കണ്ണൂർ: ചാൻസലർ കൂടിയായ ഗവർണർ ഡോ. വിശ്വനാഥ് രാജേന്ദ്ര ആർലേക്കർ ജൂൺ ഒന്നിന് വിളക്കുകൊളുത്തി തുറന്ന കണ്ണൂർ സർവകലാശാലയിലെ ആർട്ട് ഗ്യാലറി, ഒരു മാസം തികയും മുൻപേ പൂട്ടിക്കിടക്കുന്നു. ഉദ്ഘാടന ദിവസം നിറഞ്ഞുനിന്ന പ്രദർശന വസ്തുക്കളിൽ ഭൂരിഭാഗവും കാണാനില്ലെന്നാണ് ജീവനക്കാർ ഉന്നയിക്കുന്ന ഗുരുതര ആരോപണം. നിലവിൽ ഗ്യാലറിയിൽ അവശേഷിക്കുന്നത് ഒരു തെയ്യത്തിന്റെ രൂപം മാത്രം. ഗവർണർ നേരിട്ട് സ്ഥാപിച്ച സ്മാരക ശിലാഫലകം പോലും ഇളക്കിമാറ്റിയ നിലയിലാണ്.
താവക്കര ക്യാമ്പസിലെ ഗുണ്ടർട്ട് ലൈബ്രറിയിൽ ഫോക്‌ലോർ അക്കാഡമിയുമായി സഹകരിച്ചാണ് സർവകലാശാല ഈ ആർട്ട് ഗ്യാലറി ഒരുക്കിയിരുന്നത്. ഉദ്ഘാടനത്തിന്റെ പ്രൗഢിക്കപ്പുറം, ഇത്രയും വേഗത്തിൽ വസ്തുക്കൾ അപ്രത്യക്ഷമായതെങ്ങനെയെന്ന ചോദ്യമാണ് ഇപ്പോൾ ക്യാമ്പസിൽ ഉയരുന്നത്.
അതേ ക്യാമ്പസിലെ കൈത്തറി മ്യൂസിയത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെയും പ്രദർശന വസ്തുക്കൾ കാണാനില്ലെന്ന പരാതി ജീവനക്കാർ ഉന്നയിക്കുന്നുണ്ട്. ഉദ്ഘാടനത്തിനു വേണ്ടി മാത്രമായിരുന്നോ ഈ രണ്ട് സ്ഥാപനങ്ങളും സജ്ജീകരിച്ചതെന്ന ഗുരുതരമായ സംശയമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.
'നവീകരണ'മെന്ന് വിശദീകരണം
സംഭവത്തിൽ സർവകലാശാല അധികൃതരുടെ വിശദീകരണം ഗ്യാലറിയിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണെന്നാണ്. എന്നാൽ ജൂൺ ആദ്യവാരം ഉദ്ഘാടനം ചെയ്ത ഒരു സ്ഥാപനത്തിൽ ഒരു മാസത്തിനകം എന്ത് നവീകരണമാണ് വേണ്ടിവരുന്നതെന്ന ചോദ്യം ഈ വിശദീകരണത്തെ കൂടുതൽ സംശയാസ്പദമാക്കുന്നു. ഗ്യാലറി യാഥാർത്ഥ്യത്തിൽ പൂർണമായി സജ്ജമായിരുന്നോ എന്ന അടിസ്ഥാന ചോദ്യം തന്നെയാണ് ഇപ്പോൾ പ്രസക്തമാകുന്നത്.
സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് നേരിട്ട് പരാതി നൽകാൻ സർവകലാശാലയിലെ ജീവനക്കാരുടെ സംഘടന ഒരുങ്ങുകയാണെന്നാണ് ലഭിക്കുന്ന വിവരം. താൻ ഉദ്ഘാടനം ചെയ്ത സ്ഥാപനത്തിൽ നടന്ന ക്രമക്കേടിൽ ഗവർണർ എന്ത് നിലപാടെടുക്കുമെന്നത് ശ്രദ്ധേയമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |