
കൊല്ലം: ആറുവരി വികസനം അന്തിമഘട്ടത്തിലെത്തിയ ദേശീയപാത 66ന്റെ കാവനാട് - കടമ്പാട്ടുകോണം റീച്ചിൽ റോഡ് മുറിച്ചുകടക്കാൻ ഫുട് ഓവർ ബ്രിഡ്ജുകളില്ലാത്തതിനാൽ കാൽനടയാത്രക്കാർ ടോ വാളുകളും ക്രാഷ് ബാരിയറുകളും ചാടിക്കടക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു. എന്നാൽ ഫുട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കാൻ റോഡ് വക്കിൽ സ്ഥലമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ദേശീയപാത അതോറിറ്റി.
ടോൾ പ്ലാസയിലൊഴികെ ആറുവരി പാതയിൽ പൂർണമായും ഇരുവശങ്ങളിലും ടോ വാളുകളും നടുക്ക് ക്രാഷ് ബാരിയറുമുണ്ട്. അടിപ്പാതകളിലൂടെ മാത്രമേ കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനാകൂ. റോഡ് മുറിച്ചുകടക്കാൻ അടിപ്പാത വരെ പോയാൽ ലക്ഷ്യസ്ഥാനത്ത് എത്താൻ കുറഞ്ഞത് ഒരു കിലോമീറ്ററെങ്കിലും നടക്കേണ്ടി വരും. അതൊഴിവാക്കാനാണ് കാൽനട യാത്രക്കാർ വ്യാപകമായി ടോ വാളുകളും ക്രാഷ് ബാരിയറുകളും ചാടിക്കടക്കുന്നത്. വീതി കൂടിയതോടെ ആറുവരി പാതയിലൂടെ വാഹനങ്ങൾ ചീറിപ്പാഞ്ഞാണ് സഞ്ചരിക്കുന്നത്. പലയിടങ്ങളിലും തലനാരിഴയ്ക്കാണ് കാൽനട യാത്രക്കാർ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുന്നത്. നിർമ്മാണം പൂർത്തിയാക്കി കൈമാറുന്നതിന് മുന്നോടിയായി നേരത്തെ ഒഴിച്ചിട്ടിരുന്ന സ്ഥലങ്ങളിലും ടോ വാളുകളും ക്രാഷ് ബാരിയറുകളും നിർമ്മിച്ച് കൂട്ടിമുട്ടിച്ച് കഴിഞ്ഞു.
ഫുട് ഓവർ ബ്രിഡ്ജുകളില്ല
ഫുട് ഓവർ ബ്രിഡ്ജുകളില്ലാത്തതിനാൽ എതിർവശത്തേക്ക് പോകാൻ ഒന്നര കിലോ മീറ്റർ നടക്കണം
നടന്ന് തളർന്ന് വിദ്യാർത്ഥികളും രോഗികളും
സ്കൂളുകൾക്കും ആശുപത്രികൾക്കും പരിഗണനയില്ല
ജനപ്രതിനിധികളും ഇടപെടുന്നില്ല
രണ്ട് അടിപ്പാതകൾക്ക് ഇടയിൽ ഫുട് ബ്രിഡ്ജ് വേണം
രണ്ടര മീറ്റർ വേണം
ഇരുവശത്തും രണ്ടര മീറ്റർ വീതിയിൽ യൂട്ടിലിറ്റി ഏരിയ ഉള്ളിടത്തേ ഫുട് ഓവർ ബ്രിഡ്ജ് നിർമ്മിക്കാനാകൂ. എന്നാൽ ഭൂരിഭാഗം സ്ഥലങ്ങളിലും ഒന്നര മീറ്റർ വീതിയേയുള്ളു. ഈ സ്ഥലത്താണ് പൈപ്പ് ലൈനുകളും കേബിളുകളും സ്ഥാപിച്ചിരിക്കുന്നത്. അതിനപ്പുറത്തേ ഫുട് ഓവർ ബ്രിഡ്ജിന്റെ പടികൾ സ്ഥാപിക്കാനാകൂ.
സ്ഥലപരിമിതി കാരണമാണ് ഫുട് ഓവർ ബ്രിഡ്ജ് നിർമ്മിക്കാത്തത്. യൂട്ടിലിറ്റി ഏരിയയിൽ അധിക സ്ഥലമുള്ളിടത്ത് ഫുട് ഓവർ ബ്രിഡ്ജിന്റെ സാദ്ധ്യത പരിശോധിക്കും.
എൻ.എച്ച്.എ.ഐ അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |