കോഴിക്കോട് : നാലുവർഷം കൊണ്ട് പൂർത്തിയാകുമെന്ന കരാറിൽ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ തുടങ്ങിയതാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം. വർഷം രണ്ടര പിന്നിട്ടു, ഇപ്പോഴും പൊളിയിലും കുഴിയിലും നിൽക്കുന്നു . 2023 നവംബർ 24ന് നവീകരണം ആരംഭിക്കുമ്പോൾ 2027 ജൂണിൽ പൂർത്തിയാക്കുമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ കരാറെടുത്ത റാങ്ക് പ്രോജക്ട്‌സ് ആൻഡ് ഡെവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, എപ്പോൾ പൂർത്തിയാക്കുമെന്ന ചോദ്യത്തോട് പ്രതികരിക്കാൻ തയ്യാറാവുന്നില്ല. അതിനിടെ 380 കോടിയോളം രൂപ ബില്ലിനത്തിൽ വാങ്ങിയെടുത്തെന്ന ആക്ഷേപവുമുണ്ട്. കരാർ അവസാനിക്കാൻ ഇനി 12 മാസമാണ് അവശേഷിക്കുന്നത്.
ഈ മാസം 9ന് സ്റ്റേഷനിലെ പഴയ ക്ലോക്ക് ടവറിന്റെ മേൽക്കൂര ഉൾപ്പെടെയുള്ള ഭാഗം തകർന്നുവീണതോടെ നവീകരണം വലിയതോതിൽ ചർച്ചയായിരുന്നു. അപകടസമയം പ്ലാറ്റ്ഫോമിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. അപകടഭീഷണി ഉയർത്തുന്ന ശേഷിക്കുന്ന പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി നവീകരണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധ മാർച്ച് ഉൾപ്പെടെ സംഘടിപ്പിച്ചിരുന്നു.
റെയിൽവേയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ ഘട്ടംഘട്ടമായി നിലവിലുള്ള കെട്ടിടങ്ങളുടെ 90 ശതമാനവും പൊളിച്ചുമാറ്റി പുതിയ സ്റ്റേഷൻ സമുച്ചയം നിർമിക്കാനായിരുന്നു പദ്ധതി. എന്നാൽ കാലതാമസം മൂലം യാത്രക്കാർക്ക് ദിവസേന ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരികയാണ്. സ്റ്റേഷനിൽ സുരക്ഷാ ആശങ്കയും യാത്രാസൗകര്യക്കുറവും വർധിക്കുന്ന സാഹചര്യത്തിൽ നവീകരണം വേഗത്തിലാക്കണമെന്നാണ് ആവശ്യം.
പ്രധാന ടെർമിനൽ നിർമ്മാണം
പ്രാരംഭ ഘട്ടത്തിൽ
സ്റ്റേഷന്റെ കിഴക്കേ ഭാഗത്ത് മൂന്ന് നിലകളുടെയും പടിഞ്ഞാറ് ഭാഗത്ത് നാലു നിലകളുടെയും വാഹന പാർക്കിംഗ് ബ്ലോക്കുകളുടെ നിർമ്മാണം ഭാഗികമായി പൂർത്തിയായിട്ടുണ്ട്. എന്നാൽ പ്രധാന ടെർമിനൽ കെട്ടിടങ്ങളുടെ നിർമ്മാണം പ്രാരംഭ ഘട്ടത്തിലാണ്. കിഴക്കേ ടെർമിനലിന്റെ കോൺക്രീറ്റ് തൂണുകൾക്കായുള്ള പൈലിംഗ് ജോലികൾ പൂർത്തിയായെങ്കിലും പടിഞ്ഞാറേ ഭാഗത്തെ മൂന്ന് പ്രധാന അടിത്തറ തൂണുകളുടെ നിർമ്മാണം ഇനിയും ബാക്കിയാണ്. റെയിൽവേ ഭൂമിയിലൂടെ കടന്നുപോകുന്ന രണ്ട് പ്രധാന കാനകൾ മാറ്റിസ്ഥാപിക്കുന്നതിനും സ്റ്റേഷനിലേക്കുള്ള സമീപ റോഡുകൾ പുനർനിർമ്മിക്കുന്നതിനുമുള്ള ജോലികൾ ഇതുവരെ ആരംഭിച്ചിട്ടില്ല.ഒരേസമയം 400-ഓളം തൊഴിലാളികൾ ജോലി ചെയ്യേണ്ട പദ്ധതിയിൽ എട്ടോ ഒൻപതോ തൊഴിലാളികൾ മാത്രമാണ് ജോലിക്കെത്തുന്നത്. തൊഴിലാളികളുടെ ലഭ്യതക്കുറവാണ് നിർമാണം വൈകാൻ കാരണമായി കരാർ കമ്പനി നൽകുന്ന വിശദീകരണം.
നവീകരണ തുക
450 കോടി
പ്രവൃത്തി ആരംഭിച്ചത്
2023 നവംബർ 24
കരാർ കാലാവധി
2027 ജൂൺ
കരാർ കമ്പനി
റാങ്ക് പ്രോജക്ട്‌സ് ആൻഡ് ഡെവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്
"പരിമിതമായ തൊഴിലാളികളെ വെച്ചാണ് നിർമാണം പുരോഗമിക്കുന്നത്.കരാർ കമ്പനിക്ക് റെയിൽവേ നോട്ടീസ് നൽകിയിട്ടുണ്ട്."
ഹരീഷ് സി.കെ, സ്റ്റേഷൻ മാനേജർ, കോഴിക്കോട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |