SignIn
Kerala Kaumudi Online
Saturday, 01 August 2026 3.55 AM IST

കടലമ്മ കവർന്നത് 'പൂമുഖ'ത്തിന്റെ സ്വപ്നങ്ങൾ

ചവറ: നീണ്ടകര പുത്തൻതുറയിലെ പൂമുഖത്ത് വീട് നെയ്തുകൂട്ടിയ സ്വപ്നങ്ങളാണ് ഇന്നലെ നിമിഷങ്ങൾ കൊണ്ടു കടലമ്മ കവർന്നത്. നീണ്ടകരയിൽ വള്ളം മറിഞ്ഞപ്പോൾ പൂമുഖത്ത് വീട്ടിലെ സുമംഗലയ്ക്ക് നഷ്ടമായത് ഭർത്താവിനെയാണ്. മകൾ രേഷ്മയ്ക്ക് അച്ഛനെയും ഭർത്താവിനെയും മകനെയും നഷ്ടപ്പെട്ടു.

ഇന്നലെ വള്ളം മറിഞ്ഞ് മരിച്ച പൂമുഖത്ത് വീട്ടിലെ രാജീവന് പണ്ട് സ്വന്തമായി വള്ളവും വലയുമൊക്കെ ഉണ്ടായിരുന്നു. അതെല്ലാം വർഷങ്ങൾ മുമ്പ് നഷ്ടമായി. പിന്നീട് രാജീവനും മരുമകൻ രാധാകൃഷ്ണനും മറ്റ് വള്ളങ്ങളിലാണ് ജോലിക്ക് പോയിരുന്നത്. രാധാകൃഷ്ണന്റെ മകൻ ഗൗതംകൃഷ്ണ മറ്റൊരു വള്ളത്തിൽ ജോലിക്ക് പോയിത്തുടങ്ങി​. ആറ് മാസം മുൻപ് ആ വള്ളം വിൽക്കുന്നുവെന്ന് അറിഞ്ഞപ്പോൾ ഗൗതംകൃഷ്ണയുടെ പേരിൽ വാങ്ങുകയായിരുന്നു.

സ്വന്തം വള്ളത്തിൽ കടലിൽ പോയി​ത്തുടങ്ങി​യ ഗൗതമിനും കുടുംബത്തിനും കടലമ്മ പല ദിവസങ്ങളിലും വല നിറയെ മീൻ നൽകി. അതോടെ അവരുടെ സ്വപ്നങ്ങൾ തളിർത്തു. രാധാകൃഷ്ണന്റെ ഇളയമകനായ രാദേഷ് കൃഷ്ണയും അച്ഛനും അപ്പൂപ്പനും സഹോദരനും ഒപ്പം കടലിൽ പോയിരുന്നതാണ്. പക്ഷേ, പനി കാരണം രാദേഷ് കൃഷ്ണ ഇന്നലെ പോയില്ല. മറിഞ്ഞ ശേഷം കടലിൽ ഒഴുകി നടക്കുകയായിരുന്നു, ഗൗതമിന്റെ വള്ളം. നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് ബി. ശിവലാൽ, ധീവര സഭ ജില്ലാ പ്രസി‌ഡന്റ് രാജു എന്നിവരുടെ നേതൃത്വത്തിൽ ബോട്ടിൽ മത്സ്യത്തൊഴിലാളികളെ അയച്ചാണ് വള്ളം കെട്ടിവലിച്ച് കരയ്ക്കെത്തിച്ചത്.

ഞെട്ടൽ മാറാതെ ശ്രീദാസ്

മറി​ഞ്ഞ വള്ളത്തി​ൽ നി​ന്ന് രക്ഷപ്പെട്ട ശ്രീദാസി​ന്റെ മനസി​ൽ നി​ന്ന് അപകട‌‌ ദേശ്യങ്ങൾ മായുന്നി​ല്ല. 'ഗൗതമും രാജീവൻ അളിയനും എന്റെ എതിർവശത്താണ് വള്ളത്തിൽ ഇരുന്നത്. വള്ളം മറിഞ്ഞ് എല്ലാവരും കടലിൽ വീണപ്പോൾ ഗൗതം അമ്മേ എന്ന് വിളിക്കുന്നത് ഞാൻ കേട്ടിരുന്നു. പിന്നെ അവനെ കണ്ടില്ല. ചവറ എ.എം.സി ജംഗ്ഷനടുത്ത് ദേശീയജലപാതയിലാണ് ഞങ്ങളുടെ വള്ളം പതിവായി കെട്ടിയിരുന്നത്. ഇന്നലെ പുലർച്ചെ വള്ളമെടുത്ത് നീണ്ടകര ഹാർബർ വഴി കടലിലിറങ്ങി. അര നോട്ടിക്കൽ മൈൽ പിന്നിട്ടപ്പോൾ പാഞ്ഞെത്തിയ കൂറ്റൻ തിര വള്ളത്തെ കീഴ്മേൽ മറിച്ചു. ഞാൻ വള്ളത്തിൽ പിടിച്ച് കാൽ മണിക്കൂറോളം കിടന്നു. അപ്പോഴേക്കും മറ്റ് വള്ളക്കാർ വന്ന് രക്ഷപ്പെടുത്തി. മറിഞ്ഞതിന് പിന്നാലെയാണ് ഗൗതമിന്റെ നിലവിളി കേട്ടത്. രാജീവൻ അളിയനെയും രാധാകൃഷ്ണനെയും പിന്നെ ‌ഞാൻ കണ്ടില്ല'- ശ്രീദാസ് പറഞ്ഞു. ചവറ പുത്തൻതുറ സ്വദേശിയായ ശ്രീദാസ്, മരിച്ച രാജീവന്റെ ഭാര്യയുടെ സഹോദരനാണ്.

.........................................

നീണ്ടകര, ശക്തികുളങ്ങര തീരദേശ മേഖലകൾ കേരളത്തിലെ ഏറ്റവും വലിയ മത്സ്യബന്ധന കേന്ദ്രങ്ങളിൽ ഒന്നാണ്. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് ഈ മേഖലകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്. പ്രതികൂല കാലാവസ്ഥയും കടലിലെ അപകടസാദ്ധ്യതകളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളുടെ ജീവൻ സംരക്ഷിക്കാൻ നീണ്ടകരയിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് യൂണിറ്റ് സ്ഥാപിക്കണം

ബി. ശിവലാൽ (നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ്)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL