
പയ്യന്നൂർ: സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റിക്ക് കീഴിലെ രക്തസാക്ഷി ധനരാജ് കുടുംബസഹായ നിധിയുമായി ബന്ധപ്പെട്ട വിവാദം കത്തിച്ച് യു.ഡി.എഫ് പിന്തുണയിൽ മത്സരിക്കുന്ന വി.കുഞ്ഞികൃഷ്ണന്റെ കാമ്പയിൻ. പാർട്ടി മുൻ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മറ്റിയംഗവുമായിരുന്ന വി.കുഞ്ഞികൃഷ്ണൻ ബാങ്ക് രേഖകളുമായി ശക്തമായ ആരോപണമുയർത്തുമ്പോൾ വിശദീകരണവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് സി.പി.എം ക്യാമ്പ്.
സംസ്ഥാനത്ത് തന്നെ സി.പി.എമ്മിന്റെ ശക്തികേന്ദ്രമാണ് പയ്യന്നൂർ.പാർട്ടി അണികളെ ലക്ഷ്യമിട്ടാണ് കുഞ്ഞികൃഷ്ണൻ ഈ ഫണ്ട് വിവാദം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി ഉന്നയിക്കുന്നത്.എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.ഐ.മധുസൂദനനെ ലക്ഷ്യമിട്ടു തന്നെയാണ് ഈ പ്രചാരണം. കുഞ്ഞികൃഷ്ണന്റെ ആരോപണവും സി.പി.എമ്മിന്റെ പ്രത്യാരോപണവുമായി പയ്യന്നൂരിന്റെ അതിരുവിട്ടും വിവാദം കത്തിപ്പടരുന്നുണ്ട്.
'നിക്ഷേപം പിൻവലിച്ച് പലിശ നഷ്ടമാക്കി
സ്വന്തം അക്കൗണ്ടിലേക്ക് തുക മാറ്റി"
2016 ആഗസ്റ്റ് 16ന് രൂപീകരിച്ച ധനരാജ് കുടുംബസഹായ നിധിയിലേക്ക് വെറും രണ്ട് മാസത്തിനുള്ളിൽ 63 ലക്ഷത്തിലധികം രൂപ സ്വരൂപിച്ചിരുന്നു. ഈ തുകയിൽ നിന്ന് 40 ലക്ഷം രൂപ മുതിർന്ന നേതാക്കളായ ടി.ഐ. മധുസൂദനന്റെയും കെ.പി. മധുവിന്റെയും പേരിൽ 2016 നവംബർ 3ന് പയ്യന്നൂർ റെയിൽവേ ഗേറ്റ് ബ്രാഞ്ചിൽ ഫിക്സഡ് ഡെപ്പോസിറ്റ് ആക്കി മാറ്റിയെന്നാണ് കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നത്.
2018 വരെ രണ്ടു വർഷക്കാലം ഈ തുക നേതാക്കളുടെ പേരിൽ ബാങ്കിൽ തുടർന്നുവെന്നും വിവാദം ഉണ്ടായതോടെ 40 ലക്ഷം രൂപ ഫണ്ട് അക്കൗണ്ടിലേക്ക് തിരിച്ചടച്ചെങ്കിലും ആ കാലയളവിൽ ലഭിച്ച ലക്ഷക്കണക്കിന് രൂപ പലിശ നേതാക്കൾ സ്വന്തമാക്കിയെന്നും അദ്ദേഹം ആരോപിക്കുന്നു. കൂടാതെ, അഞ്ച് ലക്ഷം രൂപ ഏരിയ സെക്രട്ടറി സ്വന്തം പേരിലാക്കിയെന്നും ഭവന നിർമ്മാണത്തിന് ചെലവഴിച്ചെന്ന് കാണിക്കാൻ കള്ളരേഖ സൃഷ്ടിച്ചെന്നും ആരോപിക്കുന്നു.
കൈമാറ്റം വ്യക്തിഗത അക്കൗണ്ടിലേക്കല്ലെന്ന് സി.പി.എം
കുഞ്ഞികൃഷ്ണന്റെ ആരോപണം അപ്പാടെ നിഷേധിക്കുകയാണ് സി.പി.എം. ധനരാജ് ഫണ്ടിൽ നിന്ന് 20299 നമ്പർ അക്കൗണ്ടിലേക്ക് നടത്തിയ കൈമാറ്റം സി.പി.എം. പയ്യന്നൂർ ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ ഔദ്യോഗിക അക്കൗണ്ടിലേക്കാണെന്നുമാണ് ഏരിയ സെക്രട്ടറി പി.സന്തോഷിന്റെ വിശദീകരണം.
ആരോപണം ഉന്നയിക്കുന്ന കുഞ്ഞികൃഷ്ണൻ തന്നെ ഏരിയ സെക്രട്ടറിയായിരുന്ന കാലത്ത് ഈ അക്കൗണ്ട് ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി, ഇത് വ്യക്തിഗത അക്കൗണ്ടല്ലെന്ന് ആർക്കും ബോധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. 2016ലെ നോട്ടുനിരോധനത്തെ തുടർന്ന് ബാങ്കിംഗ് ഇടപാടുകളിൽ വന്ന നിയന്ത്രണം മൂലം വ്യത്യസ്ത അക്കൗണ്ടുകൾ വഴി പാർട്ടി ആവശ്യങ്ങൾക്കായി പണം ഇടപാട് ചെയ്യേണ്ടിവന്നിട്ടുണ്ടെന്നും ഇത് ഒരിക്കലും വ്യക്തിഗത ഉപയോഗത്തിനായിരുന്നില്ലെന്നും ഏരിയ കമ്മിറ്റി വിശദീകരിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |