കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലെ ന്യൂ പാളയം മാർക്കറ്റിലേക്ക് പൂർണമായി മാറ്റാനുള്ള കോർപ്പറേഷൻ നീക്കം അനിശ്ചിതത്വത്തിൽ. വ്യാപാരികളെയും ട്രേഡ് യൂണിയൻ സംഘടനകളെയും ഉൾപ്പെടുത്തി ഇന്നലെ മേയറുടെ ചേംബറില്‍ നടന്ന യോഗത്തിൽ വെജിറ്റബിൾ മാർക്കറ്റ് കോ-ഓർഡിനേഷൻ കമ്മിറ്റി പ്രതിനിധികൾ പങ്കെടുത്തില്ല.
വ്യാപാരികളുമായി ധാരണയിലെത്തി പാളയം മാർക്കറ്റ് പൂർണമായി കല്ലുത്താൻകടവിലേക്ക് മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു യോഗം. എന്നാൽ സമരത്തിലില്ലാത്ത ചില സംഘടനകളെ മാത്രം യോഗത്തിലേക്ക് ക്ഷണിച്ചെന്നാരോപിച്ചാണ് കോ-ഓർഡിനേഷൻ കമ്മിറ്റി യോഗത്തിൽ നിന്നും വിട്ടു നിന്നത്. വിട്ടു നിന്നവരെ കേൾക്കാൻ സെപ്തംബര്‍ പത്തിന് പ്രത്യേക യോഗം ചേരും.
എന്നാൽ കഴിഞ്ഞ ദിവസം ഫോണിലൂടെ ചർച്ചയുടെ കാര്യം അറിയിച്ചതായും ഉച്ചക്ക് കോ-ഓഡിനേഷൻ കമ്മറ്റിക്ക് കത്ത് നൽകിയതായും മേയർ അറിയിച്ചു. കച്ചവടത്തിനായി താഴെ നിലയിൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് വ്യാപാരി വ്യവസായി സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. മുകളിലെ നിലകളിലെത്തി സാധനങ്ങൾ വാങ്ങാൻ ആളുകൾ മടിക്കും ഇത് കച്ചവടത്തെ ബാധിക്കും. അതിനാൽ താഴെ നിലയിലെ മുറികൾ കച്ചവടത്തിനായി അനുവദിച്ചാൽ കല്ലുത്താൻ കടവിലേക്ക് മാറാൻ തയ്യാറാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ മേയര്‍ ഒ.സദാശിവൻ അദ്ധക്ഷനായിരുന്നു. കെ. പ്രവീണ്‍കുമാര്‍ എം.എൽ.എ, ബി.ജെ.പി ജില്ല പ്രസിഡന്റ് പ്രകാശ് ബാബു, മുസാഫര്‍ അഹമ്മദ്, പി.നിഖില്‍, കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പാര്‍ട്ടി നേതാക്കളായ കെ.രാജീവ്, ഷമീല്‍ തങ്ങള്‍, എം.എസ് തുഷാര, മനക്കല്‍ ശശി എന്നിവര്‍ പങ്കെടുത്തു. കല്ലുത്താൻകടവിലെ ആധുനിക മാർക്കറ്റ് ഉദ്ഘാടനം ചെയ്ത് പത്ത് മാസം പിന്നിട്ടിട്ടും ഭൂരിഭാഗം കടമുറികളും അടഞ്ഞുകിടക്കുകയാണ്. പാളയം മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റുന്നതിനെ വലിയൊരു വിഭാഗം വ്യാപാരികൾ ഇപ്പോഴും അനുകൂലിക്കുന്നില്ല. പുതിയ സ്ഥലത്ത് കച്ചവടം കുറയുമെന്നും ഉപഭോക്താക്കൾ എത്താൻ മടിക്കുമെന്നുമാണ് വ്യാപാരികളുടെ പ്രധാന ആശങ്ക.
100 കോടിയുടെ മാർക്കറ്റ്; തുറന്നത് ഏതാനും കടകൾ
കല്ലുത്താൻകടവ് ഏരിയ ഡവലപ്‌മെന്റ് കമ്പനിയായ കാഡ്കോ നിർമിച്ച ന്യൂ പാളയം മാർക്കറ്റിന് ഏകദേശം 100 കോടി രൂപയാണ് ചെലവായത്. 370 കടമുറികളുള്ള മൂന്നുനില കെട്ടിടത്തിൽ താഴത്തെ നിലയിൽ മാത്രമാണ് ഏതാനും കടകൾ പ്രവർത്തിക്കുന്നത്. ലൈസൻസുള്ള 153 വ്യാപാരികളെ പുതിയ മാർക്കറ്റിൽ പുനരധിവസിപ്പിക്കാനായിരുന്നു കോർപ്പറേഷന്റെ പദ്ധതി. എന്നാൽ പല വ്യാപാരികളും കടമുറികൾ ഏറ്റെടുക്കാൻ തയ്യാറായില്ല. ചതുരശ്ര അടിക്ക് 80 രൂപയാണ് വാടക നിശ്ചയിച്ചിരിക്കുന്നത്. വ്യാപാരികളുമായി കൃത്യമായി ആലോചിക്കാതെയാണ് കെട്ടിടം നിർമിച്ചതെന്നും നിലവിലെ സാഹചര്യത്തിൽ കല്ലുത്താൻകടവിലേക്ക് മാറുന്നത് സാമ്പത്തികമായി തിരിച്ചടിയാകുമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |