കണ്ണൂർ: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ 120 ഡോക്ടർമാരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോഴും നടപടി സ്വീകരിക്കാതെ അധികൃതർ. മഴക്കാല രോഗങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ഡോക്ടർമാരുടെ കുറവ് സാധാരണക്കാരായ രോഗികളെയാണ് ഏറ്റവുമധികം ദുരിതത്തിലാക്കുന്നത്.
താലൂക്ക് ആശുപത്രികൾ ഉൾപ്പെടെയുള്ള പ്രധാന ആരോഗ്യ കേന്ദ്രങ്ങളിൽ രൂക്ഷമായ അവസ്ഥയാണ് നിലവിലുള്ളത്. ഇരിട്ടി, കൂത്തുപറമ്പ്, പേരാവൂർ, ഇരിക്കൂർ, പെരിങ്ങോം തുടങ്ങിയ താലൂക്ക് ആശുപത്രികൾക്ക് പുറമെ കല്ല്യാശ്ശേരി എഫ്.എച്ച്.സി, മാങ്ങാട്ടുപറമ്പ് വുമൺ ആൻഡ് ചൈൽഡ് ആശുപത്രി, പാനൂർ സി.എച്ച്.സി, കൂട്ടുമുഖം സി.എച്ച്.സി, കരിക്കോട്ടക്കരി പി.എച്ച്.സി തുടങ്ങിയ പ്രധാന സ്ഥാപനങ്ങളിലെല്ലാം ജനറൽ, സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലാണ് ഡോക്ടർമാരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത്.
വർഷങ്ങൾക്ക് മുമ്പത്തെ സ്റ്റാഫ് പാറ്റേൺ പ്രകാരമാണ് ഇപ്പോഴും ഈ ആശുപത്രികൾ പ്രവർത്തിക്കുന്നത്. രോഗികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടും ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുകയോ നിലവിലുള്ള ഒഴിവുകൾ നികത്തുകയോ ചെയ്തിട്ടില്ലെന്നാണ് ആക്ഷേപം. ഈ തസ്തികകൾ നികത്താത്തത് നിലവിലുള്ള ഡോക്ടർമാരുടെ ജോലിഭാരം വർദ്ധിപ്പിക്കുകയും ചികിത്സാ നിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുകയാണ്. സ്റ്റാഫ് പാറ്റേണിൽ കാലാനുസൃതമായ മാറ്റം വരുത്താൻ വർഷങ്ങളായി മേഖലയിലുള്ളവർ ആവശ്യപ്പെടുന്നുണ്ടെങ്കിലും മാറിമാറി വരുന്ന സർക്കാരുകളൊന്നും ഇതിന് തയ്യാറായിട്ടില്ല. ഡോക്ടർമാരുടെ കുറവ് മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളെയും ദൈനംദിന ചികിത്സകളെയും സാരമായി ബാധിച്ചുകഴിഞ്ഞു. രോഗികൾക്ക് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യം ഒഴിവാക്കാൻ ആരോഗ്യവകുപ്പും സർക്കാരും അടിയന്തരമായി ഇടപെടേണ്ടതാണ്.
മരുന്നു ക്ഷാമവും
ജില്ലയിലെ മിക്ക സർക്കാർ ആശുപത്രികളിലും മരുന്നുക്ഷാമവുമുണ്ട്. മഴക്കാലത്തുണ്ടാകുന്ന പകർച്ചവ്യാധി രോഗങ്ങൾക്കു പോലും മിക്ക പി.എച്ച്.സികളിലും മരുന്നില്ലാത്ത സാഹചര്യമാണ്. പല രോഗികൾക്കും പുറത്തു നിന്നും മരുന്ന് വാങ്ങേണ്ട സാഹചര്യവുമുണ്ടായിട്ടുണ്ട്. പൊതുജനാരോഗ്യ സംവിധാനം പ്രതിസന്ധിയിലാക്കാതെ, നിലവിലുള്ള ഒഴിവുകൾ അടിയന്തരമായി നികത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്ന് കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
അടിയന്തരമായി മുഴുവൻ ഒഴിവുകളിലും ഡോക്ടർമാരെ നിയമിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകും.
ഡോ. വി.എസ്.ജിതിൻ, ജില്ലാ പ്രസിഡന്റ് , കെ.ജി.എം.ഒ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |