SignIn
Kerala Kaumudi Online
Friday, 03 July 2026 4.39 AM IST

കോഴിക്കോട്ട് മലമ്പനി ഭീതി

fever
മലമ്പനി

ജൂണിൽ രോഗം സ്ഥിരീകരിച്ചത് 10 പേർക്ക്

കോഴിക്കോട്: പനിച്ചുവിറയ്ക്കുന്ന ജില്ലയിൽ മലമ്പനി ബാധിതരുടെ എണ്ണവും കൂടുന്നു. കഴിഞ്ഞ മാസം10 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കുന്ദമംഗലം, ചെറുവടി, തിക്കോടി, ഒളവണ്ണ (2), നരിക്കുനി, ഫറോക്ക്, കോഴിക്കോട് കോർപ്പറേഷൻ, കൊടുവള്ളി, കോഴിക്കോട് നഗരം എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളിൽ രണ്ട് പേ‌ർ അന്യസംസ്ഥാന തൊഴിലാളികളാണ്.

മലേറിയ ഉൾപ്പെടെയുള്ള പകർച്ചവ്യാധികളെ ഫലപ്രദമായി നിയന്ത്രണ വിധേയമാക്കിയെന്ന നേട്ടത്തിനിടെയാണ് ആശങ്കയുയർത്തി മലമ്പനി പടരുന്നത്. പ്ലാസ്മോഡിയം ഫാൽസിപാറം വിഭാഗത്തിലുള്ള മലമ്പനിയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകൾ, നിർമാണ സ്ഥലങ്ങൾ, തോട്ടം മേഖലകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകൾ നടന്നു വരികയാണ്. വാർഡ് തലത്തിൽ കൊതുക് നശീകരണ പ്രവർത്തനങ്ങൾ, എന്റമോളജിക്കൽ സർവേ എന്നിവയും പുരോഗമിക്കുന്നു.
അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്, വടകര റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന ആരംഭിച്ചു. ഹാർബറുകളിൽ ആഴ്ചയിലൊരിക്കൽ ഉറവിട നശീകരണം, വിവിധ വകുപ്പുകളുടെ യോഗങ്ങൾ, ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവയും നടത്തുന്നു.

ശ്രദ്ധ വേണം
ശുദ്ധജലത്തിൽ മുട്ടയിട്ട് പെരുകുന്ന അനോഫിലിസ് കൊതുകുകൾ മുഖേനയാണ് രോഗം പകരുന്നത്. പനിയുള്ളപ്പോൾ രക്ത പരിശോധനയിലൂടെ രോഗം കണ്ടെത്താം. മലമ്പനി ലക്ഷണങ്ങൾക്ക് മറ്റ് പനിയുടെ ലക്ഷണവുമായി സാമ്യമുള്ളതിനാൽ മലമ്പനിയല്ലെന്ന് ഉറപ്പാക്കണം. ഇതര സംസ്ഥാനങ്ങൾ സന്ദർശിച്ച് മടങ്ങുന്നവരിലെയും അന്യ സംസ്ഥാന തൊഴിലാളികളിലെയും പനിയിൽ പ്രത്യേക ശ്രദ്ധവേണം. മലമ്പനിക്ക് ഫലപ്രദമായ ചികിത്സ സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭിക്കും.

 പ്രതിരോധം ഇങ്ങനെ

മലമ്പനിയുണ്ടാക്കുന്ന കൊതുകുകൾ ശുദ്ധജലത്തിൽ മുട്ടയിട്ട് വളരുന്നതിനാൽ ഉറവിട നശീകരണം കാര്യക്ഷമമാക്കണം

 വെള്ളം സംഭരിച്ചുവെച്ച പാത്രങ്ങൾ, ടാങ്കുകൾ തുടങ്ങിയവ കൊതുക് കടക്കാത്തവിധം വലയോ തുണിയോ കൊണ്ട് മൂടുകയോ അടച്ച് സൂക്ഷിക്കുകയോ വേണം.

കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കിക്കളയുകയോ മണ്ണിട്ട് മൂടുകയോ ചെയ്യണം.

ആഴം കുറഞ്ഞ കിണറുകളിൽ കൂത്താടികളെ തിന്നുന്ന ഗപ്പി, ഗാംബൂസിയ തുടങ്ങിയ ചെറുമത്സ്യങ്ങളെ നിക്ഷേപിക്കുകയോ കൊതുക് കടക്കാത്തവിധം വലകൊണ്ട് മൂടി സൂക്ഷിക്കുകയോ വേണം.

കൊതുകിന്റെ കടിയേൽക്കാതിരിക്കാൻ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം.

ദേഹം മുഴുവൻ മൂടുന്ന തരത്തിലുള്ള വസ്ത്രധാരണം, രാത്രികാലങ്ങളിൽ കൊതുകുവല എന്നിവ ശീലമാക്കുക.

കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ, റിപ്പലന്റുകൾ, കൊതുക് തിരികൾ എന്നിവ ഉപയോഗിക്കണം.

വീടുകളുടെ ജനലുകളിലും വാതിലുകളിലും കൊതുക് കടക്കാത്തവിധത്തിലുള്ള കമ്പിവലകൾ സ്ഥാപിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL