പ്രതികൾ കാണാമറയത്ത്
കോഴിക്കോട്: പാളയം മാർക്കറ്റിന് സമീപം പുതിയ കോവിലകം നഗറിൽ ബിജു (38) കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ ലഹരിമാഫിയക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കുടുംബം. പ്രദേശത്തെ ലഹരി-സാമൂഹിക വിരുദ്ധ സംഘങ്ങളുടെ ശല്യം പലതവണ ചോദ്യം ചെയ്തിരുന്നയാളാണ് ബിജു. വീടിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ പരസ്യ മദ്യപാനത്തിനും ലഹരി ഉപയോഗത്തിനുമായി എത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.
വീടിനോട് ചേർന്നുള്ള ഒറ്റമുറി വീട്ടിലായിരുന്നു ബിജു താമസിച്ചിരുന്നത്. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ പശുവിനെ കറക്കാനായി വിളിക്കാൻ എത്തിയ അമ്മ ബേബിയാണ് രക്തത്തിൽ കുളിച്ച നിലയിൽ ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. വീടിന്റെ വാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുണ്ടാക്കിയ ചെറുതും വലുതുമായ നിരവധി മുറിവുകൾ ശരീരത്തിലുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛൻ രാജൻ കച്ചവട ആവശ്യത്തിനായി പുറത്തുപോയിരിക്കുകയായിരുന്നു. ഫൊറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റിനും പോസ്റ്റുമോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പാളയം പച്ചക്കറി മാർക്കറ്റിലെ ക്യാമറാ ദൃശ്യങ്ങളും കേന്ദ്രീകരിച്ച്
അന്വേഷണം പുരോഗമിക്കുകയാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |