സുൽത്താൻബത്തേരി: പതിവ് തെറ്റിക്കാതെ പതിനാറാംവർഷവും ഓണക്കിറ്റുമായി കുഞ്ഞുമുഹമ്മദ് എത്തി. കിടപ്പു രോഗികൾക്കും നിരാലംബർക്കുമാണ് പതിനൊന്നു കൂട്ടങ്ങൾ അടങ്ങിയ ഓണക്കിറ്റ് സാമൂഹ്യ പ്രവർത്തകനായ ചെതലയം സ്വദേശി തോട്ടക്കര കുഞ്ഞുമുഹമ്മദ് ഇത്തവണയും എത്തിച്ചു നൽകിയത്.
അരി, പഞ്ചസാര, ചായപ്പൊടി, പായസക്കിറ്റ്, പച്ചക്കറിയടക്കം പതിനൊന്ന് സാധനങ്ങൾ അടങ്ങിയ ഓണക്കിറ്റാണ് ചെതലയം ആറാംമൈൽ പ്രദേശങ്ങളിലെ ഊരുകളിലെ വീടുകളിൽ കഴിയുന്ന കിടപ്പുരോഗികൾക്കും എത്തിച്ചു നൽകിയത്. സുഹൃത്തുക്കളുടെ സഹായത്താൽ നാൽപ്പത്തിയെട്ട് കിറ്റുകളാണ് ഇത്തവണ നൽകുന്നത്. എല്ലാവരുടെയും അടുക്കൽ ഇരുന്ന് വിശേഷങ്ങൾ ചോദിച്ചും സമാധാനിപ്പിച്ചുമാണ് കുഞ്ഞുമുഹമ്മദ് മടങ്ങുന്നത്.
പ്രകൃതി ദുരന്തം വയനാടിനെ പിടിച്ചുലച്ചപ്പോഴും പാവങ്ങൾക്കും നിരാലംബർക്കും ഓണക്കിറ്റ് എത്തിച്ച് കൊടുക്കുന്നകാര്യത്തിൽ കുഞ്ഞുമുഹമ്മദ് മുടക്കം വരുത്തിയിട്ടില്ല. ഓണത്തിന് മാത്രമല്ല പെരുന്നാളിനും മുടക്കം കൂടാതെ കുഞ്ഞുമുഹമ്മദിന്റെ സഹായം പാവപ്പെട്ടവരിലേക്ക് എത്താറുണ്ട്. സാധാരണക്കരനായ കുഞ്ഞുമുഹമ്മദ് മറ്റുള്ളവരുടെ കാരുണ്യത്താൽ ലഭിക്കുന്ന സഹായമാണ് പാവങ്ങൾക്കായി നൽകുന്നത്. ആദ്യം ഗോത്ര ഉന്നതികളിലെ ആളുകൾക്കായിരുന്നു സഹായം നൽകി വന്നിരുന്നത്. പിന്നീട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പെട്ട പാവങ്ങൾക്കും സഹായം നൽകി.
സാമൂഹ്യ പ്രവർത്തകനായ കുഞ്ഞുമുഹമ്മദ് മൂന്ന് പതിറ്റാണ്ടായി പാവപ്പെട്ടവർക്ക് വേണ്ടി സേവനം ചെയ്തുവരികയാണ്. ഭക്ഷധാന്യ കിറ്റ് മാത്രമല്ല കുഞ്ഞുമുഹമ്മദിന്റെ സേവന പ്രവർത്തനം. എല്ലാ അദ്ധ്യായന വർഷവും ഗോത്ര വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും എത്തിച്ചു നൽകുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |