SignIn
Kerala Kaumudi Online
Thursday, 25 June 2026 4.09 AM IST

തൃക്കലശാട്ടോടെ വൈശാഖ മഹോത്സവത്തിന് സമാപനം

kottiyur
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് സമാപനം കുറിച്ച് നടത്തിയ തൃക്കലശാട്ടം

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന് തൃക്കലശാട്ടത്തോടെ സമാപനം. ഇന്നലെ പുലർച്ചെ കലശമണ്ഡപത്തിൽ കലശാട്ടത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. വാകച്ചാർത്തിന് ശേഷം മണിത്തറയിലെ ചോതി വിളക്കിന്റെ തിരിനാളങ്ങൾ തേങ്ങാമുറികളിലേക്ക് പകർന്ന ശേഷം വിളക്ക് ഇറക്കി വെച്ചു. ഞെട്ടി പനയോലയും മുളകളും കൊണ്ട് നിർമ്മിച്ച ശ്രീകോവിൽ പിഴുത് തിരുവഞ്ചിറയിൽ നിക്ഷേപിച്ചു.

കലശമണ്ഡപത്തിൽ നിന്ന് കളഭ കുംഭങ്ങൾ പാരമ്പര്യ വാദ്യത്തിന്റെ അകമ്പടിയോടെ അടിയന്തരക്കാരായ സ്ഥാനികർ മണിത്തറയിലേക്ക് എഴുന്നള്ളിച്ചു. തുടർന്ന് പ്രധാന തന്ത്രിമാരുടെ കാർമ്മികത്വത്തിൽ പെരുമാൾക്ക് കളഭം അഭിഷേകം ചെയ്തു.

ആദ്യം വെള്ളിക്കുടത്തിലെയും തുടർന്ന് പൊന്നിൻ കുടത്തിലെയും കളഭമാണ് ആടിയത്. പരികലശം ആടിയതോടെ തൃക്കലശാട്ടം പൂർത്തിയായി.

തുടർന്ന് സർവ ബ്രാഹ്മണരും ചേർന്ന് പൂർണ പുഷ്പാഞ്ജലി അർപ്പിച്ചു. കുടിപതികൾ തിടപ്പള്ളിയിൽ കയറി തണ്ടിന്മേൽ ഊണും നടത്തി. മണിത്തറ ശുചീകരിച്ച ശേഷം മുതിരേരി വാൾ തിരിച്ചെഴുന്നള്ളിച്ചു. അമ്മാറക്കൽ തറയിൽ തൃച്ചന്ദനപ്പൊടി അഭിഷേകം ചെയ്തു. തുടർന്ന് മണത്തണ കരിമ്പനക്കൽ ഗോപുരത്തിലേക്ക് ഭണ്ഡാരം തിരിച്ച് എഴുന്നള്ളിച്ചതോടെ സ്ഥാനികരും ഊരാളന്മാരും സന്നിധാനം വിട്ടു. പ്രധാന തന്ത്രിയും ഓച്ചറും പന്തക്കിടാവും മാത്രമായപ്പോൾ തന്ത്രി യാത്രാ ബലി ആരംഭിച്ചു.

നിശ്ചിത സ്ഥാനങ്ങളിൽ ഹവിസ് തൂകി പാമ്പറപ്പാൻ തോട്ടിൽ എത്തിയപ്പോൾ ഹവിസ് സൂക്ഷിച്ച കായട്ട പന്തക്കിടാവിനെ ഏല്പിച്ച് കടന്നുവന്ന വഴികളിലേക്ക് തിരിഞ്ഞു നോക്കാതെ തന്ത്രി കൊട്ടിയൂരിന് പുറത്തേക്ക് പോയതോടെ വൈശാഖ മഹോത്സവത്തിന്റെ താന്ത്രിക കർമ്മങ്ങളും പൂർത്തിയായി.

വറ്റടി നാളായ ഇന്ന് സ്ഥാനികരായ ബ്രാഹ്മണർ അക്കരെ പ്രവേശിച്ച് സ്വയംഭൂ വിഗ്രഹത്തെ അഷ്ടബന്ധം കൊണ്ട് സുരക്ഷിതമായി ആവരണം ചെയ്യും. ഒരു ചെമ്പ് ചോറ് നിവേദ്യമായി സമർപ്പിച്ച് സന്നിധാനത്തിൽ നിന്ന് അവർ മടങ്ങും. ശേഷം ക്ഷേത്രകവാടം അടയ്ക്കും. അടുത്ത വർഷം ഇടവമാസത്തിൽ ചോതി വിളക്ക് തെളിയുംവരെ ദേവകളുടെ സാന്നിദ്ധ്യ ഭൂമിയിലേക്ക് ആർക്കും പ്രവേശനമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KOTTIYUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL