
കണ്ണൂർ: ടാർപ്പോളിൻ വലിച്ചുകെട്ടിയ മൺകോർട്ട്. ഇടയ്ക്കിടെ പെയ്യുന്ന മഴ. ചെളി നിറയുന്ന നിലം. കണ്ണൂർ ചെറുപുഴയിലെ വീട്ടുമുറ്റത്തെ ആ മൺകോർട്ടിൽ നിന്നാണ് ട്രീസ ജോളി ബാഡ്മിന്റൺ ലോകത്തേക്ക് കടന്നുവരുന്നത്.ഇന്നിപ്പോൾ രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതികളിലൊന്നായ അർജുന പുരസ്‌കാരം ട്രീസയിലേക്ക് എത്തുമ്പോൾ ജന്മനാടും അഭിമാനച്ചിറകിലാണ്.
കായികാദ്ധ്യാപകനായ അച്ഛൻ ജോളി മാത്യുവിന്റെ കൈപിടിച്ചാണ് ട്രീസ ആദ്യമായി കോർട്ടിലിറങ്ങിയത്. അഞ്ചാം വയസ്സിൽ ഷട്ടിൽ ബാറ്റ് കൈയിലേറ്റുവാങ്ങി.രണ്ടു വർഷത്തിനുള്ളിൽ അണ്ടർ 10 സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധികരിച്ചു. പത്താം വയസ്സിൽ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി കോർട്ടിലിറങ്ങി. ഏഴാം ക്ലാസ് വരെ അച്ഛനു കീഴിൽത്തന്നെയായിരുന്നു പരിശീലനം. പുളിങ്ങോം എന്ന മലയോര ഗ്രാമത്തിൽ അന്ന് ബാഡ്മിന്റൺ കോർട്ടുകളോ മറ്റ് സൗകര്യങ്ങളോ ഇല്ലായിരുന്നുവെന്നതും ചേർത്തുവായിക്കണം.
തേച്ചുമിനുക്കി ഗോപീചന്ദ് അക്കാഡമി
പിന്നീട് കണ്ണൂർ സർവകലാശാല കായിക മേധാവി അനിൽ രാമചന്ദ്രന്റെ കീഴിലേക്ക് പരിശീലനം മാറ്റിയ ട്രീസ, കൂടുതൽ പ്രൊഫഷണലാകാനുള്ള ലക്ഷ്യത്തോടെ ഹൈദരാബാദിൽ പുല്ലേല ഗോപീചന്ദിന്റെ അക്കാഡമിയിൽ പരിശീലനം തുടങ്ങിയ കാലത്താണ് ഇതിഹാസ താരത്തിന്റെ മകൾ ഗായത്രി ഡബിൾസിൽ ഒരു പങ്കാളിയെ തേടുന്നത്. ബാക്ക് കോർട്ടിൽ നിന്ന് ആക്രമണോത്സുകമായി കളിക്കുന്ന ഒരു പങ്കാളിയെ തേടിയ ഗായത്രിയുടെ അന്വേഷണം ചെന്നെത്തിയത് ട്രീസയിലായിരുന്നു.
2021ൽ സ്‌പെയിൻ മാസ്റ്റേഴ്സിലൂടെയായിരുന്നു ട്രീസ-ഗായത്രി കൂട്ടുകെട്ടിന്റെ അന്താരാഷ്ട്ര അങ്ങേറ്റം. അതേ വർഷം പോളിഷ് ഇന്റർനാഷണലിൽ റണ്ണറപ്പായി. ഇന്ത്യ ഇന്റർനാഷണൽ ചലഞ്ചിലായിരുന്നു കൂട്ടുകെട്ടിന്റെ ആദ്യ കിരീടം . തൊട്ടടുത്ത വർഷം വെറും 19ാം വയസ്സിൽ വിഖ്യാതമായ ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സെമിഫൈനൽ വരെ സഖ്യം മുന്നേറി. അതും രണ്ടാം സീഡായ കൊറിയൻ സഖ്യത്തെ അട്ടിമറിച്ച്.
ബെർമിങ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ മിക്സഡ് ടീം ഇനത്തിൽ വെള്ളിയും വനിതാ ഡബിൾസിൽ വെങ്കലവും കഴുത്തിലണിഞ്ഞ ട്രീസ 2023ൽ ദുബായിൽ നടന്ന ഏഷ്യൻ മിക്സഡ് ചാമ്പ്യൻഷിപ്പിൽ വെങ്കലവും 2024ൽ ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പിൽ വനിതാ ഡബിൾസിൽ സ്വർണവും നേടി. ഇന്ത്യ ആദ്യമായി ഏഷ്യൻ ടീം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ സ്വർണം നേടിയ ചരിത്ര മുഹൂർത്തത്തിലും ട്രീസയുടെ റാക്കറ്റ് തിളങ്ങിനിന്നു.
ട്രീസയുടെ വരവോടെ കേരളത്തിന്റെയും പേര് വനിതാ ബാഡ്മിന്റണിൽ രേഖപ്പെടുത്തിയിരിക്കുന്നു ഇപ്പോൾ. ഡെയ്സിയാണ് ട്രീസയുടെ മാതാവ്. സഹോദരി: മരിയ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |