SignIn
Kerala Kaumudi Online
Sunday, 17 May 2026 5.10 AM IST

മട്ടലായിയിലെ വിള്ളൽ സന്ദർശിച്ച് ദേശീയപാത അതോറിറ്റി സംഘം

nhai

കാസർകോട്: മട്ടലായി ശിവക്ഷേത്രത്തിന് എതിർവശത്തുള്ള ദേശീയപാതയിൽ നിർമ്മാണത്തിനിടെ 100 മീറ്റർ ദൂരത്തിൽ

രൂപപ്പെട്ട വിള്ളൽ ദേശീയപാത അതോറിറ്റി ഉന്നതോദ്യോഗസ്ഥർ സന്ദർശിച്ചു. ജില്ലാ കളക്ടർ നിയോഗിച്ച അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് സംഘം സ്ഥലത്തെത്തിയത്. വെള്ളിയാഴ്ച സമീപന റോഡിന്റെ ഭിത്തിയിൽ വീണ്ടും വിള്ളൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ദേശീയപാത അതോറിറ്റി ഡെപ്യുട്ടി മാനേജർ( ടെക്നിക്ക) യാസിസ് ശ്രീവാസ്തവ, നിർമ്മാണ നിർവ്വഹണം നടത്തുന്ന എൻജിനിയർ വിങ്ങായ ലാസയിലെ ടീം ലീഡർ ബിക്ഷം റെഡ്ഡി, റസിഡന്റ് എൻജിനിയർ മനോജ് കുമാർ, മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ ചീഫ് ജനറൽ മാനേജർ ശ്രീരാമമൂർത്തി എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. നിർമ്മാണത്തിനിടെ വിള്ളൽ ഉണ്ടായ ഭാഗവും സമീപന, സർവ്വീസ് റോഡുകളുടെ നിർമ്മാണവും സംഘം വിശദമായി പരിശോധിച്ചു. ജില്ലാകളക്ടർ നിയോഗിച്ച ഉദ്യോഗസ്ഥ സംഘം നൽകിയ അന്വേഷണ റിപ്പോർട്ട് ചർച്ച ചെയ്തില്ലെന്നും ഉന്നത ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോർട്ട് ദേശീയപാത അതോറിറ്റിക്ക് നൽകുമെന്നും കരാർ കമ്പനി ഉദ്യോഗസ്ഥൻ സുനിൽകുമാർ പറഞ്ഞു.

ചതുപ്പുനിലമുളള ഭാഗത്ത് മണ്ണിട്ട് ഉയർത്തിയാണ് ഇവിടെ ദേശീയപാത നിർമ്മിച്ചത്.പ്രശസ്ത ശില്പി കാനായിയുടെ ഭവനവും സ്ഥലവുമടക്കം ഉണ്ടായിരുന്ന ഭാഗമാണിത്. മണ്ണിട്ടുയർത്തിയ സ്ഥലത്തെ റോഡിൽ വിള്ളൽ ഉണ്ടായത്. ഇക്കാര്യം പരിശോധിച്ചാണ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അന്വേഷണത്തിന് ഉത്തരവിട്ടത്. കാഞ്ഞങ്ങാട് ആർ.ഡി.ഒയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന് പിന്നാലെയാണ് എൻ.എച്ച്.എ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്.

കരാർ കമ്പനിയെ കുറ്റപ്പെടുത്തി അന്വേഷണറിപ്പോർട്ട്

ലെയറുകളായി ഉറപ്പിച്ചില്ല;മുകൾ ഭാഗം മാത്രം മിനുക്കി

ചതുപ്പ് നിലത്തിൽ വേണ്ടത്ര മുൻകരുതൽ എടുക്കാതെ പാത നിർമ്മിച്ചത് കരാർ കമ്പനിയുടെ ഗുരുതരമായ വീഴ്ചയാണെന്ന് ജില്ലാ കളക്ടർ നിയോഗിച്ച ഉദ്യോഗസ്ഥ സംഘത്തിന്റെ റിപ്പോർട്ട്. ചതുപ്പ് നിലം മണ്ണിട്ട് ഉയർത്തുമ്പോൾ ഓരോ ലെയറും പ്രത്യേകം ഉറപ്പിക്കേണ്ടതുണ്ട്. എന്നാൽ മണ്ണിട്ട ശേഷം ഉപരിതലം മിനുക്കുക മാത്രമാണ് ഇവിടെ ചെയ്തത്. ഇത് കരാർ കമ്പനിയുടെ വലിയ വീഴ്ചയാണ്. നേരത്തെ നൽകിയ നിർദ്ദേശങ്ങൾ ഒന്നും പാലിച്ചിരുന്നില്ല. ഓരോ ലെയറും ഉറപ്പിക്കാത്തതിനാൽ മഴ പെയ്യുമ്പോൾ ചതുപ്പ് നിലത്തിന് മുകളിൽ വീണ മണ്ണ് സ്വാഭാവികമായും അമർന്നുപോകും. മട്ടിലായിയിൽ ഇതാണ് സംഭവിച്ചതെന്നാണ് റിപ്പോർട്ടിലുള്ളത്. കാഞ്ഞങ്ങാട് ആർ.ഡി.ഒയുടെ പ്രതിനിധി സീനിയർ സൂപ്രണ്ട് ഇ.എം ബിജു, ഹൊസ്ദുർഗ് തഹസിൽദാർ പി.കെ പ്രേമാനന്ദ്, ഡപ്യൂട്ടി തഹസിൽദാർ പി.വി തുളസീരാജ്, സോയൽ കൺസർവേഷൻ ഓവർസീയർ കെ.നജിബുദ്ധീൻ, റംല.എൻ, മൈനിംഗ് ആന്റ് ജിയോളജി അസിസ്റ്റന്റ് ജിയോളജിസ്റ്റ് എൽ.അജിത്, കെ.അമൃത, ചന്തേര പൊലീസ് ഇൻസ്‌പെക്ടർ എം.വി ഷിജു, എം.വി.ഐ എം.വിജയൻ, പൊതുമരാമത്ത് വകുപ്പ് അസി എൻജിനീയർ എസ്. സുനിൽകുമാർ,.ഷാജി തയ്യിൽ, പിലിക്കോട് പഞ്ചായത്ത് സെക്രട്ടറി വി.മധുസൂദനൻ, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.എസ്. അരുണിമ എന്നിവർ കഴിഞ്ഞ 12 നാണ് സ്ഥലത്ത് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.


ദേശീയപാത അതോറിറ്റി ഡെപ്യുട്ടി മാനേജർ( ടെക്നിക്ക) യാസിസ് ശ്രീവാസ്തയുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം ഇന്നലെ ചെറുവത്തൂർ മട്ടിലായി ദേശീയപാത സന്ദർശിച്ചപ്പോൾ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL