SignIn
Kerala Kaumudi Online
Sunday, 30 August 2026 4.09 AM IST

മണ്ണറിഞ്ഞ് വിത്തിടാൻ ഇനി ഗോത്ര പെൺകൂട്ടായ്മ

vayal
പട്ടിയമ്പം പാടശേഖരത്തിലിറങ്ങിയ ടാസ്ക്ഫോഴ്സ് അംഗങ്ങൾ

ഗോത്രവർഗസ്ത്രീ ടാസ്‌ക് ഫോഴ്സുമായി നെന്മേനി ഗ്രാമപഞ്ചായത്ത്

സുൽത്താൻ ബത്തേരി: കാർഷിക മേഖലയിൽ ഇനി അന്യസംസ്ഥാന തൊഴിലാളികൾ ഇല്ലെങ്കിലും ഭയപ്പെടേണ്ട. ഗോത്ര പെൺകുട്ടായ്മ ടാസ്‌ക് ഫോഴ്സ് റെഡി. നെൽകൃഷിക്ക് ആളെ കിട്ടാതെ പ്രതിസന്ധിയിലാകുന്ന കർഷകർക്ക് പ്രതീക്ഷയുടെ വെളിച്ചമായാണ് ഈ പെൺകൂട്ടായ്മയുടെ കടന്നു വരവ് . അന്യസംസ്ഥാന തൊഴിലാളികളുടെ അശാസ്ത്രീയമായ നടീൽ രീതികൾക്ക് തടയിടാൻ നെൽകർഷകയായ തങ്കമണിയുടെ നേതൃത്വത്തിൽ നെന്മേനി പഞ്ചായത്തിൽ നടത്തിയ ഗോത്രവർഗസ്ത്രീകളുടെ ടാസ്‌ക് ഫോഴ്സ് പരീക്ഷണം വൻ വിജയമായിരിക്കുകയാണ്.

നെന്മേനി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ബിന്ദു അനന്തനാണ് ടാസ്‌ക് ഫോഴ്സ് എന്ന ആശയം മുന്നോട്ടുവെച്ചത്. ചുളളിയോട് അമ്പലക്കുന്ന് പണിയ ഊരിലെ 11 ഗോത്രവനിതകൾ ചേർന്നാണ് പട്ടിയമ്പം പാടശേഖരത്തിൽ നാട്ടിപ്പണിക്കിറങ്ങിയത്. വയനാടൻ പരമ്പരാഗത നെല്ലിനമായ കുള്ളൻതൊണ്ടിയാണ് നട്ടത്. നാലേക്കർ വയൽ ടാസ്‌ക് ഫോഴ്സ് വെറും രണ്ട് ദിവസം കൊണ്ടാണ് നട്ടുതീർത്തത്.


കൃഷി ചെലവ് കുറയ്ക്കാം

അന്യ സംസ്ഥാന തൊഴിലാളികളുടെ അശാസ്ത്രീയ നടീൽരീതി കാരണം വലിയ സാമ്പത്തികനഷ്ടമാണ് ഉണ്ടാകാറുള്ളത്. ഒരേക്കർ നടാൻ 6200 രൂപയോളം നൽകണം.ഭീമമായ കൂലിച്ചെലവും അശാസ്ത്രീയരീതികളും ഒഴിവാക്കാൻ ടാസ്‌ക് ഫോഴ്സിലൂടെ സാധിക്കും.


നാടൻ കൃഷി രീതിയ്ക്ക് നവജീവൻ
പരമ്പരാഗതമായി കൃഷിപ്പണിയിൽ വൈദഗ്ദ്ധ്യമുള്ള ഗോത്രവനിതകൾക്ക് പദ്ധതിയിലൂടെ സ്ഥിരമായ വരുമാനമാർഗം കൈവന്നു.പണിയ ഊരുകളിലെ തൊഴിൽരഹിതരായ സ്ത്രീകൾക്ക് വലിയ ആശ്വാസമാണ് പദ്ധതി. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ടാസ്‌ക് ഫോഴ്സ് വിജയമായതോടെ അടുത്ത സീസണിൽ 200 ഏക്കറോളം വരുന്ന പട്ടിയമ്പം പാടശേഖരം പൂർണമായും ഗോത്രജനതയ്ക്ക് നാട്ടിപ്പണിക്കായി നൽകാനാണ് തീരുമാനം. വരുംവർഷങ്ങളിൽ ജില്ലയിലെ മറ്റു പാടശേഖരങ്ങളിലേക്കും മാതൃക വ്യാപിപ്പിക്കാനാണ് നീക്കം.
വയൽപ്പണിയിൽ വിദഗ്ദ്ധരാണ് ഗോത്രവർഗ വനിതകൾ. മണ്ണറിഞ്ഞ് വിത്തിടാൻ ഇവർക്കറിയാം. നെന്മേനി പഞ്ചായത്തിൽമാത്രം നൂറുകണക്കിന് ഗോത്രവനിതകളാണ് തൊഴിൽരഹിതരായുള്ളത്. നാട്ടിപ്പണിയുൾപ്പെടെ ലഭിക്കുന്നതോടെ ഒട്ടേറെ കുടുംബങ്ങൾക്ക് ആശ്വാസമാകും.

''വയൽപ്പണി ഞങ്ങൾക്ക് നന്നായറിയാം. ഞങ്ങൾക്ക് പണി കിട്ടാൻ അധികൃതർ അവസരമൊരുക്കണം ''

രാധാമണി, ടാസ്‌ക് ഫോഴ്സ് അംഗം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL