കാസർകോട്: 52 ദിവസം നീണ്ട ട്രോളിംഗ് നിരോധനം അവസാനിച്ചുവെങ്കിലും മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനാകുന്നില്ല. ശക്തമായ കാറ്റും മഴയിലും കടൽ പ്രക്ഷുബ്ധമാണ്.
മത്സ്യത്തൊഴിലാളികൾ നേരത്തെ തന്നെ പ്രതീക്ഷകളുടെ വലിയ തയ്യാറെടുപ്പിലായിരുന്നു. ബോട്ടുകളും വലകളുമെല്ലാം കേടുപാടുകൾ തീർത്ത് കടലിൽ പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. പുതിയ വലകളാണ് വാങ്ങിയിട്ടുള്ളത്. ഈ സീസണിൽ വലിയ മത്സ്യ ചാകര ലഭിക്കുമെന്ന പ്രതീക്ഷ മത്സ്യത്തൊഴിലാളികൾക്കുണ്ടായിരുന്നു. കടലിൽ മത്സ്യ ലഭ്യതയുണ്ടെന്ന് ചെറിയ വള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവരിൽ നിന്ന് നേരത്തെ ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾ മനസ്സിലാക്കിയിട്ടുമുണ്ട്. എന്നാൽ റെഡ് അലർട്ടും കടൽക്ഷോഭവും ആഴക്കടൽ മത്സ്യബന്ധനത്തെ ബാധിക്കുമെന്നതിന്നാൽ കടലിൽ പോകാനായിട്ടില്ല.
ബോട്ടുകൾ കടലിൽ ഇറങ്ങുന്നതോടെ മീൻപിടുത്ത തുറമുഖങ്ങളും മീൻ വില്പന ചന്തകളും സജീവമാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. മത്സ്യാഹാര പ്രേമികളും ഇതിനായിട്ടാണ് കാത്തിരുന്നതും. പരമ്പരാഗത വള്ളങ്ങളിൽ മീൻ പിടിക്കുന്നവർക്ക് ട്രോളിംഗ് കാലത്തും തരക്കേടില്ലാത്ത മീൻ ലഭിച്ചിരുന്നു. മത്തി, അയില, ചെമ്മീൻ, പൊടിമീൻ എന്നിവ മത്സ്യ ചന്തകളിൽ യഥേഷ്ടം എത്തിയിരുന്നു. വിലയും കുറവായിരുന്നു.
എന്നാൽ കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി കടൽക്ഷോഭത്തെ തുടർന്ന് മത്സ്യ ലഭ്യത കുറഞ്ഞു. അതോടെ മാർക്കറ്റുകളിൽ മത്തി അടക്കമുള്ള മത്സ്യങ്ങൾക്ക് വില വർദ്ധിക്കുകയും ചെയ്തു. 200 രൂപയുണ്ടായിരുന്ന മത്തിക്ക് കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 400 രൂപയായി വർദ്ധിച്ചു.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |