കാസർകോട്: കേന്ദ്രസർക്കാറിന്റെ "ഒരു ജില്ല ഒരു ഉത്പന്നം'' പദ്ധതിയിൽ കാസർകോടിന്റെ അഭിമാന ഉത്പന്നമായി ചക്ക തിരഞ്ഞെടുത്തിട്ട് നാല് വർഷമായിട്ടും നടപടി പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. കഴിഞ്ഞ സീസണിലും ചക്കകൾ പറമ്പുകളിൽ പഴുത്ത് വീണ് നശിച്ചതായി വീട്ടുകാർ ഓർമ്മപ്പെടുത്തുന്നു.
മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ചക്കയിൽ നിന്നുണ്ടാക്കിയെങ്കിലും അത് വിൽക്കാൻ ഇടമില്ലാതെ പോയതാണ് കഴിഞ്ഞവർഷം പലർക്കും തിരിച്ചടിയായത്. തെക്കൻ കേരളത്തിൽ നിന്നുപോലും സീസണിൽ ചക്ക വാങ്ങാനായി കാസർകോട് ജില്ലയിലേക്ക് ആൾക്കാർ വരുമായിരുന്നു. എന്നാൽ കഴിഞ്ഞവർഷം അതും ഉണ്ടായില്ല. വീട്ടുകാർ പറിച്ചെടുത്ത് തെരുവോരങ്ങളിൽ വില്പനയ്ക്ക് വെച്ചുവെങ്കിലും അതും ഫലവത്തായില്ല.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ ചക്ക വിഭവങ്ങൾ ഒരുക്കി വിവിധ ഇടങ്ങളിൽ മഹോത്സവങ്ങൾ നടത്തിയതല്ലാതെ ചക്കയുടെ സംരക്ഷണത്തിനും സംഭരിക്കലിനും ജില്ലാ വ്യവസായ കേന്ദ്രം നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. പച്ച ചക്കയിൽ നിന്ന് തന്നെ ചക്ക പൗഡർ, ചക്ക ചിപ്സ്, ചക്ക ഐസ്ക്രീം, ചക്ക ജാം തുടങ്ങിയ ഒട്ടേറെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നുണ്ട്. ഇതു സംഭരിച്ച് വിപണിയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ ജില്ലയിലെ വ്യവസായിക വളർച്ചയ്ക്കും സഹായകമാവുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നുമുണ്ട്.
നേരത്തെ കാസർകോടിന് അനുവദിച്ചിരുന്നത് കല്ലുമ്മക്കായ ആയിരുന്നു. എന്നാൽ ജില്ലയുടെ വളരെ ചെറിയ പ്രദേശത്ത് മാത്രം കണ്ടുവരുന്ന കല്ലുമ്മക്കായേക്കാൾ വരുമാന സാധ്യത ജില്ലയിൽ എല്ലായിടത്തും സുലഭമായി ലഭിക്കുന്ന ചക്കയ്ക്ക് ഉള്ളതിനാലാണ് ജില്ലാ വ്യവസായ കേന്ദ്രം സമർപ്പിച്ച അപേക്ഷയിൽ കേന്ദ്രസർക്കാർ ജില്ലയുടെ ഉത്പന്നമായി 2022ൽ ചക്കയെ തിരഞ്ഞെടുത്തത്.
കേരള ജാക്ക് ഫ്രൂട്ട്
2018ൽ ചക്കയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി സംസ്ഥാന സർക്കാർ തന്നെ പ്രഖ്യാപിച്ചിരുന്നു. രാജ്യാന്തര തലത്തിൽ "കേരള ജാക്ക് ഫ്രൂട്ട്'' ബ്രാൻഡായി അവതരിപ്പിക്കുന്നതിന് മുന്നോടിയായിരുന്നു ഈ പ്രഖ്യാപനം. ചക്കയുടെ ഉത്പാദനവും വിതരണവും വർദ്ധിപ്പിക്കുക എന്നതായിരുന്നു സർക്കാർ ലക്ഷ്യമിട്ടതെങ്കിലും ഇവിടെയും തുടർനടപടികൾ കാര്യക്ഷമമായില്ല. ഈ വർഷം കാലാവസ്ഥ വ്യതിയാനം ഉത്പാദനത്തെ ബാധിക്കാത്തതുകൊണ്ടുതന്നെ വലിയ തോതിലുള്ള ഉത്പാദനം നടക്കുന്നുണ്ട്. എന്നാൽ ജില്ലയിലെ സ്വന്തം ഉത്പന്നം ആര് സംരക്ഷിക്കുമെന്ന കാര്യത്തിലാണ് ആശങ്ക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |