SignIn
Kerala Kaumudi Online
Thursday, 25 June 2026 10.05 AM IST

തിളച്ചുമറിഞ്ഞ് കണ്ണൂർ രാഷ്ട്രീയം: ഇടത്തും വലത്തും പ്രതിസന്ധി

tk-govindan

എൽ.ഡി.എഫിന് വിമത ഭീഷണി; യു.ഡി.എഫിന് സുധാകര വെല്ലുവിളി

കണ്ണൂർ: സമാനതകളില്ലാത്ത വിധത്തിലുള്ള പ്രതിസന്ധി നേരിട്ട് കണ്ണൂരിൽ മുന്നണികൾ.ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടി.കെ. ഗോവിന്ദന്റെയും ജില്ലാ കമ്മറ്റി അംഗമായിരുന്ന വി.കുഞ്ഞികൃഷ്ണന്റെയും കലാപക്കൊടി സി.പി.എമ്മിന് ഭീഷണിയായി നിൽക്കുമ്പോൾ മറുവശത്ത് മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുധാകരൻ ഇടഞ്ഞുനിൽക്കുന്നതാണ് കോൺഗ്രസിനെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്.
തളിപ്പറമ്പ് ചരിത്രത്തിൽ ഇന്നേ വരെ കേട്ടിട്ടില്ലാത്ത ഒന്നാണ് ടി.കെ.ഗോവിന്ദന്റെ അവസാനഘട്ടത്തിലെ നീക്കം . സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ മയ്യിൽ മലപ്പട്ടം മേഖലയിൽ ദശകങ്ങളോളം പ്രവർത്തിച്ച ഇദ്ദേഹം പ്രവർത്തകരുമായി നേരിട്ട് വ്യക്തിബന്ധമുള്ള നേതാവാണ്. മൂന്നു തവണ എം.എൽ.എ ആയ ശേഷം പാർട്ടി സെക്രട്ടറി ഭാര്യയെ കസേരയിൽ ഇരുത്തുന്നതിനു പിന്നിൽ അഴിമതി ലക്ഷ്യങ്ങളുണ്ട് എന്ന കനത്ത ആരോപണവും ആന്തൂർ വ്യവസായി സാജന്റെ ആത്മഹത്യ വിഷയത്തിൽ പി.കെ. ശ്യാമളക്കെതിരായ ആക്ഷേപവും ഉന്നയിച്ചാണ് ടി.കെ.ഗോവിന്ദന്റെ ഇരുട്ടടി.
രക്തസാക്ഷി ഫണ്ട് വിഷയം ഉയർത്തി പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ നേരത്തെ ഇറങ്ങിയതിനാൽ പ്രവർത്തകർക്കിടയിൽ വിശദീകരിക്കാനുള്ള അവസരം നേതൃത്വത്തിന് ലഭിച്ചിരുന്നു.എന്നാൽ തളിപ്പറമ്പിലെ ടി.കെ.ഗോവിന്ദന്റെ നീക്കം പ്രതിരോധിക്കാൻ പ്രചരണസമയത്തെ മാറ്റുവെക്കേണ്ടിവരുന്ന അവസ്ഥയാണുള്ളത്. തളിപ്പറമ്പ് മണ്ഡലത്തിൽ പ്രത്യേക ക്യാമ്പ് ഒരുക്കി കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി ഉൾപ്പെടെ മുതിർന്ന നേതാക്കൾ ഗൃഹ സമ്പർക്ക പരിപാടിയിലാണിപ്പോൾ.പി.ജയരാജൻ,​എം.വി.ജയരാജൻ തുടങ്ങിയ മുതിർന്ന നേതാക്കളും തളിപ്പറമ്പിലെ ആഘാതം കുറക്കാനുള്ള ദൗത്യത്തിലാണ്.


വിട്ടുവീഴ്ചയില്ലാതെ സുധാകരൻ
വിശദമായ ചർച്ചക്ക് നേതൃത്വം വേദിയൊരുക്കണമെന്നാണ് മുതിർന്ന നേതാവ് കെ.സുധാകരൻ ഇപ്പോഴും ആവശ്യപ്പെടുന്നത്. മത്സരിക്കണമെന്ന ആവശ്യത്തിൽ നിന്നും ഒട്ടും അദ്ദേഹം പിറകോട്ട് പോയിട്ടുമില്ല. 2021ൽ 1745 വോട്ടുകൾക്ക് മാത്രം നഷ്ടപ്പെട്ട കണ്ണൂർ മണ്ഡലത്തിൽ സുധാകരനെ പിണക്കി ഒരു ബദൽ സ്ഥാനാർത്ഥിയെ അവതരിപ്പിക്കുന്നതിന്റെ അപകടം നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. എംപിമാർക്കും മത്സരിക്കാൻ അവകാശമുണ്ടെന്നും പ്രവർത്തകരുടെ വികാരമാണ് താൻ മുൻനിർത്തുന്നതെന്നുമാണ് കെ.സുധാകരന്റെ വാദം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL