SignIn
Kerala Kaumudi Online
Friday, 24 July 2026 3.49 AM IST

പുലി ഭീതിയിൽ ചെങ്ങളായി   പശുക്കിടാവിനെ കൊന്നു;കാട്ടുപന്നിയെ പിടിച്ചു

kulathoor-

നടുവിൽ(കണ്ണൂർ): തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ കൊന്നുതിന്നതടക്കമുള്ള തെളിവുകൾ ചൂണ്ടിക്കാട്ടി ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പുലിയുടെ ഭീഷണിയുള്ളതായി ആശങ്ക രേഖപ്പെടുത്തി നാട്ടുകാർ. കുളത്തൂരിലും ചുഴലിയിലും പുലിയെ കണ്ടെന്ന നാട്ടുകാരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് ജാഗ്രതയിലാണ്.

ചുഴലി പടിഞ്ഞാറേമൂലയിലെ ക്ഷീരകർഷകൻ എം.ടി.വിനോദിന്റെ തൊഴുത്തിൽ ഈ മാസം 21ന് പുലർച്ചെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. നാലുപശുക്കളൊണ് തൊഴുത്തിൽ ഉണ്ടായിരുന്നത്. കെട്ടിയിട്ടിരുന്ന പശുക്കിടാവിനെ മീറ്ററോളം ദൂരേക്ക് വലിച്ചുകൊണ്ടുപോയി കൊന്ന ശേഷം മാംസം ഭക്ഷിക്കുകയും ചെയ്തു. ഏതോ അജ്ഞാത ജീവിയാണ് പശുക്കിടാവിനെ കൊന്നതെന്ന സംശയത്തിലായിരുന്നു ആദ്യം വീട്ടുകാർ.സംഭവത്തിന് ശേഷം വീട്ടുകാർ വീണ്ടും ലൈറ്റണച്ചപ്പോൾ പശുക്കിടാവിന്റെ മാംസം തിന്നാൻ പുലി വീണ്ടുമെത്തിയിരുന്നു. ഇവിടെ നിന്ന് കണ്ടെത്തിയ കാൽപാടുകളാണ് പുലിയാണെന്ന സംശയത്തിനിടയാക്കിയത്.

തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ചർ സനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനകൾക്ക് ശേഷം സ്ഥലത്ത് ക്യാമറകൾ സ്ഥാപിച്ചിരുന്നു. വന്യജീവി വീണ്ടുമെത്തുമെന്ന സംശയത്തിൽ പശുക്കിടാവിന്റെ ജഢം പോസ്റ്റ്‌മോർട്ടത്തിനുശേഷം സംസ്‌കരിക്കാതെ സ്ഥലത്തുതന്നെ സൂക്ഷിച്ചിരിക്കുകയാണ്.

ഇന്നലെ രാവിലെ ചെങ്ങളായി ഗ്രാമ പഞ്ചായത്തിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് ബി.പി. വിപിന , വൈസ് പ്രസിഡന്റ് കെ.കെ.രവി,വില്ലേജ് ഓഫീസർ എം.പി രാജൻ,​ തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.വി.സനൂപ് കൃഷ്ണൻ ശ്രീകണ്ഠാപുരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ.ബാലൻ എന്നിവരുടെ നേതൃത്വത്തിൽ വനം വകുപ്പ് ജീവനക്കാർ , വാർഡ് മെമ്പർമാർ, നാട്ടുകാർ, സജ്ജം അംഗങ്ങൾ,കർഷക രക്ഷാ സേനാ ഷൂട്ടേഴ്സ് അംഗങ്ങൾ എന്നിവരടങ്ങുന്ന 60 ഓളം പേർ സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന.

കുളത്തൂരിൽ കാട്ടുപന്നിയെ വേട്ടയാടിപ്പിടിച്ച് പുലി

കുളത്തൂരിലെ റബർ തോട്ടത്തിൽ ബുധനാഴ്ച രാത്രി കാട്ടുപന്നിയെ പുലിയെ കടിച്ചുകൊണ്ടുപോകുന്നതായി കണ്ടതായും നാട്ടുകാർ പറയുന്നു. പന്നിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോഴാണ് നാട്ടുകാർ പുലിയെ കണ്ടത്.തുടർന്ന് വനംവകുപ്പ് ഉദ്യാഗസ്ഥർ നടത്തിയ പരിശോധനയിൽ കാൽപാടുകൾ കണ്ടെത്തിയിരുന്നു . ഇവിടെയും സി സി ടി.വി സ്ഥാപിക്കാൻ തീരുമാനമായിട്ടുണ്ട്.

തെർമൽ ഡ്രോൺ പരിശോധന നടത്തും

പുലിയുടെ കാല്പാടുകൾ കാണപ്പെട്ട ചുഴലി പടിഞ്ഞാറെ മൂല , കൊളത്തൂർ എന്നിവിടങ്ങളിലെ കാടുമൂടി കിടക്കുന്ന പ്രദേശങ്ങളിൽ രാത്രിയിൽ തെർമൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തുമെന്ന് തളിപ്പറമ്പ് റെയിഞ്ച് ഓഫീസർ അറിയിച്ചു.വസ്തുക്കളിൽ നിന്നും ജീവികളിൽ നിന്നുമുള്ള താപം കണ്ടെത്തി ദൃശ്യങ്ങളും ചിത്രങ്ങളും പകർത്താൻ കഴിയുന്ന ഇൻഫ്രാറെഡ് ക്യാമറകൾ ഘടിപ്പിച്ച ഡ്രോണുകളാണിവ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL