കൽപ്പറ്റ: നാടും നഗരവും ഇപ്പോൾ ഓണത്തിരക്കിൽ. തക്കം നോക്കി കവർച്ചക്കാരും. സ്വർണാഭരണങ്ങൾ പൊട്ടിക്കുന്ന ഒരു വലിയ സംഘം തന്നെ വയനാട്ടിൽ ഇറങ്ങിയിട്ടുണ്ട്. അവരിൽ ഏഴുപേർ ഇപ്പോൾ അഴിക്കുളളിലാണ്. മാല പൊട്ടിക്കലാണ് മുഖ്യ അജണ്ട. തിരക്കുളള ഇടങ്ങളാണ് ഇവരുടെ മേച്ചിൻപുറങ്ങൾ. അയൽ സംസ്ഥാനങ്ങളിൽ നിന്നുളള സ്ത്രീകളാണ് മാല പൊട്ടിക്കലുമായി രംഗത്തുളളത്. കഴുത്തിലണിഞ്ഞ മാലകളിലാണ് ഇവരുടെ നോട്ടം. മന:പൂർവം തിക്കും തിരക്കുമുണ്ടാക്കി ശ്രദ്ധതിരിപ്പിച്ചാണ് കവർച്ച. തിരക്കുളള പ്രിയദർശിനി ബസുകൾ, ബസ് സ്റ്റാൻഡുകൾ, വ്യാപാര സ്ഥാപനങ്ങൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം തസ്ക്കര സംഘമുണ്ട്. വേഷത്തിലും ഭാവത്തിലും കേമികൾ. കവർച്ചയുടെ എല്ലാ മുറകളും അഭ്യസിച്ചവർ. നിമിഷ നേരം കൊണ്ട് കവർച്ച നടത്തി രക്ഷപ്പെടും. ഇവരെ നിരീക്ഷിച്ച് കൊണ്ട് സംഘത്തിലെ പുരുഷന്മാരും ഒപ്പമുണ്ടാകും. കവർച്ച നടത്തിയ സ്വർണാഭരണങ്ങൾ പുരുഷന്മാർക്ക് നിമിഷ നേരം കൊണ്ട് തന്നെ കൈമാറും.പിന്നെ, മിന്നൽപ്പിണർ വേഗത്തിൽ അതുമായി രക്ഷപ്പെടൽ. വയനാട്ടിൽ പലയിടങ്ങളിലായി വീടുകൾ വാടകയ്ക്കെടുത്താണ് ഇവർ കവർച്ചയ്ക്കിറങ്ങുന്നത്. സ്വർണം ധരിച്ചെത്തുന്ന പ്രായമായവരെയാണ് ഇവർ അധികവും ഉന്നംവയ്ക്കുന്നത്.
കഴിഞ്ഞ ദിവസം അമ്മായിപ്പാലത്ത് നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് ട്രാൻസ്പോർട്ട് ബസിൽ യാത്ര ചെയ്ത നെന്മേനി സ്വദേശിനിയുടെ മൂന്ന് പവന്റെ മാലയും ഒരു ഗ്രാം താലിയും അടങ്ങിയ ആഭരണം കവർച്ച ചെയ്തിരുന്നു. 3,82,00 രൂപയോളം വില വരും. ബത്തേരിയിൽ എത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. പൊലീസ് നടത്തിയ അതിവിദഗ്ദ്ധമായ അന്വേഷണത്തിൽ മീനങ്ങാടിയിൽ വച്ച് പ്രതികളായ മധുര സ്വദേശിനി ഈശ്വരി(47),അളകനല്ലൂർ സ്വദേശിനി കണ്ണകി എന്ന അർച്ചന(30) എന്നിവരെ പിടികൂടി. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതികളായ എം.രവി,മാരിമുത്തു എന്നിവരെ പിടികൂടിയത്. കവർച്ച നടത്തുന്ന സർണാഭരണങ്ങൾ വിൽപ്പന നടത്തി തുക വീതംവയ്ക്കുകയാണ് സംഘം ചെയ്യുന്നത്.
#
തിക്കും തിരക്കുമുളള ഇടങ്ങളിലെത്തുമ്പോൾ പ്രത്യേകം ശ്രദ്ധ വേണം. സംശയം തോന്നുന്നവരെ കണ്ടാൽ പൊലീസിനെ വിവരം അറിയിക്കണം.
-ദേവ് മനോഹർ
ജില്ലാ പൊലീസ് മേധാവി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |