SignIn
Kerala Kaumudi Online
Thursday, 16 July 2026 4.41 AM IST

നഴ്‌സുമാരുടെ സമരം:  പ്രതിഷേധത്തിനിടെ സംഘർഷം

nurse
കണ്ണൂർ കൊയിലി ആശുപത്രിയിൽ സമരം തുടരുന്ന നഴ്സുമാർ ആശുപത്രിക്ക് മുന്നിൽ കഞ്ഞി വച്ച് പ്രതിഷേധിച്ചപ്പോൾ.

കണ്ണൂർ: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരത്തിൽ ഒത്തുതീർപ്പിന് തയ്യാറാകാത്ത കൊയിലി ആശുപത്രി മാനേജ്‌മെന്റിനെതിരായ പ്രതിഷേധത്തിനിടെ സംഘർഷം. ആശുപത്രിക്ക് മുന്നിൽ ആരംഭിച്ച രാപകൽ സമരത്തിനിടെ ഇന്നലെ ഉച്ചയോടെയാണ് സംഘർഷമുണ്ടായത്. ഒത്തുതീർപ്പിന് തയ്യാറായില്ലെന്ന് ആരോപിച്ച് ആശുപത്രി മെഡിക്കൽ സുപ്രണ്ട് പി.കെ ഗംഗാധരൻ നായരെ നഴ്‌സുമാർ ഉപരോധിക്കുകയായിരുന്നു. ഉപരോധത്തിനിടെ മെഡിക്കൽ സുപ്രണ്ട് നഴ്‌സുമാരെ തല്ലിയതായും ആരോപണമുയർന്നു. സംഘർഷത്തിനിടെ പരിക്കേറ്റ നഴ്‌സുമാരായ അഞ്ജു തോമസ്, ഷാലു ജോർജ് എന്നിവർ കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സതേടി.

തുടർന്ന് നഴ്‌സുമാർ സമരം ആശുപത്രിയുടെ അകത്തേക്ക് മാറ്റി. ഡോ. വി. സുരേഷിന്റെ ഒ.പിക്ക് മുന്നിൽ മുദ്രാവാക്യം വിളികളോടെ ഉപരോധ സമരം നടത്തി. ഉപരോധം തുടരുന്നതിനിടെ വൈകീട്ട് 4 മണിയോടെ മാനേജ്‌മെന്റ് ചർച്ചയ്ക്ക് തയ്യാറായെങ്കിലും പരിഹാരം കാണാനായില്ല.

ഇന്നലെ രാവിലെ നഴ്‌സുമാരുടെ സമരപ്പന്തലിന് മുന്നിൽ ആംബുലൻസ് നിർത്തിയിട്ടത് നേരിയ സംഘർഷത്തിനിടയാക്കിയിരുന്നു. സമരക്കാർ ആംബുലൻസ് ആശുപത്രി കവാടത്തിനടുത്തായി മാറ്റിയിട്ടു. ഒടുവിൽ പൊലീസ് നിലപാട് കടുപ്പിച്ചതോടെയാണ് കൊയിലി ആശുപത്രിയുടെ ആംബുലൻസ് അവിടെ നിന്നും മാറ്റാൻ തയ്യാറായത്.

ആശുപത്രിക്കുള്ളിൽ സമരം തുടങ്ങിയതോടെ ഒ.പി. വിഭാഗത്തിൽ ചികിത്സക്കെത്തിയ നിരവധി രോഗികളാണ് ഡോക്ടറെ കാണാനാവാതെ മടങ്ങിയത്. ഇത് രോഗികളുടെ കൂടെ വന്നവരും സമരക്കാരുമായി വാക്കുതർക്കത്തിനും കാരണമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, NURSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL