
കോട്ടയം: പ്രളയം തകർത്ത് കർഷകരുടെ ഒരുപിടി പ്രതീക്ഷകളെ കൂടിയാണ്. കനത്തമഴയിൽ ഓണക്കാലം ലക്ഷ്യമിട്ട് നട്ടതൊക്കെ പ്രളയം കവർന്നു. ഇക്കുറിയും മറുനാടൻ പച്ചക്കറികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് മലയാളികൾ. വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ നശിച്ചത് ഓണവിപണി ലക്ഷ്യമാക്കി നട്ടുവളർത്തിയ ഏത്തവാഴയും പച്ചക്കറികളുമാണ്. ഈ സാഹചര്യത്തിൽ കൃഷിവകുപ്പിന്റെ ചന്തകളിൽപോലും മറ്റ് ജില്ലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമടക്കമുള്ള പച്ചക്കറികൾ എത്തിക്കാനാണ് നീക്കം. ഓണത്തിന് ഒരു മുറം പച്ചക്കറി ഉൾപ്പെടെയുള്ള ക്യാമ്പയിനുകളുടെ ഭാഗമായി കൃഷി ആരംഭിച്ചിരുന്നു. കൃഷിക്കാരുടെ എണ്ണം കൂടിയപ്പോൾ കാലവർഷം ഇക്കുറി വില്ലനായി. ഓണം പ്രതീക്ഷിച്ച് വ്യാവസായികാടിസ്ഥാനത്തിൽ പച്ചക്കറികളും വാഴയും കൃഷി ചെയ്തതവർക്കും പണികിട്ടി.
നാശമേറെയും ഏറ്റുമാനൂരിൽ
തുടർച്ചായി മഴ പെയ്യുന്നതാണ് കർഷകർക്ക് തിരിച്ചടിയാണ്. ഏറ്റവും കൂടുതൽ കൃഷിനാശം റിപ്പോർട്ട് ചെയ്തത് ഏറ്റുമാനൂർ ബ്ലോക്കിലാണ്. ഇവിടെ 1295 കർഷകരുടെ 617.26 ഹെക്ടർ സ്ഥലത്തെ കൃഷിനശിച്ചു. 971.55 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കടുത്തുരുത്തി ബ്ലോക്കിൽ 687 കർഷകരുടെ 291.83 ഹെക്ടർ സ്ഥലത്തെ കൃഷിനശിച്ചു. നഷ്ടം 484.12 ലക്ഷം രൂപ. പാവൽ, പടവലം, പയർ തുടങ്ങി പന്തൽകൃഷികൾക്കായി വിത്ത് പാകി മുളപ്പിച്ചപ്പോഴേക്കും മഴ കനത്തു. ഇതോടെ വിത്തഴുകി നഷ്ടം വരുന്നതിനും കാരണമായി.
കാറ്റ് എല്ലാംകശക്കിയെറിഞ്ഞു
ആഗസ്റ്റ് 26നാണ് തിരുവോണം. ഓണം പ്രതീക്ഷിച്ച് മൂന്നാഴ്ചകൊണ്ട് ഒരു കൃഷിയും വിളയിക്കാൻ കഴിയില്ല. ഭൂരിഭാഗം ഏത്തവാഴകളും നശിച്ചു. കുലച്ചു തുടങ്ങിയ വാഴകളാണ് കാറ്റിൽ നശിച്ചത്.
കാലാവസ്ഥ വെല്ലുവിളി
1അതിശക്ത മഴ, അപ്രതീക്ഷിതമായ കാറ്റ്
2മഴവെള്ളം ആഴ്ചകളായി കെട്ടിക്കിടക്കുന്നു
3ഇത് വിളകൾ ചീയാൻ ഇടയാക്കുന്നു
ആകെ നഷ്ടം : 5827കർഷകർക്ക്
നശിച്ചത് : 1086.21 ഹെക്ടർ
19.96 കോടിയുടെ കൃഷി
ഓണം ലക്ഷ്യമിട്ട് ഏറെ പ്രതീക്ഷയോടെയാണ് വിളകൾ പരിപാലിച്ചത്. എല്ലാം മഴ കൊണ്ടുപോയി.
എ.കെ.മാണി, കർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |