SignIn
Kerala Kaumudi Online
Friday, 24 July 2026 3.49 AM IST

സ്വപ്നഭവനത്തിൽ മൂന്ന് വർഷം;പോരാട്ടം മതിയാക്കി ഉദ്ദേശ് കുമാർ മടങ്ങി

thakkol

കാസർകോട്: എൻഡോസൾഫാൻ ദുരിത ബാധിതനായ ചെങ്കള ചെർളടുക്കത്തെ ഗോപാലൻ-ശാരദ ദമ്പതികളുടെ മകൻ ഉദ്ദേശ് കുമാർ (35) ഒടുവിൽ മരണത്തിന് കീഴടങ്ങി.സ്വന്തമായി ഒരു തുണ്ടു ഭൂമിയില്ലാതെ കാസർകോട് അണങ്കൂരിലെ ബന്ധുവിന്റെ കൂരയിൽ കഴിഞ്ഞിരുന്ന യുവാവിന്റെ അനുഭവം കേരളകൗമുദി പുറംലോകത്തെ അറിയിച്ചതിന് പിന്നാലെ റവന്യു മന്ത്രിയായിരുന്ന കെ.രാജൻ ഇടപെട്ട് സർക്കാർ അനുവദിച്ച ഭൂമിയിൽ അഭ്യുദയകാംക്ഷികൾ നിർമ്മിച്ചുനൽകിയ സ്വപ്നഭവനത്തിൽ മൂന്നുവർഷം താമസിച്ച ശേഷമാണ് ഉദ്ദേശ് കുമാറിന്റെ മടക്കം.

വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ അമ്മ ശാരദയുടെ മടിയിൽ തലചായ്ച്ചിരിക്കെ ശ്വാസതടസം സംഭവിച്ച ഉദ്ദേശിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷം മരണം സ്ഥിരീകരിച്ചു. മഴക്കാലം തുടങ്ങിയത് മുതൽ ഉദ്ദേശ്കുമാറിന് ശ്വാസതടസം പതിവായിരുന്നു. ഉദ്ദേശ് കുമാറിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ സദാ പ്രയത്നിച്ചിരുന്ന സഹോദരങ്ങളായ വിഘ്‌നേഷും വിജേഷും മരണസമയത്ത് അടുത്തുണ്ടായിരുന്നു. വീട്ടിൽ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി വൈകുന്നേരം ഏഴ് മണിയോടെ പൈക്കയിലെ സമുദായ ശ്‌മശാനത്തിൽ സംസ്ക്കാര ചടങ്ങുകൾ നടത്തി.

നെല്ലിക്കട്ട- പൈക്ക വില്ലേജിലെ ചെർളടുക്കത്തെ അഞ്ച് സെന്റ് ഭൂമിയിലാണ് ഉദ്ദേശ് കുമാറിന്റെ വീട്.

എന്മകജെയുടെ കഥാകാരനുമായ ഡോ. അംബികാസുതൻ മാങ്ങാടിന്റെയും എഴുത്തുകാരിയും റെയിൽവെ ഉദ്യോഗസ്ഥയുമായ ബിന്ദു മരങ്ങാടിന്റെയും സഹായത്തോടെ കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ 1983-88 ബാച്ച് സിവിൽ എൻജിയറിംഗ് ബ്രാഞ്ചിന്റെ കൂട്ടായ്മയായ 'ടാസ്‌ക്' ചാരിറ്റബിൾ സൊസൈറ്റിയാണ് 11.5 ലക്ഷം രൂപ ചിലവിൽ ഇത് നിർമ്മിച്ചുനൽകിയത്.

മനസിനെ ഏറെ നൊമ്പരപ്പെടുത്തുന്നതായി ഉദ്ദേശ് കുമാറിന്റെ മടക്കയാത്ര. ദുരിതപെയ്ത്തിലും പ്രതികൂല സാഹചര്യങ്ങളെ തോൽപ്പിച്ചുകൊണ്ട് ഈ ചെറുപ്പക്കാരൻ ഏറെക്കാലം ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- ഡോ.അംബികാസുതൻ മാങ്ങാട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, UDDESH KUMAR STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL