SignIn
Kerala Kaumudi Online
Saturday, 25 April 2026 4.14 AM IST

ഭൂരിപക്ഷം ഉറപ്പിച്ച് എൽ.ഡി.എഫ്; മാറ്റം പ്രതീക്ഷിച്ച് യു.ഡി.എഫ്.

Increase Font Size Decrease Font Size Print Page
karayi
കാരായി രാജൻ

കണ്ണൂർ: കേരളത്തിലെ ഏറ്റവും ചരിത്രപ്രധാനമായ നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് തലശ്ശേരി. അറുപത്തൊൻപത് വർഷത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരിക്കൽ പോലും യു.ഡി.എഫിന് വിജയക്കൊടി പാറിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഈ മണ്ഡലത്തിൽ ഇത്തവണ മൂന്ന് മുന്നണികളുടെയും പുതുമുഖ സ്ഥാനാർത്ഥികളാണ് അങ്കം കുറിച്ചിരിക്കുന്നത്. 1977 മുതൽ തുടർച്ചയായി ഇടതുമുന്നണിക്കൊപ്പം നിന്ന മണ്ഡലം, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2024ലെ ലോക‌്‌സഭാ തിരഞ്ഞെടുപ്പിലും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും ഒരേ ഒരു ഉത്തരം നൽകി - എൽ.ഡി.എഫ് മാത്രം!

തുടർച്ചയായി രണ്ടു തവണ തലശ്ശേരിയെ നിയമസഭയിൽ പ്രതിനിധീകരിക്കുകയും സ്പീക്കർ പദവിയിലേക്ക് ഉയരുകയും ചെയ്ത എ.എൻ ഷംസീറിന് ഇത്തവണ സീറ്റ് ലഭിച്ചില്ല. പകരം, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും റബ്‌കോ ചെയർമാനും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കതിരൂർ പുല്യോട് സ്വദേശി കാരായി രാജനെയാണ് എൽ.ഡി.എഫ് കളത്തിലിറക്കിയത്. ഇ.കെ. നായനാർ, വി.ആർ. കൃഷ്ണയ്യർ, കോടിയേരി ബാലകൃഷ്ണൻ ഇങ്ങനെ ഇടതുപക്ഷ ചരിത്രത്തിലെ തലയെടുപ്പുള്ളവർ ജയിച്ചു കയറിയ മണ്ഡലത്തിൽ, മൂന്ന് പതിറ്റാണ്ടിനു ശേഷം ആദ്യമായി സംസ്ഥാന നേതൃനിരയിൽ അംഗമല്ലാത്ത ഒരു സ്ഥാനാർത്ഥിയെ സി.പി.എം ഇറക്കിയെന്നതും പ്രത്യേകതയാണ്.
69 വർഷത്തെ ഇടതുമേൽക്കോയ്മ തകർക്കാനുള്ള ദൗത്യവുമായി യു.ഡി.എഫ് ഇറക്കിയിരിക്കുന്നത് ഡി.സി.സി ജനറൽ സെക്രട്ടറിയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഡയറക്ടറുമായ കടവത്തൂർ സ്വദേശി കെ.പി. സാജുവിനെയാണ്. നിയമസഭയിലേക്ക് ഇദ്ദേഹത്തിന്റെ ആദ്യ മത്സരമാണ്. കേരളം ജയിക്കും, നമ്മൾ ജയിക്കും എന്ന മുദ്രാവാക്യവുമായി ജനങ്ങളെ സമീപിക്കുന്ന സാജുവിന്റെ പ്രചാരണം കേന്ദ്രീകരിക്കുന്നത് തലശ്ശേരിക്ക് ഒരു മാറ്റം അനിവാര്യമാണ് എന്ന ആശയത്തിലാണ്. സാംസ്‌കാരിക പൈതൃകമുള്ള ഈ ഭൂമി, ബോംബും അക്രമവും കൊണ്ട് അറിയപ്പെടരുതെന്നും ആ മഹനീയ ചരിത്രത്തിന്റെ ഖ്യാതി തിരിച്ചെടുക്കണമെന്നും അദ്ദേഹം പറയുന്നു.

ഇരിട്ടി സ്വദേശിയും ബി.ജെ.പി സംസ്ഥാന സമിതി അംഗവും യുവമോർച്ച സംസ്ഥാന സഹപ്രഭാരിയുമായായ ഒ. നിധീഷാണ് എൻ.ഡി.എ സ്ഥാനാർത്ഥി. എസ്.ഡി.പി.ഐ സ്ഥാനാർത്ഥി എ.സി. ജലാലുദ്ദീനും മത്സരരംഗത്തുണ്ട്.


കാരായി രാജൻ (എൽ.ഡി.എഫ്)

സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം, റബ്‌കോ ചെയർമാൻ, കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ്, കതിരൂർ പുല്യോട് സ്വദേശി. നിയമസഭയിൽ ആദ്യ മത്സരം.


കെ.പി. സാജു (യു.ഡി.എഫ്)

നിയമസഭയിലേക്ക് കന്നിയങ്കം. ഡി.സി.സി ജനറൽ സെക്രട്ടറി, തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി ഡയറക്ടർ, കടവത്തൂർ സ്വദേശി.


ഒ. നിധീഷ് (എൻ.ഡി.എ)

ബി.ജെ.പി സംസ്ഥാന സമിതി അംഗം, സംസ്ഥാന സഹ പ്രഭാരി യുവമോർച്ച, ബി.ജെ.പി ജില്ല പ്രഭാരി (കോഴിക്കോട് നോർത്ത്). ഇരിട്ടി സ്വദേശി. നിയമസഭയിൽ ആദ്യമത്സരം

2021

ആകെ വോട്ടർമാർ 175439
പോൾ ചെയ്തത് 132989
ശതമാനം : 75. 80
എ.എൻ. ഷംസീർ (എൽ.ഡി.എഫ്) 81,810
എം.പി. അരവിന്ദാക്ഷൻ ( യു.ഡി.എഫ്) 45,009
എൻ.ഡി.എ. സ്ഥാനാർത്ഥി ഇല്ല
ഭൂരിപക്ഷം: 36,801

2024 ലോക്‌സഭ

ഭൂരിപക്ഷം: 8,630


2025 തദ്ദേശം

ഭൂരിപക്ഷം: 40,586

TAGS: LOCAL NEWS, KANNUR, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.