വ്യാപാരികളുടെ റിലേ നിരാഹാരം ഇന്ന് അവസാനിക്കും
കോഴിക്കോട്: പാളയം മാർക്കറ്റിൽ നിന്ന് കല്ലൂത്താൻകടവിൽ കോർപ്പറേഷൻ നിർമ്മിച്ച പുതിയ മാർക്കറ്റിലേക്ക് മാറില്ലെന്ന് ഉറച്ച് വ്യാപാരികൾ. പാളയം മാർക്കറ്റ് കെട്ടിടം അപകടാവസ്ഥയിലാണെന്ന് എൻ.ഐ.ടിയിലെ വിദഗ്ദ്ധർ കോർപ്പറേഷന് റിപ്പോർട്ട് നൽകിയിരിക്കെയാണിത്. അതേസമയം ഓണം കഴിഞ്ഞാൽ പാളയത്തെ 153 വ്യാപാരികളെ കല്ലൂത്താൻ കടവിലേക്ക് മാറ്റാനാണ് കോർപ്പറേഷൻ നീക്കം. ഇക്കാര്യം കൗൺസിൽ ചർച്ച ചെയ്തില്ല. വ്യാപാരികളെ ചർച്ചയ്ക്ക് വിളിച്ചിട്ടുമില്ല.കോർപ്പറേഷൻ മാർച്ച് ഉൾപ്പെടെ വ്യാപാരികൾ നടത്തിയ സമരത്തിൽ കോർപ്പറേഷൻ തീരുമാനം അനുകൂലമല്ലായിരുന്നു. മാർച്ച് മുതൽ വ്യാപാരികളിൽ നിന്ന് വാടക സ്വീകരിക്കുന്നുമില്ല. അതിനിടെ മാർക്കറ്റ് കാലാനുസൃതമായി നവീകരിച്ച് പാളയത്ത് നിലനിറുത്തണമെന്ന ആവശ്യം ശക്തമായി. ഇത് ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചുള്ള 48 മണിക്കൂർ റിലേ നിരാഹാരം ഇന്ന് വെെകിട്ട് സമാപിക്കും.
കല്ലൂത്താൻ കടവ് മാർക്കറ്റ് നിർമ്മിച്ചത് കെട്ടിടനിർമ്മാണ ചട്ടം ലംഘിച്ചാണെന്നാണ് പാളയത്തെ വ്യാപാരികൾ ആരോപിക്കുന്നത്. ജംഗ്ഷനിലെ 18 സെന്റ് സ്ഥലം ഏറ്റെടുത്ത് വീതികൂട്ടണമെന്നും പുതിയപാലം വരെ റോഡും വീതി കൂട്ടണമെന്നുമുള്ള വ്യവസ്ഥ പാലിച്ചിട്ടില്ല. സാധനങ്ങൾ പ്രദർശിപ്പിച്ച് വിൽക്കാവുന്ന തരത്തിലല്ല കല്ലൂത്താൻകടവ് മാർക്കറ്റെന്നും അവർ ആരോപിക്കുന്നു. അതേസമയം പാളയം മാർക്കറ്റ് പരിപാലിക്കാനും വികസിപ്പിക്കാനും ഒരു നടപടിയുമെടുത്തില്ലെന്നും പറയുന്നു. കല്ലൂത്താൻകടവ് മാർക്കറ്റ് നിർമ്മാണത്തിനും മറ്റും ചെലവായത് 100 കോടി രൂപയാണ്. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒമ്പത് മാസമായി. വ്യാപാരികൾ ഹെെക്കോടതിയിൽ ഹർജി നൽകിയതോടെ പ്രശ്നം നിയമക്കുരുക്കിലാണ്.
വ്യാപാരികളുടെ ആവശ്യം
പാളയം മാർക്കറ്റ് നിലനിറുത്തുക
ലെെസൻസ് പുതുക്കി നൽകുക
കൃത്യമായി വാടക സ്വീകരിക്കുക
കോർപ്പറേഷൻ പറയുന്നത്
30 വർഷം മുമ്പ് കൗൺസിൽ അംഗീകരിച്ച പദ്ധതിയാണിത്. ഒരു വർഷം മുമ്പാണ് പ്രതിഷേധമുയർന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടന്ന ചർച്ചയിൽ പാളയത്തെ ഫുട്പാത്ത് കച്ചവടക്കാർക്ക് പുനരധിവാസം ഉറപ്പുനൽകിയിരുന്നു. ലൈസൻസുള്ള കച്ചവടക്കാരെയെല്ലാം പുതിയ കെട്ടിടത്തിലേക്ക് മാറ്റും.
കല്ലുത്താൻകടവ് മാർക്കറ്റ്
ഉദ്ഘാടനം ചെയ്തത് 2025 ഒക്ടോബറിൽ
ചെലവ് ഫ്ളാറ്റ് ഉൾപ്പെടെ 100 കോടി
പാളയം മാർക്കറ്റ് നവീകരിക്കണം. ഇതിനുള്ള പദ്ധതി കോർപ്പറേഷനുണ്ടെങ്കിൽ പിന്തുണയ്ക്കും.
ഫെെസൽ ബാബു, എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |