SignIn
Kerala Kaumudi Online
Monday, 13 July 2026 3.31 AM IST

സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിനായുള്ള നടപടികൾ തുടങ്ങി 

hosptl-
സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ

കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജിനായി കിട്ടിയ മടക്കിമലയിലെ ഭൂമിയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ആരംഭിക്കുന്നതിന് പ്രാരംഭ നടപടികൾ തുടങ്ങി. ഭൂമിയുടെ നിയമ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ആരോഗ്യവകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് കൈമാറിയ 50 ഏക്കർ ഭൂമിയിലാണ് അത്യാധുനിക നിലവാരത്തിലുള്ള ആശുപത്രി സ്ഥാപിക്കുക. വയനാട് മെഡിക്കൽ കോളേജിന്റെ ഭാഗമായാകും ആശുപത്രിയുടെ പ്രവർത്തനം. ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്ന് മൂന്നു കിലോമീറ്റർ മാറി മടക്കിമലയിൽ ആണ് 2015 ൽ മെഡിക്കൽ കോളേജിനായി തറക്കല്ലിടുകയും പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തത്. എന്നാൽ പിന്നീട് മെഡിക്കൽ കോളേജ് മാനന്തവാടിയിലേക്ക് മാറ്റുകയും ജില്ലാ ആശുപത്രി മെഡിക്കൽ കോളേജ് ആക്കി ഉയർത്തുകയും ചെയ്തിരുന്നു. മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ ആയില്ലെങ്കിൽ ഭൂമി തിരികെ നൽകണമെന്ന വ്യവസ്ഥയിലായിരുന്നു 50 ഏക്കർ സൗജന്യമായി നൽകിയിരുന്നത്. മെഡിക്കൽ കോളേജ് പദ്ധതി ഉപേക്ഷിച്ചതോടെ ഭൂമി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് ഭൂമി തിരികെ നൽകാനും കോടതി ഉത്തരവായി. എന്നാൽ ഈ ഉത്തരവിനെതിരെ ആരോഗ്യവകുപ്പ് മേൽക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നു. ഇതിനിടയിലാണ് വയനാട് മെഡിക്കൽ കോളേജിന് മാനന്തവാടി അമ്പുകുത്തിയിൽ ഭൂമി ഏറ്റെടുക്കാൻ കഴിയാത്ത പ്രതിസന്ധി ഉണ്ടാകുന്നത്. ഇതേ തുടർന്നാണ് മെഡിക്കൽ കോളേജ് മാനന്തവാടിയിൽ തന്നെ നിലനിർത്തുകയും അത്യാധുനിക സൗകര്യങ്ങളോടെ മടക്കിമലയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കാനും സർക്കാർ ഒരുങ്ങുന്നത്. ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റുമായി ചർച്ച നടത്തി കോടതി നടപടികൾ അവസാനിപ്പിച്ചതിന് ശേഷമേ മറ്റു നടപടികളിലേക്ക് നീങ്ങാനാകൂ. ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ആശുപത്രി യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL