SignIn
Kerala Kaumudi Online
Friday, 21 August 2026 2.34 AM IST

സ്ത്രീകൾക്ക് വരുമാന വഴിയൊരുക്കി ഡീപ് ക്ലീനിംഗ് കണ്ണൂരിലും

cleani
ഡീപ് ക്ലീനിംഗ്


കണ്ണൂർ: ചൂലും തുണിയും കൈയിലെടുത്താൽ അത് വീട്ടുജോലി മാത്രമല്ല, മികച്ചൊരു തൊഴിൽ സംരംഭമായി മാറാമെന്ന് തെളിയിക്കുകയാണ് കണ്ണൂരിലെ ഒരു കൂട്ടം സ്ത്രീകൾ. അടുക്കളയിലെ എണ്ണക്കറ മുതൽ സ്ഥാപനങ്ങളിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള പൊടിപടലം വരെ ശാസ്ത്രീയമായി വൃത്തിയാക്കുന്ന ഡീപ് ക്ലീനിംഗ് എന്ന തൊഴിൽ മേഖല ജില്ലയിൽ പുതിയൊരു സംരംഭക സാദ്ധ്യതയാകുകയാണ്.
വീടുകളും സ്ഥാപനങ്ങളും ആഴത്തിൽ ശുചീകരിക്കുന്ന ഡീപ് ക്ലീനിംഗ് സംരംഭങ്ങൾ ആരംഭിക്കാൻ താൽപര്യമുള്ളവർക്കായി ടെക്നീഷ്യൻസ് ആൻഡ് ഫാർമേഴ്സ് കോ ഓർഡിനേഷൻ സൊസൈറ്റി (ടാഫ്‌കോസ്) കണ്ണൂർ യൂണിറ്റ് സൗജന്യ പരിശീലനം നൽകുകയാണ്. 45 വയസ്സിന് താഴെയുള്ള വനിതകൾക്കാണ് അവസരം. വിദ്യാഭ്യാസ യോഗ്യത തടസ്സമല്ലാത്തതിനാൽ, ജോലി തേടി അലയുന്ന സാധാരണക്കാരായ വീട്ടമ്മമാർക്കും യുവതികൾക്കും ഇത് പുതിയൊരു വാതിൽ തുറന്നിടുന്നു.

രണ്ട് ദിവസം നീളുന്ന അടിസ്ഥാന പരിശീലനമാണ് ആദ്യഘട്ടത്തിൽ നൽകുക. ഫർണിച്ചർ, ടൈൽ, സോഫ, കാർപെറ്റ്, അടുക്കള ഉപകരണങ്ങൾ, ബാത്ത്‌റൂം എന്നിവയുടെ ശാസ്ത്രീയമായ ശുചീകരണ രീതികൾ, ഉപയോഗിക്കേണ്ട രാസവസ്തുക്കളും ഉപകരണങ്ങളും, സുരക്ഷാ മുൻകരുതലുകൾ എന്നിവയാണ് പരിശീലനത്തിൽ ഉൾപ്പെടുത്തുന്നത്. പരിശീലനത്തിന് ഫീസ് ഈടാക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

നിലവിൽ ബ്യൂട്ടീഷൻ, ടെയ്ലറിംഗ്, കാറ്ററിംഗ് തുടങ്ങിയ പരമ്പരാഗത സ്വയംതൊഴിൽ മേഖലകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന വനിതാ സംരംഭകത്വത്തിന് ഡീപ് ക്ലീനിംഗ് പോലുള്ള പുതിയ മേഖലകൾ കൂടുതൽ വൈവിദ്ധ്യം നൽകുമെന്നാണ് വിലയിരുത്തൽ.


ആവശ്യകത ശക്തം

നഗരവത്കരണവും തിരക്കേറിയ ജീവിതശൈലിയും കേരളത്തിലെ വീടുകളിലും സ്ഥാപനങ്ങളിലും ക്ലീനിംഗ് സേവനങ്ങൾക്കുള്ള ആവശ്യകത വർദ്ധിപ്പിച്ചിട്ടുണ്ട്. ഇരു കുടുംബാംഗങ്ങളും ജോലിക്ക് പോകുന്ന വീടുകൾ, ഗൾഫിൽ നിന്ന് അവധിക്ക് വരുന്നവരുടെ അടച്ചിട്ട വീടുകൾ, ഓഫീസുകൾ, ഹോട്ടലുകൾ, ഫ്ലാറ്റുകൾ എന്നിവിടങ്ങളിലെല്ലാം സ്ഥിരമായ ശുചീകരണ സേവനങ്ങൾക്ക് ആവശ്യക്കാർ ഏറുകയാണ്. ഈ സാഹചര്യം മുതലെടുത്ത് ചെറുകിട സംരംഭങ്ങൾ വിജയകരമായി നടത്താൻ കഴിയുമെന്നാണ് ടാഫ്‌കോസിന്റെ വിലയിരുത്തൽ.

സാമ്പത്തിക ബാദ്ധ്യതയില്ലാത്ത ചെറുകിട സംരംഭം
പരിശീലനം പൂർത്തിയാക്കുന്നവരെ കൂട്ടിച്ചേർത്ത് സ്വയംസഹായ സംഘങ്ങളുടെ മാതൃകയിൽ ചെറുകിട ക്ലീനിംഗ് സംരംഭങ്ങൾ രൂപീകരിക്കാനും ടാഫ്‌കോസ് സഹായം നൽകും. കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കാവുന്ന സംരംഭം എന്ന നിലയിൽ, തുടക്കത്തിൽ വലിയ സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ സ്ത്രീകൾക്ക് സ്വന്തമായി വരുമാനമുണ്ടാക്കാൻ കഴിയുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ജില്ലയിലെ ഏത് ഭാഗത്തും ഇത്തരം സംരംഭങ്ങൾ രൂപീകരിക്കാമെന്നതിനാൽ, ഗ്രാമപ്രദേശങ്ങളിലുള്ളവർക്കും അവസരം പ്രയോജനപ്പെടുത്താം. ശാരീരികാധ്വാനം ആവശ്യമുള്ള ജോലിയാണെങ്കിലും, ശരിയായ പരിശീലനവും ഉപകരണങ്ങളും ലഭിച്ചാൽ ഈ മേഖലയിൽ സ്ഥിരവരുമാനം ഉറപ്പാക്കാൻ കഴിയുമെന്ന് പദ്ധതി ഏകോപിപ്പിക്കുന്നവർ പറയുന്നു.


പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 28നകം അപേക്ഷ സമർപ്പിക്കണം.

വിശദാംശങ്ങൾക്ക് ബന്ധപ്പെടാം

92073 31430.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KITCHEN CLEANING TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL