സംസ്ഥാനത്ത് മുന്നിൽ കോഴിക്കോട് ജില്ല
വയനാട്ടിൽ എല്ലായിടത്തും കാട്ടുപന്നി ശല്യം
കോഴിക്കോട്: ജില്ലയിലെ മലയോര മേഖലകളിൽ വ്യാപകമാകുന്ന വന്യമൃഗ ശല്യത്തെ തുടർന്ന് ദുരിതത്തിലായി കർഷകർ. ആനകളുടെ ആക്രമണത്തിൽ കഴിഞ്ഞ വർഷം സംസ്ഥാനത്ത് 35 പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. ഇക്കൊല്ലം ജൂൺ വരെ വന്യമൃഗ ആക്രമണത്തിൽ 45 പേർ മരിച്ചു. സംസ്ഥാനത്തെ 1,034 തദ്ദേശ സ്ഥാപനങ്ങളിൽ 668 സ്ഥലങ്ങളിൽ കുറഞ്ഞോ കൂടിയോ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് വനം വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 287 തദ്ദേശ സ്ഥാപനങ്ങളിൽ പന്നിശല്യം അതിരൂക്ഷമാണ്. അതിൽ മുന്നിൽ കോഴിക്കോട് ജില്ലയാണ്. ജില്ലയിലെ 78 തദ്ദേശ സ്ഥാപനങ്ങളിൽ 46 എണ്ണത്തിലും അതിതീവ്ര ശല്യമുണ്ട്. 40 തദ്ദേശ സ്ഥാപനങ്ങളുമായി പാലക്കാട് ജില്ലയാണ് തൊട്ടുപിന്നിൽ. തൃശൂർ (31) കണ്ണൂർ (28) ജില്ലകളാണ് പാലക്കാടിന് പിന്നിൽ. 137 തദ്ദേശ സ്ഥാപനങ്ങളിൽ മിതമായ ശല്യമേയുള്ളൂ. അതേസമയം, സംസ്ഥാനത്തെ 366 തദ്ദേശ സ്ഥാപനങ്ങളിൽ ഇതുവരെ കാട്ടുപന്നി ശല്യം റിപ്പോർട്ട് ചെയ്തിട്ടില്ല. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കാട്ടുപന്നി ശല്യമുള്ള ജില്ലകളിൽ വയനാടുമുണ്ട്. തിരുവനന്തപുരവും പത്തനംതിട്ടയുമാണ് മറ്റ് ജില്ലകൾ. തെങ്ങ്, കവുങ്ങ്, റബർ, ജാതി തുടങ്ങിയവയാണ് കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ കൃഷി ചെയ്യുന്നത്. നഷ്‌ടത്തെ തുടർന്ന് കർഷകർ നെൽക്കൃഷി നിറുത്തി.
കാട്ടാന ആക്രമണത്തിൽ മരിച്ചവർ
(2025ലെ കണക്ക്)
ജനുവരി....3
ഫെബ്രുവരി....9
മാർച്ച്....1
ഏപ്രിൽ....7
മേയ്....3
ജൂൺ....3
ജൂലായ്....2
ആഗസ്റ്റ്....1
സെപ്തംബർ....0
ഒക്ടോബർ.... 2
നവംബർ....1
ഡിസംബർ....3
ആകെ....35
മരണക്കണക്ക് 2026 ജൂൺ വരെ
(ആക്രമിച്ച മൃഗം, മരിച്ചവർ)
കാട്ടാന....15
കാട്ടുപന്നി....5
കാട്ടുപോത്ത്....1
പുലി....1
പാമ്പ്....17
കടന്നൽ....4
മറ്റ് മൃഗങ്ങൾ....2
നാട്ടാന....5
വെെദ്യുതിവേലി....3
ആകെ മരണം....45
പരിക്ക്....121
(2026 ജൂൺ വരെ)
മൃഗശല്യം വ്യാപകമായ ചില സ്ഥലങ്ങൾ
കട്ടിപ്പാറ, തലയാട്, കല്ലാനോട്, കക്കയം, തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി, കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ, മരുതോങ്കര, വിലങ്ങാട്
വന്യമൃഗ ശല്യത്തെ തുടർന്ന് ജീവിനാക്കാവാത്ത സ്ഥിതിയാണ്. പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെടണം.
ഷെല്ലി ജോസ്, ജില്ല പ്രസിഡന്റ്, കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |