കോഴിക്കോട്: രണ്ടു കൊല്ലം മുൻപ് വയനാട് ചൂരൽമല ദുരന്തത്തോടൊപ്പമുണ്ടായ വിലങ്ങാട് ഉരുൾപൊട്ടലിൽ കിടപ്പാടവും കൃഷിയും കച്ചവടവുമൊക്കെ നഷ്ടപ്പെട്ടവരുടെ പുനരധിവാസം വാഗ്ദാനത്തിലൊതുങ്ങി. മന്ത്രിമാരടക്കമുള്ളവർ സ്ഥലം സന്ദർശിച്ചെങ്കിലും അർഹരായർ ഇപ്പോഴും പുറത്താണ്. സഹായം ലഭിച്ചത് വിരലിലെണ്ണാവുന്നവർക്ക് മാത്രം.
ജില്ല കളക്ടർ എം.എസ് മാധവിക്കുട്ടി ചർജ്ജെടുത്തയുടൻ പുനരധിവാസം വിലയിരുത്താൻ വിലങ്ങാട്ട് വിളിച്ച യോഗത്തിൽ നിരവധി പരാതികളാണ് ഉന്നയിക്കപ്പെട്ടത്. ദുരന്തത്തിന്റെ വിവര ശേഖരണം പോലും പൂർത്തിയായില്ല. ഇത് വീണ്ടും നടത്താൻ കോഴിക്കോട് എൻ.ഐ.ടിയെ ഏൽപ്പിക്കാനാണ് നീക്കം. വീട് നഷ്ടപ്പെട്ട 38ലധികം പേർ ഇപ്പോഴും ലിസ്റ്റിലില്ല. വീട് നിർമ്മാണം പൂർത്തിയായ നാല് കുടുംബങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ നിബന്ധനകൾ കാരണം അവ ഉപയോഗിക്കാനാവുന്നില്ല. വ്യാപാരികൾക്കുണ്ടായ നഷ്ടക്കണക്കും തിട്ടപ്പെടുത്തിയിട്ടില്ല.
മുന്ന് വ്യാപാരികൾക്ക് 18,000 രൂപയുടെ ധനസഹായമാണ് ലഭിച്ചത്. 203 കർഷകരെ മാത്രമാണ് ആശ്വാസ നടപടിയിൽ പെടുത്തിയത്. നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ നിരവധി കർഷകർ കൃഷിയിറക്കാനോ, ഭൂമി കൈമാറ്റം ചെയ്യാനോ കഴിയാതിരിക്കുകയാണ്. പുല്ലുവായ് മുതൽ വില്ലേജ് ഓഫീസ് വരെയുള്ള 3.5 കിലോമീറ്റർ റോഡിൽ രണ്ട് പാലം നിർമ്മിക്കാൻ 7.32 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാൽ സാങ്കേതികാനുമതി വൈകുകയാണ്. പുതിയ കെട്ടിട നിർമ്മാണാനുമതിയും ലഭിക്കുന്നില്ല.
വിനയായി നിർമ്മാണ വിലക്കും
വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട്ടും 9,10,11 വാർഡുകളിലും നരിപ്പറ്റ മൂന്നാം വാർഡിലുമുള്ള നിർമ്മാണ വിലക്കാണ് മറ്റൊരു പ്രശ്നം. നിർമ്മാണത്തിന് ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി വേണം. ഉരുൾപൊട്ടൽ സാദ്ധ്യതയുള്ളതിനാൽ ഇത് നൽകാനിടയില്ല. വിലക്ക് നീക്കാനാവില്ലെന്ന് ജില്ല കളക്ടറും പറഞ്ഞിരുന്നു. 150 ഓളം ആദിവാസി കുടുംബങ്ങളുള്ള കുറ്റല്ലൂരിലെ താത്കാലിക പാലം പോലും പുനർനിർമ്മിച്ചിട്ടില്ല.
കുടിവെള്ളത്തിനും പെടാപ്പാട്
നൂറുകണക്കിന് കിണറുകൾ മലിനമായത് ശുദ്ധീകരിച്ചിട്ടില്ല. ശുദ്ധീകരിച്ചാലും ഉപയോഗയോഗ്യമാവില്ലത്രെ. കുടിവെള്ളം ദൂരെ നിന്ന് കൊണ്ടുവരണം. ഉരുൾപൊട്ടലിനെ തുടർന്ന് പുഴയിൽ നിന്നുള്ള കല്ലും മണ്ണും നീക്കാൻ രണ്ടര കോടി രൂപ ചെലവാക്കിയിരുന്നു. ഇത് വീണ്ടും പുഴയിൽ ഒലിച്ചിറങ്ങിയത് മാറ്റാൻ നാല് ലക്ഷം കൂടി അനുവദിച്ചത് ലഭിച്ചിട്ടുമില്ല.
ഉരുൾപൊട്ടലുണ്ടായത് 2024 ജൂലായ് 29ന്
കൃഷി നാശം ഏകദേശം 70%
വീട് നഷ്ടപ്പെട്ടത് 38ലധികം പേർക്ക്
ഉരുൾപൊട്ടൽ ബാധിച്ചത് 500 ഏക്കറിൽ
ഉരുൾപൊട്ടൽ
2019ൽ മരണം 4. കൃഷിനാശം കുറവ്.
2024ൽ മരണം 1. കൃഷിനാശം വ്യാപകം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |