SignIn
Kerala Kaumudi Online
Monday, 03 August 2026 2.53 PM IST

കർഷകർക്ക് ഓണം സന്തോഷമായി ആഘോഷിക്കാം, 20 കോടിയുടെ പദ്ധതി ഉടൻ നടപ്പാക്കും

remunerative-price
പ്രതീകാത്മക ചിത്രം

പാലക്കാട്: ഓണക്കാലത്ത് സംസ്ഥാനത്ത് കാർഷിക ഉൽപ്പന്നങ്ങളുടെ വിലസ്ഥിരത ഉറപ്പാക്കുന്നതിനും വിപണിയിടപെടൽ ശക്തിപ്പെടുത്തുന്നതിനും കർഷകർക്ക് ന്യായവില ലഭ്യമാക്കുന്നതിനുമായി 20 കോടിയുടെ പദ്ധതിക്ക് കൃഷിവകുപ്പിന്റെ ഭരണാനുമതി. വിപണിയിലെ വിലയിടിവ് മൂലം കർഷകർക്ക് ഉണ്ടാകുന്ന നഷ്ടം കുറയ്ക്കുകയും കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുകയും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ന്യായമായ നിരക്കിൽ ലഭ്യമാക്കുകയും ചെയ്യുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

കർഷകരിൽ നിന്ന് വിവിധ കാർഷിക ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിനും ഓണക്കാലത്ത് സംസ്ഥാന വ്യാപകമായി വിപണിയിടപെടൽ നടത്തി വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി ഓണച്ചന്തകൾ സംഘടിപ്പിക്കുന്നതിനുമുള്ള ചെലവുകളാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഹോർട്ടികോർപ്പ് മുഖേന കാർഷിക ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിന് 6.98 കോടി, കേരാഫെഡ് മുഖേന പച്ചത്തേങ്ങ സംഭരണത്തിന് 2 കോടി, സംസ്ഥാനത്തുടനീളം ഓണച്ചന്തകൾ സംഘടിപ്പിക്കുന്നതിന് 10.24 കോടി എന്നിവ അനുവദിച്ചിട്ടുണ്ട്.

കേരള ഫാം ഫ്രഷ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് പദ്ധതിയിൽ താങ്ങുവില ഇനത്തിൽ 75 ലക്ഷം, തേങ്ങ സംഭരണ സമിതിയുടെ പ്രവർത്തനച്ചെലവിനായി 2.82 ലക്ഷം വകയിരുത്തിയിട്ടുണ്ട്. പദ്ധതിയുടെ സമയബന്ധിതവും കാര്യക്ഷമവുമായ നിർവഹണം ഉറപ്പാക്കുന്നതിനായി നിർവഹണ ഏജൻസികൾ ത്രൈമാസ പുരോഗതി റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും പദ്ധതികളുടെ ഫലപ്രദമായ നിരീക്ഷണം കൃഷിവകുപ്പ് ഉറപ്പാക്കും. കഴിഞ്ഞ സാമ്പത്തിക വർഷം ഹോർട്ടികോർപ്പിന് അനുവദിച്ച ആകെ തുകയിൽ 1 കോടി രൂപ സാമ്പത്തിക വർഷം അവസാനമായതിനാൽ വനിയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ആ തുക ഈ വർഷം മുൻകൂറായി അനുവദിച്ച് നൽകിയതിന് പുറമെയാണ് ഇപ്പോൾ 6.98 കോടി രൂപയ്ക്ക് കൂടി ഭരണാനുമതിയായത്.

ഓണക്കാലത്ത് കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി ലഭ്യമാക്കുന്നതിനും ഉപഭോക്താക്കൾക്ക് ന്യായവിലയിൽ പച്ചക്കറികളും മറ്റ് കാർഷിക ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്നതിനും ഈ വിപണിയിടപെടൽ പദ്ധതി നിർണായകമാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

English Summary

The Kerala Agriculture Department has granted administrative approval for a ₹20 crore scheme to ensure price stability for agricultural produce during the Onam season, strengthen market intervention, and secure fair prices for farmers. The initiative aims to reduce farmers' losses caused by market price fluctuations, guarantee fair returns for agricultural products, and provide consumers with quality produce at reasonable prices.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FARMERS, FARE RETURNS, CRORES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA