്ലന്മാരെ മുട്ടു കുത്തിച്ച പല ഫയൽവാൻമാരും കണ്ണൂരിലുണ്ടായിരുന്നു.

1965ൽ ആര്യബന്ധു ജിംനേഷ്യത്തിൽ പരിശീലനം തുടങ്ങിയതാണ് വേണു ഗുരുക്കൾ. എബ്രഹാം സീനുവിന്റെയും ബാലാജി ഫയൽമാന്റെയും ഗുസ്തി കണ്ടാണ് താൽപ്പര്യം ഇരട്ടിച്ചെത്. അപകടമാണെന്ന് കണ്ട് ആദ്യമൊന്നും വീട്ടുകാർ താൽപര്യം കാട്ടിയില്ല. പതിയെ പതിയെ മത്സരങ്ങളിൽ അംഗീകാരങ്ങൾ കിട്ടാൻ തുടങ്ങിയതോടെ എല്ലാവരും അംഗീകരിച്ചു. ചന്ദ്രൻ ഗുരുക്കളും പട്ടൻ ശേഖരൻ ഫയൽമാനുമായിരുന്നു ആദ്യപാഠങ്ങൾ പഠിപ്പിച്ചത്. പിന്നീട് പരിശീലിപ്പിക്കുന്നതിനായി പഞ്ചാബിൽ നിന്നും പൂരൻ സിംഗ് താരത്തെ കണ്ണൂരിൽ എത്തിച്ചു.

മക്കളായ നിധിനും മിഥുനും സ്കൂൾ കോളേജ് പഠനകാലത്ത് നാഷണൽ മത്സരങ്ങളിൽ മാറ്റുരച്ചവരായിരുന്നു. ഇരുവരെയും അടവുകളെല്ലാം പഠിപ്പിച്ചത് വേണു ഗുരുക്കൾ തന്നെയാണ്. ഭാര്യ പ്രഭയുടെ പിന്തുണയും വേണു ഗുരുക്കളുടെ നേട്ടങ്ങൾക്ക് പിന്നിലുണ്ട്.

അല്പം പരിഭവമുണ്ട്

കാലം മാറിയപ്പോൾ കണ്ണൂരിന്റെ ഈ ഗുസ്തി പാരമ്പര്യവും പതിയെ മാഞ്ഞു പോയെന്ന പരിഭവം ഈ ഫയൽവാനുണ്ട്. വമ്പൻ
ഓർമ്മകളുമായി പഴയ ഒട്ടേറെ ഫയൽമാന്മാർ
ഇപ്പോഴും കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിലുണ്ടെന്ന് ഗുരുക്കൾ ഓർമ്മിപ്പിക്കുന്നു. ഇവരിൽ പലരും ഗുസ്തി മത്സരങ്ങളിൽ സംസ്ഥാന പട്ടം നേടിയവരാണെന്നും അദ്ദേഹം ഓർത്തെടുക്കുന്നു.

മയക്കുരുന്നിനും ലഹരിക്കും അടിമപ്പെടുന്ന യുവത്വം കായികമത്സരളിൽ ഏർപ്പെടണം. സ്വന്തം ശരീരത്തെ സ്നേഹിക്കണം അപ്പോൾ ഇത് തന്നെയാണ് ഏറ്റവും വലിയ ലഹരി എന്ന് അവർക്ക് മനസ്സിലാകും അങ്ങനെയെങ്കിൽ ദോഷകരമാകുന്ന ലഹരിക്കൊന്നും പിറകെ അവർ പോകില്ല- വേണു ഗുരുക്കൾ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL