കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ മഴ കുറവായിരുന്നെങ്കിലും കഴിഞ്ഞ ദിവസത്തെ കനത്ത മഴയുടെ കെടുതി തുടരുന്നു. കാപ്പാട് വീട്ടുമുറ്റത്ത് വെള്ളം കയറിയുണ്ടായ വെള്ളക്കെട്ടിൽ വീണ് രണ്ടു വയസുകാരൻ മാസിൻ മരിച്ചു.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ദുരിതാശ്വാസ ക്യമ്പുകളിലെത്തുന്നവരുടെ എണ്ണം കൂടുകയാണ്. വെള്ളം കയറിയ വീടുകളിൽ നിന്ന് കിടപ്പുരോഗികളെ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് ബന്ധുവീടുകളിലും ക്യാമ്പുകളിലുമെത്തിച്ചു. താമരശ്ശേരിയിൽ ഇന്നലെ പെയ്ത മഴയിൽ കിണറിന്റെ മതിൽ ഇടിഞ്ഞുവീണു. പല ഭാഗത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. മുക്കം മുത്താലം അങ്ങാടിയിലെ റോഡിൽ വീണ മരം അഗ്നിശമന സേന മരം മുറിച്ചു മാറ്റി. തലയാട് അടക്കമുള്ള സ്ഥങ്ങളിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടത് പൂർണമായും പുന:സ്ഥാപിക്കാനായില്ല. താമരശ്ശേരി ചുരംറോഡ് വഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗത നിയന്ത്രണം തുടരുകയാണ്. കെ.എസ്.ആർ.ടി.സി, ആംബുലൻസ് തുടങ്ങിയവയ്ക്കും ചെറുവാഹനങ്ങൾക്കും മാത്രമേ പ്രവേശനമുള്ളൂ. വലിയ വാഹനങ്ങൾ കുറ്റ്യാടി, നാടുകാണി ചുരം വഴി പോകണം.
കിടപ്പുരോഗികൾക്ക് തുണയായി അഗ്നിശമന സേനാംഗങ്ങൾ
കോഴിക്കോട്: മഴയെ തുടർന്ന് വീട്ടിൽ ഒറ്റപ്പെട്ടവരെ രക്ഷിച്ച് ബന്ധുവീടുകളിലും ക്യാമ്പുകളിലുമെത്തിച്ച് അഗ്നിശമന സേനാംഗങ്ങൾ. ജില്ലയിലെ വിവിധ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ളവരാണ് കെെമെയ് മറന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്.
മൂഴിക്കൽ ആനക്കാംപൊയിൽ താഴത്തപ്പടിയിൽ കാലിനന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന അൻവറിനെയും ശാരീരിക ബുദ്ധിമുട്ടുകളുള്ള അദ്ദേഹത്തിന്റെ ഭാര്യയെയും ഏകദേശം 500 മീറ്റർ ദൂരം സ്ട്രച്ചറിൽ ചുമന്നാണ് സുരക്ഷിതമായി ബന്ധുവീട്ടിലെത്തിച്ചത്.
30 ദുരിതാശ്വാസ ക്യാമ്പുകളിലായി 490 പേർ
കനത്ത മഴയെ തുടർന്ന് ജില്ലയിൽ 30 ദുരിതാശ്വാസ ക്യാമ്പുകളിലായി 490 പേരെത്തി. ഇവരിൽ 164 പുരുഷന്മാരും 224 സ്ത്രീകളും 102 കുട്ടികളുമുണ്ട്. ജില്ലയിൽ ഇന്നലെ ഞായറാഴ്ച രേഖപ്പെടുത്തിയ ശരാശരി മഴ 179 മില്ലിമീറ്ററാണ്.
കടൽ പ്രക്ഷുബ്ധം; മടങ്ങി ബോട്ടുകൾ
കോഴിക്കോട്/ബേപ്പൂർ: ചാകര പ്രതീക്ഷിച്ച് ട്രോളിംഗ് നിരോധനം അവസാനിച്ചയുടൻ കടലിലിറങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയായി കനത്ത മഴയും കടൽ ക്ഷോഭവും. വെള്ളിയാഴ്ച അർധരാത്രി മത്സ്യബന്ധനത്തിനായി ബേപ്പൂർ ഹാർബറിൽ നിന്ന് പുറപ്പെട്ട ബോട്ടുകളിൽ ഭൂരിഭാഗത്തിനും മത്സ്യബന്ധനം നടത്താനാകാതെ മടങ്ങേണ്ടിവന്നു. ബേപ്പൂർ ഹാർബറിലുള്ള 500ഓളം ബോട്ടുകളിൽ പകുതിയിലേറെയാണ് ട്രോളിംഗ് നിരോധനം അവസാനിച്ചയുടൻ കടലിലിറങ്ങിയത്. എന്നാൽ ശക്തമായ തിരമാലയും കടലാക്രമണവും കാരണം ഇവയിൽ 30 ഓളം ബോട്ടുകൾ മണിക്കൂറുകൾക്കകം മത്സ്യബന്ധനം ഉപേക്ഷിച്ച് ഹാർബറിലേക്ക് തിരിച്ചെത്തി. യന്ത്രത്തകരാറിനെ തുടർന്ന് നാല് ബോട്ടുകളെ കെട്ടി വലിച്ച് ഹാർബറിൽ എത്തിക്കുകയും ചെയ്തു. ബാക്കിയുള്ള 300ഓളം ബോട്ടുകൾ പൊന്നാനി ഭാഗത്ത് 135 നോട്ടിക്കൽ മൈൽ അകലെ പുറംകടലിൽ തുടരുകയാണ്. കടൽ ശാന്തമാകാതെ വല ഇറക്കാൻ കഴിയാത്തതിനാൽ നങ്കൂരമിട്ട് കാത്തിരിക്കുകയാണ് ഇവ. കാലാവസ്ഥ കൂടുതൽ മോശമായാൽ തീരത്തേക്ക് മടങ്ങാനാണ് ബോട്ടുകളുടെ തീരുമാനം. അഴിമുഖത്തിന് വടക്ക് ഭാഗത്ത് കടൽ കൂടുതൽ ശക്തമായതിനാലാണ് ബോട്ടുകൾ വടക്ക് ഭാഗത്തേക്ക് നീങ്ങാതെ തെക്ക് ഭാഗം പൊന്നാനി ഭാഗത്ത് പുറം കടലിൽ നങ്കൂരമിട്ടത്. എല്ലാ ബോട്ടുകളിലും ട്രാൻസ്പോണ്ടർ (കടലിൽ കാണാതാകുന്ന സംഭവങ്ങളിൽ അപകടത്തിൽപ്പെട്ട യാനത്തിന്റെ സ്ഥാനം കണ്ടെത്തി കരയിൽ വിവരം അറിയിക്കാനാവുന്ന സംവിധാനം) ഘടിപ്പിച്ചിട്ടുള്ളതിനാൽ ഫിഷറീസ് കൺട്രോൾ റൂം നിരീക്ഷിക്കുന്നുണ്ട്.
മീനില്ല....നിരാശ മാത്രം
ചാകര പ്രതീക്ഷിച്ചിറങ്ങിയ മത്സ്യത്തൊഴിലാളികളിൽ ചില ബോട്ടുകൾ മാത്രമാണ് കുറച്ച് മത്സ്യങ്ങളെ പിടിച്ചത്. ചൂര, കൂന്തൾ, കിളിമീൻ എന്നിവയാണ് ലഭിച്ചത്. ട്രോളിംഗ് നിരോധനം അവസാനിച്ചപ്പോൾ മികച്ച മത്സ്യലഭ്യത പ്രതീക്ഷിച്ച് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് ബോട്ടുടമകളും മത്സ്യത്തൊഴിലാളികളും കടലിലിറങ്ങിയത്. ഇന്ധനം, ഐസ്, ഭക്ഷണം, കുടിവെള്ളം, തൊഴിലാളികളുടെ കൂലി തുടങ്ങി ഓരോ യാത്രയ്ക്കും വലിയ തുകയാണ് ചെലവാകുന്നത്. മത്സ്യം ലഭിക്കാത്തത് തൊഴിലാളികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കാറ്റിന്റെ ശക്തി കുറയുകയും തിരമാലകൾ ശമിക്കുകയും ചെയ്താൽ വല ഇറക്കി മത്സ്യബന്ധനം നടത്താൻ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.
നിറഞ്ഞൊഴുകിപുഴകൾ
കുന്ദമംഗലം: പഞ്ചായത്തിന്റെ കിഴക്കും തെക്കും അതിർത്തി പങ്കിടുന്ന ചെറുപുഴയും പൂനൂർപുഴയും കനത്തമഴയിൽ നിറഞ്ഞൊഴുകി. ഇന്നലെ പുലർച്ചെ താഴ്ന്ന സ്ഥലങ്ങളിലെല്ലാം വെള്ളം കയറി. ചെറുപുഴ കവിഞ്ഞതോടെ തൊട്ടടുത്ത ചെത്തുകടവ് അങ്ങാടി വെള്ളത്തിനടിയിലായി. വെള്ളം കയറുമെന്ന സൂചനയുള്ളതിനാൽ തലേന്ന് തന്നെ കച്ചവടക്കാർ സാധനങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരുന്നു. പൂനൂർപുഴയിൽ ശനിയാഴ്ച രാത്രി തന്നെ വെള്ളം കയറിയിരുന്നു. പുനൂർപുഴയുടെ തീരത്തുള്ള പടനിലം ഗവ. എൽപി.സ്ക്കൂൾ കെട്ടിടത്തിന്റെ തറനിലയിൽ ശനിയാഴ്ച രാത്രി വെള്ളം കയറി. അദ്ധ്യാപകരും നാട്ടുകാരും ചേർന്ന് സാധനങ്ങൾ ഒന്നാം നിലയിലേക്ക് മാറ്റിയതിനാൽ വലിയനാശനഷ്ടങ്ങൾ സംഭവിച്ചില്ല. പണ്ടാരകടവ് പാലത്തിന് സമീപമുള്ള പൊയിൽതാഴം റോഡും ചാലിയിൽതാഴം റോഡും വെള്ളത്തിനടിയിലായി. താളിക്കുണ്ട് റോഡും വയോജനപാർക്കും വെള്ളത്തിനടിയിലായി. ഇന്നലെ പകൽ കാര്യമായ മഴയില്ലാത്തതിനാൽ പലയിടങ്ങളിലും വെള്ളമിറങ്ങിയിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കോഴിക്കോട് / വയനാട്: മലയോര മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടുമുള്ളതിനാൽ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഓൺലൈൻ ക്ലാസുകൾക്ക് അവധി ബാധകമല്ല.
മലബാർ റിവർ ഫെസ്റ്റിവൽ പരിപാടികൾ റദ്ദാക്കി
കോഴിക്കോട്: മഴയെ തുടർന്നുള്ള പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ കോടഞ്ചേരിയിൽ നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ ഇന്നലെ നിശ്ചയിച്ചിരുന്ന പരിപാടികളും റദ്ദാക്കി. ഇരുവഞ്ഞിപ്പുഴ, ചാലിപ്പുഴ എന്നിവിടങ്ങളിലെ ജലനിരപ്പ് ഉയർന്നതിനാൽ മത്സരങ്ങൾ, പരിശീലനം തുടങ്ങിയവക്കും ജില്ല കളക്ടർ എം.എസ് മാധവിക്കുട്ടി വിലക്കേർപ്പെടുത്തി. പൊതുജനങ്ങളും സംഘാടകരും മത്സരാർത്ഥികളും നദീതടങ്ങളിൽ പ്രവേശിക്കരുത്. പ്രദേശത്ത് തഹസിൽദാർ, പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ വിഭാഗങ്ങൾ കർശന നിയന്ത്രണം ഏർപ്പെടുത്തി. അടിയന്തര സാഹചര്യം നേരിടുന്നതിനായി ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.
കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടർ തുറന്നു
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കക്കയം ഡാമിന്റെ പരാമാവധി ജല സംഭര ശേഷി കഴിഞ്ഞതിനാൽ രണ്ടു ഷട്ടറുകളും തുറന്നു. 0.25 അടിയാണ് തുറന്നത്. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
വീടിനുമുന്നിലെ വെള്ളക്കെട്ടിൽ വീണ് രണ്ടുവയസുകാരൻ മരിച്ചു
കൊയിലാണ്ടി (കോഴിക്കോട്): ശക്തമായ മഴയിൽ കാപ്പാട് മുനമ്പത്ത് വീട്ടുമുറ്റത്തുണ്ടായ വെള്ളക്കെട്ടിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു. വലിയാണ്ടി നൗഷാദിന്റെയും (ഇച്ചായി) ഷംനയുടെയും മകൻ മാസിനാണ് മരിച്ചത്. ശനിയാഴ്ചയാണ് വെള്ളക്കെട്ടിൽ വീണത്. ആദ്യം സ്വകാര്യ ക്ളിനിക്കിലും പിന്നീട് മലബാർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. കനത്ത മഴയെ തുടർന്ന് റോഡിൽ നിന്ന് വെള്ളം വീട്ടുമുറ്റത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. കളിച്ചുകൊണ്ടിരിക്കെ മുറ്റത്തേക്കിറങ്ങിയപ്പോഴാണ് വെള്ളക്കെട്ടിൽ വീണത്. സഹോദരങ്ങൾ: മിൻഹാദ്, മെഹറിൻ (വിദ്യാർത്ഥികൾ). മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |