
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിയിൽ നിന്ന് കരകയറാൻ പയ്യന്നൂരിൽ സി.പി.എം സംഘടനാ സംവിധാനത്തിൽ മാറ്റത്തിനൊരുങ്ങുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ നേരിട്ടെത്തിച്ച് രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിക്കാനാണ് പാർട്ടി തീരുമാനം. തോൽവിക്ക് ശേഷം അദ്ദേഹം ആദ്യമായാണ് പയ്യന്നൂരിലെത്തുന്നത്.
പയ്യന്നൂരിലെ വോട്ട് ചോർച്ചയുടെ കാരണങ്ങൾ കണ്ടെത്തി പരിശോധിക്കാൻ ജില്ലാ കമ്മറ്റിക്ക് സംസ്ഥാന നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ തോൽവികളിൽ സി.പി.എമ്മിനെ ഏറ്റവും ഞെട്ടിച്ചത് പയ്യന്നൂരിലേതാണ്. പാർട്ടി കോട്ടയെന്നറിയപ്പെട്ടിരുന്ന മണ്ഡലത്തിൽ 1996ൽ പിണറായി വിജയൻ തന്നെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
തോൽവിക്ക് പിന്നാലെ പയ്യന്നൂർ ഏരിയ കമ്മിറ്റിക്കെതിരെ പാർട്ടിക്കുള്ളിൽ വിമർശനം ശക്തമായിരുന്നു. കമ്മിറ്റി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നഗരത്തിൽ ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. നേതൃമാറ്റം സംബന്ധിച്ച വാർത്തകൾ അടിസ്ഥാനരഹിതമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കിയിരുന്നെങ്കിലും സംഘടനാ സംവിധാനത്തിൽ മാറ്റം അനിവാര്യമാണെന്ന നിലപാടിലാണ് ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾ.
സംഘടനാപരമായ അഴിച്ചുപണിക്കൊപ്പം രാഷ്ട്രീയമായി ജനങ്ങളെ അഭിമുഖീകരിക്കാനുള്ള നീക്കം കൂടിയാണ് ഈ മാസം 29ന് നടക്കുന്ന പിണറായി വിജയന്റെ സന്ദർശനം. വി.കുഞ്ഞികൃഷ്ണന്റെ ജയം അസാധുവാക്കാൻ നടത്തുന്ന നിയമപോരാട്ടത്തിനൊപ്പം രാഷ്ട്രീയ പോരാട്ടം കൂടി നടത്തുകയാണ് നിലനിൽപ്പിനായി പാർട്ടി പയ്യന്നൂരിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |